|    May 30 Tue, 2017 7:00 am
FLASH NEWS

കുടുംബസ്വത്ത് തര്‍ക്കം; കോടതി ഉത്തരവിനെ തുടര്‍ന്ന് വീടൊഴിപ്പിച്ചു

Published : 21st March 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: കോടതി ഉത്തരവിനെ തുടര്‍ന്ന് വീടൊഴുപ്പിച്ചു. കുടുംബ സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃ മാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസിലാണ് നിര്‍ധനരും നിരാശ്രയരുമായ പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ ഷാനവാസ് (14) എന്നിവര്‍ താമസിരിച്ച ഒറ്റമുറി വീട്ടില്‍ നിന്ന് ഇന്നലെ കുടിയൊഴിപ്പിച്ചത്.
മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത ഗര്‍ഭ പാത്രത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ചികില്‍സയിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലില്‍ കിടന്ന കിടക്കയോടെ പൊക്കിയെടുത്ത് പുറത്തിറക്കിയ കാഴ്ച കണ്ടു നിന്നവരെ കണ്ണീരാലാഴ്ത്തി. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സൈബയുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെ വസ്ത്രങ്ങളുമെല്ലാം പുറത്താക്കി. ഇനി എങ്ങോട്ട് എന്നറിയാതെ പെരുവഴിയിലായിരിക്കുകയാണ് അമ്മയും മകളും. ഇവര്‍ക്ക് താമസിക്കാന്‍ വീടോ മറ്റു സ്ഥലമോ ഇല്ല. കഴിഞ്ഞ ദിവസമാണ് ഇവരെ ഒഴിപ്പിക്കാന്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി പ്രസൂല്‍ മോഹന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു.
പലകകളും തുണി ഉപയോഗിച്ചും മറച്ച വീട്. ഒരുവശത്ത് ഒരാള്‍ക്ക് മാത്രം നില്‍ക്കാന്‍ കഴിയുന്ന അടുക്കള. ഒമ്പതാം ക്ലാസുകാരിക്ക് ഇരുന്ന പഠിക്കാന്‍ കസേരയോ മേശയോ ഇല്ല. ഇതു കണ്ട് മടങ്ങിയ പോലിസ് ഇവരുടെ ദയനീയാവസ്ഥ കാട്ടി ശനിയാഴ്ച കോടതിക്കു റിപോര്‍ട്ട് നല്‍കി. എന്നാല്‍ ഇന്നലെ കാഞ്ഞിരപ്പള്ളി എസ്‌ഐയെ കോടതയില്‍ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നിനു മുമ്പ് അമ്മയെയും മകളെയും ഒഴിപ്പിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് 12ഓടെ വനിതാ പോലിസുകാരടങ്ങുന്ന സംഘം സ്ഥലത്തെത്തി. ഒറ്റമുറി വീട്ടിലിലെ കട്ടിലില്‍ നിന്നു ബബിത എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊക്കിയെടുത്ത് വെളിയിലാക്കി. പഠിക്കാന്‍ മിടുക്കിയായ സൈബ ക്ലാസില്‍ രണ്ടാം സ്ഥാനക്കാരിയാണ്. ഭര്‍ത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒന്നര സെന്റ് സ്ഥലവും ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതി കൊടുത്തു. ഇതേ തുടര്‍ന്നാണ് തര്‍ക്കങ്ങളും കേസുകളും ഉടലെടുത്തത്.
തനിക്ക് സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ബബിതയ്ക്ക് 3.9 ലക്ഷം രൂപ നല്‍കാനും കുടുംബ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ ഭര്‍തൃവീട്ടുകാര്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day