|    Nov 17 Sat, 2018 2:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുടുംബശ്രീ സമാനതകളില്ലാത്ത സ്ത്രീ ശാക്തീകരണ പ്രസ്ഥാനം: മന്ത്രി

Published : 18th May 2018 | Posted By: kasim kzm

കോഴിക്കോട്: കുടുംബശ്രീ സമാനതകളില്ലാത്ത സ്ത്രീശാക്തീകരണ പ്രസ്ഥാനമാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍. കോഴിക്കോട് സ്വപ്‌നനഗരിയില്‍ കുടുംബശ്രീ 20ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിപിടിച്ച അടുക്കളയുടെ മങ്ങിയ വെളിച്ചത്തില്‍ നിന്ന് സ്ത്രീകളെ സമൂഹനേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. ഇന്ന് 43 ലക്ഷം പേര്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.
കുടുംബശ്രീ വഴി ഉപജീവനം നടത്തുന്ന പത്തു ലക്ഷം കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ട്. ചിലര്‍ കുടുംബശ്രീ എന്ന ആനയ്ക്കു പകരം കുഴിയാനയെ കൊണ്ടുവന്നെങ്കിലും അതെല്ലാം പരാജയപ്പെട്ടു. കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ 20 വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തി. ഇതെല്ലാം കുടുംബശ്രീയുടെ അജയ്യതക്ക് തെളിവാണ്. കുടുംബശ്രീയിലൂടെ 20 പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന ബജറ്റില്‍ 200 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ സ്ത്രീകള്‍ കൂടുതലായി കുടുംബശ്രീയിലേക്ക് കടന്നുവന്നാല്‍ കൂടുതല്‍ ആധുനിക രീതിയിലുള്ള നൂതന സംരംഭങ്ങള്‍ തുടങ്ങാനാവും. ഒരു കോടി സ്ത്രീകളെ കുടുംബശ്രീ അംഗങ്ങളാക്കാന്‍ ശ്രമം നടത്തണമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ വോളന്റിയര്‍മാരിലൂടെ നടപ്പാക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ‘ഹര്‍ഷം’ വയോജന പരിപാലന പദ്ധതിയുടെയും കുടുംബശ്രീയുടെ കഥ പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ ഹര്‍ഷം വോളന്റിയര്‍മാര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുടുംബശ്രീ സിഡിഎസുകള്‍ക്ക് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ട്രോഫികള്‍ നല്‍കി.
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ, ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം നോര്‍ത്ത്, തൃശൂര്‍ നടത്തറ സിഡിഎസുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്. ഒന്നാം സ്ഥാനക്കാര്‍ക്ക് രണ്ടര ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ടു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷവും സമ്മാനത്തുക ലഭിച്ചു.
മികച്ച പ്രവര്‍ത്തനത്തിനു സ്‌പെഷ്യല്‍ ജൂറി പ്രൈസ് നേടിയ എറണാകുളം കവളങ്ങാട്, മലയാറ്റൂര്‍, ഇടുക്കി നെടുങ്കണ്ടം, തൃശൂര്‍ ചാവക്കാട്, ആലപ്പുഴ കഞ്ഞിക്കുഴി, പത്തനംതിട്ട മലയാലപ്പുഴ, പാലക്കാട് ആലത്തൂര്‍, കാസര്‍കോട് കിനാനൂര്‍ കരിന്തളം എന്നീ സിഡിഎസുകള്‍ക്കും ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, എംഎല്‍എമാരായ ഇ കെ വിജയന്‍, പുരുഷന്‍ കടലുണ്ടി, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, എം കെ രമ്യ, പി സി കവിത സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss