|    Oct 24 Wed, 2018 6:36 am
FLASH NEWS

കുടുംബശ്രീ വഴി എല്ലാ പഞ്ചായത്തുകളിലും തൊണ്ടുതല്ലല്‍ യൂനിറ്റ് ആരംഭിക്കും: ധനമന്ത്രി

Published : 14th May 2017 | Posted By: fsq

 

ആലപ്പുഴ: കുടുംബശ്രീവഴി എല്ലാ പഞ്ചായത്തുകളിലും തൊണ്ടുതല്ലല്‍ യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കയര്‍ വികസന വകുപ്പ് ആലപ്പുഴയില്‍ ആരംഭിച്ച കയര്‍ ജിയോടെക്‌സ്റ്റയില്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീവഴി 1000 തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. അതിനുള്ള യന്ത്രങ്ങള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ കയര്‍ യന്ത്രനിര്‍മാണ ഫാക്ടറിക്ക് നല്‍കിക്കഴിഞ്ഞു. യന്ത്രം സൗജന്യമായി നല്‍കും. ഉത്പാദിപ്പിക്കുന്ന ചകിരിയും ചകിരിച്ചോറും സംഭരിക്കും. ഇതുവഴി കയര്‍മേഖലയില്‍ കുടൂതല്‍ തൊഴില്‍ ലഭിക്കും. ചകിരിപിരിയ്ക്കുന്നതിലൂടെ ലക്ഷംപേര്‍ക്ക് തൊഴില്‍ ലഭിക്കും. യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ദിവസം 400 രൂപയെങ്കിലും ലഭിക്കും. ഈ വര്‍ഷം സംസ്ഥാനത്തിന് ആവശ്യമായ ചകിരി ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കാനാവും. പണ്ട് കയറ്റുമതി ചെയ്യുന്ന കയറിന്റെ 99 ശതമാനം കേരളത്തില്‍നിന്നായിരുന്നുവെങ്കില്‍ ഇന്നത് 20 ശതമാനമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നവീകരിക്കുന്ന കുളങ്ങളും തോടുകളും വീണ്ടും ചെളിയടിഞ്ഞ് പഴയ അവസ്ഥയിലാകുന്ന സ്ഥിതിയുണ്ട്. ഇവ സംരക്ഷിക്കുന്നതിന് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുകയാണ് ലക്ഷ്യം. 100 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കും. കയര്‍ ഭൂവസ്ത്രം ശാസ്ത്രീയമായി വിതാനിക്കാനുള്ള പരിശീലനമാണ് സ്‌കൂള്‍ വഴി നല്‍കുകയെന്നും മന്ത്രി പറഞ്ഞു. കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, കയര്‍ യന്ത്രനിര്‍മാണ ഫാക്ടറി ചെയര്‍മാന്‍ കെ പ്രസാദ്, ഫോംമാറ്റിങ്‌സ് ചെയര്‍മാന്‍ അഡ്വ. കെ ആര്‍ ഭഗീരഥന്‍, കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എന്‍ സായികുമാര്‍, എസ് എല്‍ സജികുമാര്‍, വി എസ് മണി സംസാരിച്ചു. എന്‍സിആര്‍എംഐ ഡയറക്ടര്‍ ഡോ. കെ ആര്‍ അനില്‍ ക്ലാസെടുത്തു. 50 പേര്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിന്റെ പരിശീലനം മൂന്നുദിവസം നീളും.  വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകളോടൊപ്പം പ്രായോഗിക പരിശീലനം നല്‍കും. സ്‌കൂളിന്റെ മേല്‍നോട്ടം നാഷനല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും കയര്‍ഫെഡും സംയുക്തമായി നി ര്‍വഹിക്കും. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികള്‍, എ ന്‍ജിനീയര്‍മാര്‍, മേറ്റുമാര്‍, ഉദ്യോഗസ്ഥ ര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം. റസിഡന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാമുകളും, നോണ്‍ റസിഡന്‍ഷ്യ ല്‍ ട്രെയിനിങ് പ്രോഗ്രാമുകളും നടത്തുന്നതിനുള്ള സംവിധാനം സ്‌കൂളിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss