|    May 30 Tue, 2017 12:39 pm
FLASH NEWS

കുട്ടനാടന്‍ മേഖലയില്‍ താറാവ് കൃഷി വീണ്ടും സജീവമാവുന്നു

Published : 21st March 2017 | Posted By: fsq

ഹരിപ്പാട്: പക്ഷിപ്പനി മൂലം നിര്‍ജ്ജീവമായ താറാവു കൃഷി ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി. കുട്ടനാടന്‍ താറാവുകള്‍ക്ക് പുറമെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള താറാവുകളും സുലഭമാണ്. കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളില്‍ കൂട്ടത്താറാവുകളെ തീറ്റയ്ക്കായി ഇറക്കല്‍ ആരംഭിച്ചു. നിരവധി സംഘങ്ങളാണ് പാടശേഖരങ്ങളില്‍ താറാവിന്‍ കൂട്ടങ്ങളുമായി എത്തിയിട്ടുള്ളത്. നിരണം താറാവുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും വിരിയിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പുറമെ അപ്പര്‍കുട്ടനാട്ടിലെ ചെന്നിത്തല, പള്ളിപ്പാട് ഉള്‍പ്പടെയുള്ള സ്വകാര്യ ഹാച്ചറികളില്‍ നിന്നും വിരിയിക്കുന്ന ചാര, ചെമ്പല്ലി ഇനങ്ങളിലുള്ള ആയിരക്കണക്കിനു കുഞ്ഞുങ്ങളെയാണ് വിരിയിച്ച് താറാവു വിപണി സജീവമാക്കിയിട്ടുള്ളത്.
ഇതിനു പുറമെ തമിഴ്‌നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കുഴിത്തല,ആറാണി ഇനങ്ങളില്‍ പെടുന്ന താറാവുകളും പ്രദേശത്ത് ധാരാളമായി ലഭിക്കും. കുട്ടനാട്ടിലെ മുട്ടത്താറാവുകള്‍ക്ക് 225 മുതല്‍ 250 വരെ രൂപക്ക് ലഭിക്കുമ്പോള്‍ ആറാണി, കുഴിത്തല  ഇനങ്ങളില്‍ പെട്ടതാറാവുകള്‍ക്ക് 140 രൂപയ്ക്ക് മുകളില്‍ വിലയില്ലെന്നും 40 വര്‍ഷത്തോളം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന കരുവറ്റ പുല്ലംഭാഗത്ത് കരിയില്‍ ചിത്രന്‍ പറയുന്നു. താറാവുകൃഷി ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നായിമാറിയിട്ടുമുണ്ട്. 1500 താറാവുകളുള്ള  ഒരു കര്‍ഷകന്‍ 180 കിലോ അരിയോ, ഗോതമ്പോ പ്രതിദിനം കണ്ടെത്തണം. ഇവയെതീറ്റുന്നതിന് രണ്ടാളിനെ വേണം. ഇന്നത്തെ സാഹചര്യത്തില്‍ അരി കിട്ടാനുള്ള സാധ്യത അടഞ്ഞു. ഗോതമ്പും കിട്ടാനില്ല. അരി കിലോയ്ക്ക് 45 മുതല്‍ 50 രൂപ വരെ കൊടുക്കണം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യഥേഷ്ടംതീറ്റപ്പന ലഭിക്കുമായിരുന്നെങ്കില്‍ ഇന്ന് അവ ഓര്‍മ്മ മാത്രമായി. പാടശേഖരങ്ങളില്‍ നിന്നും പമ്പിങിലൂടെ മല്‍സ്യം പിടിക്കുന്നത് നിരോധിച്ചതോടെ മയത്തീറ്റയ്ക്കുള്ള ചെറുമല്‍സ്യങ്ങളേയും കിട്ടാതായി. ഒരാള്‍ക്ക് ദിനംപ്രതി 700 രൂപ കൂലിയും ചിലവും നല്‍കിയെങ്കിലെ ഈ മേഖലയില്‍ തൊഴിലാളികളെ ലഭിക്കൂ എന്ന അവസ്ഥയാണ്. ഇവയൊക്കെ ഈ മേഖലയിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടുകയാണ്.  സീസണായാല്‍ 1500 താറാവുകള്‍ക്ക് ഏകദേശം 1100മുട്ടകള്‍ ശരാശരിലഭിക്കും. പക്ഷേ മുട്ട പരുവമാകുമ്പോഴേക്കും കര്‍ഷകന്‍ തീര്‍ത്തും കടക്കെണിയിലാകുകയും ചെയ്യും. വിളവെടുപ്പ് കാലമാകുമ്പോഴേക്കും താറാവു കൃഷി മേഖലയില്‍ ഏതാനും വര്‍ഷങ്ങളായി മാഫിയകള്‍ തലപൊക്കുകയാണെന്നും ഇതിനു മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്. വന്‍തോതില്‍ കുഞ്ഞുങ്ങളെ വിരിയിച്ച് സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത തരത്തിലാണ് കൂട്ടിലിടുന്നത്. 10000 മുതല്‍ 25000 കുഞ്ഞുങ്ങളെവരെഒരുകൂട്ടില്‍ നിക്ഷേപിക്കും. മതിയായ ഓക്‌സിജന്‍ കിട്ടാതെയും വെള്ളംലഭിക്കാതെയും ഇവകള്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങുന്നതോടെ ഒടുവില്‍ അനധികൃത ഇടപെടല്‍ വഴി പക്ഷിപ്പനിയായി പ്രഖ്യാപിക്കുകയും കൂട്ടത്തോടെ കൊന്നൊടുക്കുകയുംചെയ്യും. അനധികൃത ഇടപെടലിലൂടെ മാഫിയകള്‍ ഈ മേഖലയില്‍ വന്‍തോതില്‍ നേട്ടം കൊയ്യുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. ആയിരം മുതല്‍ അയ്യായിരം വരെതാറാവുകളുള്ള കര്‍ഷകരാണ് ജില്ലയിലുള്ളത്. ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയും നിയമവിരുദ്ധ ഇടപെലുകള്‍ ഒഴിവാക്കിയും താറാവു കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഒപ്പം താറാവുകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ അരിയും ഗോതമ്പും ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day