|    Dec 13 Wed, 2017 6:39 pm
FLASH NEWS

കുടുംബശ്രീ സിഡിഎസുകളില്‍ കോഴിവളര്‍ത്തല്‍ യൂനിറ്റ് തുടങ്ങുന്നു

Published : 6th December 2017 | Posted By: kasim kzm

കല്‍പ്പറ്റ: കോഴിവിപണിയിലെ വിലക്കയറ്റം തടയുക, സുരക്ഷിത കോഴിയിറച്ചി ജനങ്ങളില്‍ എത്തിക്കുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് അധികവരുമാനം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലയില്‍ കുടുംബശ്രീ ചിക്കന്‍ വരുന്നു.
കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലും കോഴിവളര്‍ത്തല്‍ യൂനിറ്റുകള്‍ ആരംഭിക്കും. ഉല്‍പാദിപ്പിക്കുന്ന കോഴികളെ കുടുംബശ്രീ ചിക്കന്‍ എന്ന പേരില്‍ ജില്ലയില്‍ തന്നെ വിപണനം ചെയ്യും. രണ്ടു കാറ്റഗറികളായാണ് പദ്ധതി നടപ്പാക്കുക. നിലവിലെ പഞ്ചായത്ത് രാജ് മാനദണ്ഡ പ്രകാരം ആയിരം കോഴികളെ വളര്‍ത്തുന്ന വ്യക്തിഗത സംരംഭങ്ങളാണ് ഒന്നാമത്തെ കാറ്റഗറിയില്‍. നിലവില്‍ ആയിരം കോഴികളെ വളര്‍ത്തുന്നതിന് സൗകര്യമുള്ള കുടുംബശ്രീ അംഗങ്ങളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക.
ഒരു സിഡിഎസ് പരിധിയിലുള്ള നാലുപേര്‍ ചേര്‍ന്നുള്ള പ്രത്യേക സിഐജി ഗ്രൂപ്പുകളായിട്ടാണ് രണ്ടാമത്തെ കാറ്റഗറിയിലുള്ളവര്‍ പ്രവര്‍ത്തിക്കുക. ഇറച്ചിക്കോഴി വളര്‍ത്താന്‍ താല്‍പര്യമുള്ള, വീടുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 15 സെന്റ് സ്ഥലം ലഭ്യമാക്കാന്‍ കഴിയുന്ന അംഗങ്ങളെ പരിഗണിക്കും. അംഗങ്ങളോരോരുത്തരും 250 കോഴികളെ വീതം വളര്‍ത്തണം.
സംരംഭകര്‍ക്കു ജില്ലാ മിഷന്‍ ഒരുലക്ഷം രൂപ വീതം അനുവദിക്കും. പരിശീലനങ്ങള്‍, എക്‌സ്‌പോഷര്‍ വിസിറ്റ് എന്നിവ ജില്ലാ മിഷന്‍ നേരിട്ടു നല്‍കും. വിപണി കണ്ടെത്തതുന്നതിനായി കുടുംബശ്രീ ജില്ലയില്‍ ആദ്യഘട്ടത്തില്‍ 10 മാംസ വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കും. കൂടാതെ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി വഴി കോഴിക്കുഞ്ഞുങ്ങളെ നല്‍കും. മാംസ സംസ്‌കരണത്തിന് പ്രായമാവുമ്പോള്‍ തിരിച്ചു ബ്രഹ്മഗിരിക്ക് നല്‍കി വിപണി ഉറപ്പുവരുത്താനുള്ള സംവിധാനവുമുണ്ട്. പദ്ധതി തുടങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് അതത് സിഡിഎസുകളില്‍ അപേക്ഷ നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക