|    Nov 17 Sat, 2018 9:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടുംബാംഗങ്ങളുടെ കൊലപാതകം ആസൂത്രിതം

Published : 2nd August 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍

മുണ്ടന്‍മുടി (ഇടുക്കി): കുടുംബാംഗങ്ങളെ ഒന്നടങ്കം കൊലപ്പെടുത്തി കുഴിച്ചുമൂടിയത് കൃത്യമായ ആസൂത്രണങ്ങള്‍ക്കു ശേഷമെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നേരിട്ടു കൃത്യത്തില്‍ ഇടപെടാതെ പ്രഫഷനല്‍ കൊലയാളികളെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കൊലപാതകത്തിന്റെ സ്വഭാവത്തില്‍ നിന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
കൊല്ലപ്പെട്ട മുണ്ടന്‍മുടി കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരുടെ ശരീരത്തില്‍ കൊലപ്പെടുത്തുക എന്നു തീരുമാനിച്ചുറച്ച രീതിയിലുള്ള പരിക്കുകളാണ് കണ്ടെത്തിയത് എന്നതാണ് പ്രഫഷനല്‍ കൊലയാളികളാണു പിന്നിലെന്ന് കരുതാന്‍ പോലിസിനെ പ്രേരിപ്പിക്കുന്നത്. കൃഷ്ണന്റെ വീട്ടില്‍ നിരവധി തവണ എത്തിയവരും കൊലയാളി സംഘത്തിന്റെ കൂടെയുണ്ടായിരുന്നെന്നു കരുതുന്നു. വീടിനു പിന്നില്‍ ആട്ടിന്‍കൂടിന് അടുത്തുള്ള കുഴി വൃസ്തൃതപ്പെടുത്തിയിട്ടേയുള്ളൂ. വളരെ ഇടുങ്ങിയ കുഴിയില്‍ നാലുപേരെയും ഒന്നിനുമീതെ ഒന്നായിട്ടാണ് ഇട്ടിരുന്നത്. വലിച്ചുകൊണ്ടുവന്ന ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഒരാള്‍ക്കു മാത്രമായി എടുത്ത് ഉയര്‍ത്താനുള്ള ശാരീരിക പ്രകൃതിയല്ല മൃതദേഹങ്ങള്‍ക്കുള്ളതും. പോലിസ് നടത്തിയ പരിശോധനയില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക, കത്തി, കുഴിച്ചുമൂടാനെടുത്ത തൂമ്പ തുടങ്ങിയവ കണ്ടെടുത്തു. ഫോറന്‍സിക് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, കൃഷ്ണന് ശത്രുക്കള്‍ ഉള്ളതായി ആര്‍ക്കും അറിവുമില്ല. പണിമടപാടുമായി ബന്ധപ്പെട്ട് കാളിയാര്‍ പോലിസെടുത്ത കൃഷ്ണനെതിരേയുള്ള കേസ് വളരെ നാളുകള്‍ക്കു മുമ്പേ പരിഹരിച്ചിരുന്നു. മന്ത്രവാദവും പൂജയുമൊക്കെ നടത്താന്‍ ആഡംബര വാഹനങ്ങളില്‍ അടക്കം കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നവരെ കുറിച്ചാണ് പോലിസ് പ്രാഥമികമായി അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ കൃഷ്ണന്റെ മൊബൈലിലേക്കും തിരികെയും എത്തിയ ഫോണ്‍ കോളുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം. കൊലപാതകം എന്ന്, എപ്പോള്‍ നടന്നു എന്ന കൃത്യമായ വിവരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂ എന്നതും കനത്ത മഴയില്‍ പുരയിടത്തിനു സമീപത്തെ തെളിവുകള്‍ ഇല്ലാതായെന്നുമുള്ള പ്രതിസന്ധി അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ഇത്തവണ ഇയാളെ വച്ച് അവന്‍മാരെ ഇല്ലാതാക്കണമെന്നു”മന്ത്രവാദത്തിനെത്തിയ ഒരു സംഘം പറയുന്നത്, ഒരിക്കല്‍ കൃഷ്ണന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ടതായി സഹോദരന്‍ യജ്ഞേശ്വരന്‍ പറയുന്നു. എന്നാല്‍, ആഡംബര വാഹനത്തിലെത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ കാലയളവോ അദ്ദേഹത്തിന് ഓര്‍ത്തെടുക്കാനായില്ല.
പ്രദേശത്തുള്ള പലരില്‍ നിന്നും കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ കിട്ടാന്‍ പോലിസ് വിവരങ്ങള്‍ ശേഖരിച്ചുവരുയാണ്. വീട്ടില്‍ ഉണ്ടായിരുന്ന രണ്ട് ആടുകള്‍ അഴിച്ചുവിട്ട നിലയിലായിരുന്നു. കൃത്യം നടന്ന വീടിന്റെ ഹാളില്‍ നിറയെ വെള്ളം കോരി ഒഴിച്ചിരുന്നു. മല്‍പ്പിടിത്തം നടന്നതായ ലക്ഷണങ്ങളില്ല. എന്നാല്‍, സിറ്റൗട്ടിലെ കതകിനു മുകളില്‍ കോണ്‍ക്രീറ്റിനോട് ചേര്‍ന്ന് രക്തം കണ്ടെത്തിയിട്ടുണ്ട്. ഒട്ടും ധൃതിപിടിക്കാതെയും കണക്കുകൂട്ടലുകള്‍ തെറ്റാതെയും നാലുപേരെയും കൊലപ്പെടുത്തി കുഴിച്ചുമൂടാന്‍ പ്രഫഷനല്‍ കൊലയാളികള്‍ക്കു മാത്രമേ കഴിയൂ എന്ന നിഗമനത്തില്‍ പോലിസ് ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss