|    Feb 25 Sat, 2017 7:34 pm
FLASH NEWS

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വിപണന സൗകര്യം; ഗ്രാമച്ചന്തകളുമായി നബാര്‍ഡ്

Published : 25th October 2016 | Posted By: SMR

കല്‍പ്പറ്റ: കുടുംബശ്രീ സംരംഭകര്‍ വിപണന രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ മേഖലകളിലായി അഞ്ഞൂറിലധികം സംരംഭങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള കുത്തക ഉല്‍പന്നങ്ങളുമായി മല്‍സരിക്കേണ്ടതിനാല്‍ സ്ഥിരമായ വിപണി ലഭിക്കുന്നില്ലെന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. മികച്ച പാക്കിങും ലേബലുമായി വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ പരസ്യങ്ങളിലൂടെയും മറ്റും വിപണി കൈയടക്കുമ്പോള്‍ ഗുണമേന്മയുള്ള കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പിന്തള്ളപ്പെടുകയാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് ജില്ലയില്‍ നബാര്‍ഡ് ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരിക്കും ഇവ ആരംഭിക്കുക. ഒരു ഗ്രാമച്ചന്തയുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 10 ലക്ഷം രൂപയോളം നബാര്‍ഡ് ഗ്രാന്റായി അനുവദിക്കും. ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ 500 മുതല്‍ 750 സ്‌ക്വയര്‍ മീറ്റര്‍ വരെ സ്ഥലം വിട്ടുനല്‍കണം. വില്‍പന നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോം, പൂര്‍ണമായതോ ഭാഗികമായതോ ആയ മേല്‍ക്കൂര, ചുറ്റുമതില്‍, കുടിവെള്ളം, ശൗച്യാലയം, അഴുക്കുചാല്‍, സൗരവിളക്ക് എന്നിവ ഗ്രാമച്ചന്തകളുടെ ഭാഗമായി സ്ഥാപിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. പദ്ധതിയുടെ 95 ശതമാനം തുകയാണ് ഗ്രാന്റായി അനുവദിക്കുക. ആദ്യത്തെ മൂന്നു വര്‍ഷം സര്‍ക്കാര്‍ സഹായത്തോടെയും തുടര്‍ന്ന് സംരംഭകരില്‍ നിന്നു മാര്‍ജിന്‍ മണി ഈടാക്കിയുമാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഗ്രാമച്ചന്തകള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ ബോര്‍ഡ് തീരുമാനം സഹിതം ജില്ലാ മിഷനില്‍ അറിയിക്കണം.ഇതു കൂടാതെ സ്ഥിര വരുമാനമുറപ്പാക്കുന്ന നവീന സംരംഭ മേഖലകളില്‍ കുടുംബശ്രീ അംഗങ്ങളെ പങ്കാളികളാക്കുന്നതിനും നബാര്‍ഡ് പിന്തുണ നല്‍കും. തേനീച്ച വളര്‍ത്തല്‍, റാഗി, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങളുടെ കൃഷി, ആന്തൂറിയം കൃഷി, സുഗന്ധദ്രവ്യ നഴ്‌സറി യൂനിറ്റ്, ധാന്യ സംസ്‌കരണ യൂനിറ്റ് തുടങ്ങി കുറഞ്ഞ അളവ് ജലം ആവശ്യമായ കൃഷിരീതികളിലും സംരംഭങ്ങളിലും ഏര്‍പ്പെടുന്ന കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പരിശീലനവും സാമ്പത്തിക പിന്തുണയും നബാര്‍ഡ് നല്‍കും. ഈ ഉല്‍പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പദ്ധതിയും കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് നടപ്പാക്കും.പദ്ധതി സംബന്ധിച്ച് വിശദീകരിക്കുന്നതിനായി നടത്തിയ ശില്‍പശാല നബാര്‍ഡ് എജിഎം എന്‍ എസ് സജികുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ എ ഹാരിസ്, ജില്ലാ കണ്‍സള്‍ട്ടന്റ് കെ എ സുഹൈല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക