|    Jun 18 Mon, 2018 11:08 pm

കുടുംബശ്രീ വനിതകള്‍ കെട്ടിടനിര്‍മാണ രംഗത്തേക്ക്

Published : 26th November 2016 | Posted By: SMR

കണ്ണൂര്‍: പെണ്‍കൂട്ടായ്മയുടെ പെരുമ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത കുടുംബശ്രീ വനിതകള്‍ കെട്ടിടനിര്‍മാണ രംഗത്തേക്കു ചുവടുറപ്പിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുത്ത 300 സ്ത്രീകള്‍ക്കാണ് ആദ്യപരിശീലനം നല്‍കി കെട്ടിട നിര്‍മാണ മേഖലയില്‍ മുദ്ര പതിപ്പിക്കാന്‍ കുടുംബശ്രീ കണ്ണുര്‍ ജില്ലാമിഷന്‍ ഒരുങ്ങുന്നത്. കാര്‍ഷിക മേഖലയിലെ പൊലിവ് പദ്ധതി, ആദിവാസി മേഖലയിലെ ഗോതശ്രീ, ആട് ഗ്രാമം-പശുസഖി തുടങ്ങിയ വിവിധ തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതിനു പിന്നാലെയാണ് നിര്‍മാണ മേഖലയിലേക്കു ചുവടുവയ്ക്കുന്നത്. ഇടുക്കിയില്‍ ത്രിതല പഞ്ചായത്തുകളുടെ നിര്‍മാണജോലികളില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരവും പങ്കാളിത്തവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണിക എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ ചുവടു പിടിച്ചാണ് ജില്ലയിലും നടപ്പാക്കാനൊരുങ്ങുന്നത്. പ്രധാനമായും 45 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കുക. ജില്ലയില്‍ നിര്‍മാണരംഗത്ത് അറിയപ്പെടുന്ന ഏജന്‍സിയായ നിര്‍മിതി കേന്ദ്രയുടെ ശിക്ഷണത്തിലാണ് പരിശീലനം നല്‍കുക. 30 ദിവസത്തെ പരിശീലനത്തില്‍ നാലുദിവസം ക്ലാസ്‌റൂം തലത്തിലും മറ്റ് ദിവസങ്ങളില്‍ പ്രായോഗിക പരിശീലനവുമാണ്. ഇതില്‍ ആദ്യബാച്ചിന്റെ ക്ലാസ് റൂം പരിശീലനം പൂര്‍ത്തിയായി. എന്‍ജിനീയറിങ് കോളജ് അടക്കമുള്ള സ്ഥാപനങ്ങളിലെ അധ്യാപകരാണ് ക്ലാസെടുത്തത്. തിങ്കളാഴ്ച മുതല്‍ പ്രായോഗിക പരിശീലനം തുടങ്ങും. പട്ടുവം പഞ്ചായത്ത് പരിധിയിലുള്ള നിര്‍മിതി കേന്ദ്രയുടെ ഓഫിസ് കോംപൗണ്ടിലാണ് നിര്‍മാണ പരിശീലനം സജ്ജീകരിച്ചിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് 300 പേരടങ്ങുന്ന ജില്ലാ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ കുടുംബശ്രീ സിഡിഎസുകള്‍ മുഖേന സ്വീകരിക്കുന്നതിനും ജില്ലാമിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ള കുടുംബശ്രീ ഇന്നു കേരളത്തിലെ എല്ലാവിധ സാമൂഹിക മേഖലകളിലും ഇടപെടലുകള്‍ നടത്തുന്നതിലേക്കു വളര്‍ന്നുവന്നിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നിട്ടുണ്ട്. സംസ്ഥാനത്താകെ 39.97 ലക്ഷം കുടുംബങ്ങള്‍ അംഗമായ 2.58 ലക്ഷം അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീക്കുള്ളത്. 19,854 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികളും 1073 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളുമുണ്ട്. 2983 കോടി രൂപയുടെ ലഘുസമ്പാദ്യവും 12,094 കോടി രൂപയുടെ ആന്തരിക വായ്പകള്‍ക്കും പുറമെ ബാങ്ക്‌ലിങ്കേജ് വഴി പരസ്പര ജാമ്യത്തിലൂടെ 4204 കോടി രൂപയുടെ വായ്പയുമുണ്ട്. 2,65,273 വനിതാ കര്‍ഷകരുള്‍പ്പെട്ട 54,167 സംഘകൃഷി ഗ്രൂപ്പുകള്‍, 66,743 ബാലസഭകള്‍, 63 ഐടി യൂനിറ്റുകള്‍, നാലു കണ്‍സോര്‍ഷ്യങ്ങള്‍ എന്നിവയാണു കുടുംബശ്രീയുടെ കരുത്ത്. ഇവര്‍ക്കെല്ലാം വിവിധ പരിശീലനത്തിനായി 19 ട്രെയിനിങ് ഗ്രൂപ്പുകളാണു സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss