|    Jan 24 Tue, 2017 4:35 am

കുടുംബശ്രീ മിഷനില്‍ ഫണ്ടില്ല; റിയാലിറ്റി ഷോയുടെ സമ്മാനം നല്‍കിയില്ല

Published : 6th September 2016 | Posted By: SMR

പി കെ സി ചോയിമഠം

താമരശ്ശേരി: സംസ്ഥാനത്തെ മികച്ച കുടുംബശ്രീ സിഡിഎസുകളെ കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദൂരദര്‍ശനുമായി സഹകരിച്ചു നടത്തിയ റിയാലിറ്റി ഷോയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സമ്മാനത്തുക ഒന്നര വര്‍ഷമായിട്ടും ലഭിച്ചില്ല. സമ്മാനത്തുക നല്‍കുന്നതിന് ഒരോ കുടുംബശ്രീ അംഗങ്ങളില്‍നിന്നും പിരിവ് നടത്തിയിരുന്നു. ഈ തുക തിരിച്ചുകിട്ടണമെന്ന നിലപാടിലാണ് കേരളത്തിലെ മിക്ക സിഡിഎസുകളും.
ഒന്നാംസമ്മാനം ഒരുകോടി, രണ്ടാംസമ്മാനം 50 ലക്ഷം, മൂന്നാംസമ്മാനം 30 ലക്ഷം, ഫൈനലിലെത്തിയ 13 ടീമുകള്‍ക്ക് പ്രോല്‍സാഹന സമ്മാനമായി അഞ്ചുലക്ഷം ഇതായിരുന്നു പ്രഖ്യാപനം. ചെക്കുകളുടെ മാതൃകയാണ് അന്നത്തെ മുഖ്യമന്ത്രി നല്‍കിയത്. ഇതിനുശേഷം ആറുമാസം മുമ്പ് അവാര്‍ഡ് ലഭിച്ച സിഡിഎസുകളോട് തുക ലഭിച്ചാല്‍ എങ്ങനെ വിനിയോഗിക്കുമെന്ന് ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടി ഇവര്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല. ജില്ലാതല കുടുംബശ്രീ മിഷന്‍ ഓഫിസുകളില്‍ സംസ്ഥാന മിഷന്‍ ഫണ്ട് അനുവദിക്കാത്തതാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ താറുമാറാവാന്‍ കാരണം. ഇതിനാല്‍ ഒരു പ്രവര്‍ത്തനവും നടത്താന്‍ സിഡിഎസുകള്‍ക്ക് സാധിക്കുന്നില്ല. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ഓണറേറിയം നല്‍കിയിട്ട് മൂന്നു മാസമായി. അക്കൗണ്ടന്റുമാര്‍ക്ക് ശമ്പളം നല്‍കിയിട്ട് രണ്ടു മാസവും. സിഡിഎസുകള്‍ക്ക് ഭരണനിര്‍വഹണ ഗ്രാന്റ് അനുവദിച്ചിട്ട് ആറു മാസമാവുന്നു.
സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ഓണച്ചന്ത, 18ാം വാര്‍ഷികം എന്നിവ നടത്തണമെന്ന് സംസ്ഥാന മിഷന്‍ ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. സിഡിഎസിന്റെ നേതൃത്വത്തിലാണ് വാര്‍ഷികവും ഓണച്ചന്തയും നടത്തുന്നത്. ഒരോ സിഡിഎസിനും 1,500-10,000 രൂപ തോതില്‍ യഥാക്രമം നടത്തിപ്പിനായി അനുവദിക്കാറുണ്ട്. സംസ്ഥാന മിഷനില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇതുവരെ ചാര്‍ജെടുത്തിട്ടില്ല. പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ട പ്രോഗ്രാം ഓഫിസര്‍മാര്‍ നിലവിലില്ല. ആശ്രയ പദ്ധതിക്ക് ഫണ്ട് അനുവദിക്കാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണം മുടങ്ങിയിട്ടും മാസങ്ങളായി. സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് കൃഷിചെയ്യാനുള്ള ഇന്‍സെന്റീവ് നല്‍കിയിട്ടും ഒരുവര്‍ഷം തികയുന്നു.
പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സബ്‌സിഡി അനുവദിച്ചിട്ടും മാസങ്ങള്‍ കഴിഞ്ഞു. മാസാന്ത അവലോകനയോഗം നടത്താന്‍ പോലും ഫണ്ടില്ല. സാമൂഹികസുരക്ഷാ പെന്‍ഷന്‍ സര്‍വേ കുടുംബശ്രീയെ ഏല്‍പ്പിച്ചിട്ടും പെന്‍ഷന്‍തുക കൈമാറുന്നത് സഹകരണ ബാങ്കുകളെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധമുണ്ട്. പെന്‍ഷന്‍ സര്‍വേ നടത്തുമ്പോള്‍ കുടുംബശ്രീയെതന്നെ വിതരണവും ഏല്‍പ്പിക്കാമെന്ന് വാഗ്ദാനവും പാലിച്ചില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക