|    Oct 21 Sun, 2018 4:35 pm
FLASH NEWS

കുടുംബശ്രീ ‘ദിശ’ കാംപയിന്‍ ഇന്ന്

Published : 28th January 2017 | Posted By: fsq

 

കല്‍പ്പറ്റ: കുടുംബശ്രീ സംഘടനാ സംവിധാനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പതിനായിരത്തോളം അയല്‍ക്കൂട്ടങ്ങളില്‍ പ്രത്യേക യോഗവും അയല്‍ക്കൂട്ടങ്ങളുടെ സ്വയം നവീകരണവും ഗ്രേഡിങും ഇന്നു നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രത്യേക യോഗങ്ങള്‍. ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നടക്കുന്ന അയല്‍ക്കൂട്ട യോഗങ്ങളില്‍ പങ്കെടുക്കും. ഒ ആര്‍ കേളു എംഎല്‍എ തിരുനെല്ലിയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പനമരത്തും മുഖ്യാതിഥികളായിയിക്കും. അയല്‍ക്കൂട്ട രൂപീകരണം മുതല്‍ നാളിതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനവും യോഗത്തില്‍ സമഗ്രമായി അവലോകനം ചെയ്യും. ഈ പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തി അയല്‍ക്കൂട്ടാംഗങ്ങള്‍ മാര്‍ക്ക് നല്‍കി ഗ്രേഡ് ചെയ്യും. ഇവ എഡിഎസിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് സിഡിഎസിന് കൈമാറും. സിഡിഎസിന്റെ നേതൃത്വത്തില്‍ ഇവ ഡാറ്റാ എന്‍ട്രി നടത്തി ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യും. ഇതോടെ ഓരോ കുടുംബശ്രീയെയും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലോകത്തെവിടെ നിന്നും ലഭ്യമാവും. സമ്പാദ്യം, വായ്പ, സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം, സംരംഭങ്ങള്‍, കൃഷി, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഓരോ അയല്‍ക്കൂട്ടത്തിന്റെയും സൂക്ഷ്മമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. ഇവ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സമ്പൂര്‍ണമായ പുസ്തകമാക്കുന്നതിനും പദ്ധതിയുണ്ട്. ജില്ലയിലെ കുടുംബശ്രീ അംഗസംഖ്യ ഈ മാസം 31ന് രണ്ടുലക്ഷമാക്കി ഉയര്‍ത്തുകയാണ് കാംപയിന്റെ പ്രധാന ലക്ഷ്യം. പൊതു അയല്‍ക്കൂട്ടങ്ങള്‍ക്കൊപ്പം പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണവും കാംപയിന്റെ ലക്ഷ്യമാണ്. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലും രൂപീകരിക്കും. കുടുംബശ്രീ സംവിധാനത്തില്‍ ഇനിയും ഉള്‍പ്പെട്ടിട്ടില്ലാത്ത ഗോത്രവര്‍ഗക്കാരെ മുഴുവന്‍ കണ്ണികളാക്കുന്നതും കാംപയിന്റെ പ്രധാന ലക്ഷ്യമാണ്. ജില്ലയിലെ മുഴുവന്‍ സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കും ഇതു സംബന്ധിച്ച് പരിശീലനം നല്‍കി. ഓരോ സിഡിഎസിലും റിസോഴ്‌സ് പേഴ്‌സണ്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss