|    Jan 20 Fri, 2017 9:22 am
FLASH NEWS

കുടുംബശ്രീ പഞ്ചശീല പദ്ധതി നടപ്പാക്കുന്നു

Published : 9th July 2016 | Posted By: SMR

പാലക്കാട്: ശുദ്ധജലം, മാലിന്യ സംസ്‌ക്കരണം, വൃത്തിയുളള അന്തരീക്ഷം, നല്ല ആരോഗ്യം എന്നീ ശീലങ്ങള്‍ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷന്‍ പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌ക്കാര പ്രചരണ പദ്ധതി നടപ്പാക്കുന്നു. ആരോഗ്യം, സാമൂഹ്യനീതി,കൃഷി, ഡിഡി പഞ്ചായത്ത്, തുടങ്ങി തൊഴിലുറപ്പ് പദ്ധതി വഴിയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുക.
ജില്ല കലക്ടര്‍ പി മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗം പദ്ധതിയുമായി ബദ്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന് 14113 അയല്‍കൂട്ടങ്ങളിലൂടെ 423 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തും. കൃഷി വകുപ്പ് വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പച്ചക്കറി വിത്തും, മാവ്, വേപ്പിന്‍ തൈകളും വിതരണം ചെയ്യും. കൃഷിഭവനുകള്‍ വഴി സെയ്ഫ് ടു ഈറ്റ് അംഗീകാര രേഖകളോടെ പച്ചക്കറികള്‍ വിപണിയിലിറക്കും.
ഓണക്കാലത്ത് ഓരോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീ നല്‍കുന്ന ധനസഹായത്തില്‍ പ്രത്യേക പച്ചക്കറി വിപണി നടത്തും. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും ബാലസഭകളും കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയില്‍ കൃഷി നടത്തും. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ വഴി വിത്തുകള്‍ എത്തിച്ച് ജില്ലയിലെ ഉള്‍പ്രദേശങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കും. അയല്‍കൂട്ടങ്ങളുടെ കാര്‍ഷിക പ്രവൃത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമുള്‍പ്പെടുന്ന സംഘാടക സമിതി തുടര്‍ച്ചയായി വിലയിരുത്തും. മികച്ച പ്രവര്‍ത്തനം നടത്തുന്ന അയല്‍കൂട്ടങ്ങള്‍ക്ക് പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് വകുപ്പ് പ്രോത്സാഹന സമ്മാനം ഏര്‍പ്പെടുത്തും.
വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധി പ്രതിരോധം സംബന്ധിച്ചും സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടികള്‍ തോറും ആരോഗ്യവകുപ്പ് അധികൃതര്‍ ബോധവല്‍്ക്കരണം നടത്തും. പഞ്ചശീല പദ്ധതി വഴി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
വാര്‍ഡ് തലത്തിലുളള കുടുംബശ്രീയുടെ ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റികളിലെ ബിപിഎല്‍ വിഭാഗക്കാര്‍ക്കായി തൊഴിലുറപ്പ് അധികൃതര്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യും. യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി രാധാകൃഷ്ണന്‍ , ഡെപ്യൂട്ടി ഡി.എം.ഒ ഡോ: നാസ്സര്‍ , പ്രിന്‍സിപ്പള്‍ കൃഷി ഒാഫിസര്‍ ഷീല പി ആര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ കെ എം വിനോദ്, സബിത സി, ജില്ലാ കണ്‍സള്‍ട്ടന്റ് പി മുരളീധരന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക