|    Jan 17 Tue, 2017 6:18 am
FLASH NEWS

കുടുംബശ്രീ ഗ്രാമ ചന്തകളില്‍ ഉപഭോക്താക്കള്‍ വര്‍ധിക്കുന്നു

Published : 10th February 2016 | Posted By: SMR

കല്‍പ്പറ്റ: കുടുംബശ്രീ കൂട്ടായ്മയില്‍ വിളയിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഗ്രാമ ചന്തകളില്‍ ആവശ്യക്കാരേറെ. സ്വന്തം ആവശ്യത്തിനായി ആരംഭിച്ച ജൈവകൃഷികളും വിവിധതരം ഉല്‍പന്നങ്ങളുടെ നിര്‍മാണവും വരുമാന മാര്‍ഗത്തിലേക്ക് വഴിയൊരുക്കിയപ്പോള്‍ പിന്തുണയായി കുടുംബശ്രീ ജില്ലാ മിഷനും സജീവമായി ഇവര്‍ക്കൊപ്പമുണ്ട്. കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ കേന്ദ്രമാക്കിയാണ് ഗ്രാമ ചന്തകള്‍ നടത്തുന്നത്.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ചെറുകിട സംരംഭ ഗ്രൂപ്പുകളിലൂടെ ഉല്‍പന്നങ്ങള്‍ കുടുംബശ്രീ ആഴ്ചച്ചന്തയിലെത്തിച്ച് ആവശ്യക്കാരിലെത്തിക്കുകയാണ് ഇതിലൂടെ. തനിമ, പരിശുദ്ധി, ജൈവ കൃഷിരീതി എന്നിവ ഉറപ്പുവരുത്തിയാണ് വിപണനം സാധ്യമാക്കുന്നത്. കുടുംബശ്രീയുടെ സാമൂഹികാധിഷ്ഠിത വിതരണ വിപണന സംവിധാനമാണ് ചന്തകള്‍.
ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിച്ച് ന്യായവിലയ്ക്ക് വിപണനം ഒരുക്കുകയാണ് ഇവിടെ. ഗുണനിലവാരത്തിനും ഇവര്‍ ഊന്നല്‍ നല്‍കുന്നു. അരി, അരിപ്പൊടി, കറി പൗഡറുകള്‍, വിവിധയിനം അച്ചാറുകള്‍, സോപ്പ്, സോപ്പുപൊടി, മെഴുകുതിരി, ലോഷനുകള്‍, തുണിത്തരങ്ങള്‍, കൂണ്‍, തേന്‍, മുള കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, പപ്പടം, പലഹാരങ്ങള്‍, വാഴനാരു കൊണ്ടുള്ള വസ്തുക്കള്‍, ചക്കയുല്‍പന്നങ്ങള്‍ എന്നിവയും ചന്തകളിലെത്തുന്നു. ഇവ കൂടാതെ സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാണ് ചന്തകളിലെ മുഖ്യാകര്‍ഷണം. ജില്ലയില്‍ ആകെ 4,378 ചെറുകിട സംരംഭ ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 1124.97 ഹെക്റ്റര്‍ കൃഷി സ്ഥലത്ത് 21,866 വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കി ജൈവകാര്‍ഷിക പരിപാടികള്‍ക്കാണ് കുടുംബശ്രീ നേതൃത്വം നല്‍കുന്നത്. കാര്‍ഷിക മേഖലയിലെ സമഗ്ര ഇടപെടലുകള്‍ മുന്‍നിര്‍ത്തി ജൈവകൃഷിയിലാണ് ഗ്രൂപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ 326.76 ഹെക്റ്റര്‍ കൃഷിയിടത്തില്‍ നെല്‍കൃഷിയും 198.16 ഹെക്റ്ററില്‍ വാഴയും 179.59 ഹെക്റ്ററില്‍ പച്ചക്കറികളും 413.86 ഹെക്റ്ററില്‍ കിഴങ്ങുവര്‍ഗങ്ങളും 11 ഹെക്റ്ററില്‍ മറ്റു വിളകളുമാണ് കൃഷി ചെയ്തുവരുന്നത്. ചെറുകിട സംരംഭകര്‍ക്ക് കൃഷികള്‍ ചെയ്യുന്നതിന് നിര്‍ദേശങ്ങളും പിന്തുണയുമായി 26 കര്‍ഷക സഹായ സെന്ററുകളില്‍ 596 മികച്ച കര്‍ഷകരെയും കുടുംബശ്രീ വഴി തിരഞ്ഞെടുത്തിട്ടുണ്ട്.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഹോം ഷോപ്പ് വഴി വിപണന സാധ്യതയൊരുക്കുന്നുണ്ട്. ജില്ലയില്‍ നടക്കുന്ന വിവിധ മേളകളില്‍ കുടുംബശ്രീ ചന്തകള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. മാസത്തില്‍ മൂന്നു ദിവസം മാസച്ചന്തകളും ആഴ്ചയിലൊരിക്കല്‍ ആഴ്ചച്ചന്തയും നടത്തുന്നു.
എടവക, വെള്ളമുണ്ട എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയും നെന്‍മേനി, പടിഞ്ഞാറത്തറ, വൈത്തിരി, മൂപ്പൈനാട്, പൂതാടി, പനമരം, തവിഞ്ഞാല്‍, പൊഴുതന എന്നിവിടങ്ങളില്‍ ശനിയാഴ്ചയും കണിയാമ്പറ്റ, കോട്ടത്തറ, അമ്പലവയല്‍, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ബുധനാഴ്ചയും മുട്ടില്‍, മുള്ളന്‍കൊല്ലി, മാനന്തവാടി, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയുമാണ് ചന്തകള്‍ നടക്കുന്നത്.
മീനങ്ങാടി സിഡിഎസില്‍ ദിവസച്ചന്തയും സുല്‍ത്താന്‍ ബത്തേരിയില്‍ മാസച്ചന്തയും നടത്തിവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക