|    Sep 23 Sun, 2018 11:30 pm
FLASH NEWS

കുടുംബശ്രീ ജില്ലാ മിഷനില്‍ ക്രമക്കേടന്ന് പരാതി; വിജിലന്‍സ് പരിശോധന നടത്തി

Published : 23rd January 2017 | Posted By: fsq

 

കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷനില്‍ ക്രമക്കേട് നടന്നതായുള്ള പരാതിയില്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. കാസര്‍കോട് ജനകീയ നീതി വേദി ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹ്്മാന്‍ കൈതോട് മുഖ്യമന്ത്രിക്കും വിജിലന്‍സിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന. 2013 മുതല്‍ 2016 ഡിസംബര്‍ വരെയുള്ള കാലയളവില്‍ വ്യത്യസ്ത പദ്ധതികളെ മുന്‍നിര്‍ത്തിയാണ് അഴിമതിയും ഫണ്ട് തിരിമറിയും നടന്നതായി ജില്ലാ ജനകീയ നീതിവേദി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയില്‍ പറയുന്നത്. 2013 മുതല്‍ ഓഫിസ് വാഹനം ഓടാന്‍ 30,000 രൂപയായി ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ക്വട്ടേഷന്‍ അംഗീകരിച്ച ശേഷം സ്വകാര്യ വാഹനം തന്നെ ഉപയോഗിച്ചതായും വാഹന വാടകയും ഡ്രൈവറുടെ ശമ്പളവും പെട്രോള്‍, മെയിന്റനന്‍സ് തുകയായി വന്‍ തുക തട്ടിയതായും പരാതിയില്‍ പറയുന്നു.കര്‍ണാടകയിലെ പുത്തൂരില്‍ സംരംഭ യൂനിറ്റുകള്‍ തുടങ്ങാനെന്ന പേരില്‍ ഗോട്ട് പരിശീലനം നല്‍കിയ വകയിലും (2013-14) ക്രമക്കേട് നടത്തിയതായും എസ്‌ജെഎസ്ആര്‍വൈ പദ്ധതിയായ അന്ത്യോദയ യോജനപദ്ധതിയിലും ഫണ്ട് തിരിമറി നടത്തിയതായും ബാങ്ക് മാനേജര്‍മാര്‍ക്കുള്ള കുടുംബശ്രീ പരിശീലനം (എന്‍ആര്‍ഐഎം) ഫണ്ട് കൂടുതല്‍ ചെലവഴിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്ഇടി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ചെലവഴിക്കുന്ന പരിശീലന പരിപാടികള്‍ക്കുള്ള ധനസഹായം അന്വേഷണ വിധേയമാക്കണമെന്നും സഫലം കാഷ്യൂ പാക്കിങ് ആന്റ് ഷോര്‍ട്ടിങ് ട്രേഡിങ് യൂനിറ്റ് ചട്ടഞ്ചാലിന്റെ ധനം വിനിയോഗിച്ചതും തിരിച്ചടവ് ബാങ്കില്‍ മുടങ്ങിയതും അന്വേഷണ വിധേയമാക്കണമെന്നും പരാതിയില്‍ പറയുന്നു. എന്‍ആര്‍എല്‍എം ഫണ്ട് നല്‍കിയ വകയില്‍ നടന്ന ക്രമക്കേടും ഊര് മൂപ്പന്‍മാര്‍ക്കും പ്രമോട്ടന്മാര്‍ക്കുമുള്ള പരിശീലന ഫണ്ട് വിനിയോഗം (2016),  കോടോം-ബേളൂര്‍ ന്യൂട്രിമെക്‌സ് യൂനിറ്റുകള്‍ നഷ്ടത്തിലായതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. എന്‍യുഎല്‍എം പദ്ധതിയിലൂടെ കാസര്‍കോട് നഗരസഭയില്‍ സിഡിഎസില്‍ കഫേ കാന്റീന്‍ തുടങ്ങിയതിലുണ്ടായ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചും (2016), ഇക്കാലയളവില്‍ വിവിധ പരിശീലന പരിപാടികള്‍ നടത്തി, ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, മെന്റര്‍ ആര്‍ഫിമാര്‍, ആനിമേറ്റര്‍മാര്‍ എന്നിവര്‍ക്ക് കപ്പാസിറ്റി ബില്‍ഡിങ് പരിപാടി എന്ന പേരില്‍ തുക എഴുതി വാങ്ങിയതും അന്വേഷണ വിധേയമാക്കണമെന്ന് അബ്ദുര്‍റഹ്മാന്‍ കൈതോട് വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്തിക്കും, വിജിലന്‍സ് ഡിവൈഎസ്പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുടുംബശ്രീ ജില്ലാ കോ—ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പിരിക്ക തേജസിനോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss