|    Jul 28 Fri, 2017 4:29 pm
FLASH NEWS

കുടുംബശ്രീ കൂട്ടായ്മയില്‍ ജൈവ പച്ചക്കറി കൃഷി വിജയത്തിലേക്ക്

Published : 8th October 2016 | Posted By: Abbasali tf

ഏഴംകുളം: കുടുംബശ്രീ കൂട്ടായ്മയില്‍ ജൈവപച്ചക്കറി കൃഷി വിജയത്തിലേക്ക്. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകളാണ് പഞ്ചായത്തിലെ തരിശുഭൂമികള്‍ പാട്ടത്തിനെടുത്ത് പച്ചക്കറികൃഷി നടത്തുന്നത്. 20 വാര്‍ഡുകളിലായി 75 ഏക്കര്‍ ഭൂമിയിലാണ് ഇതിനോടകം കൃഷി ആരംഭിച്ചിരിക്കുന്നത്. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ പഞ്ചായത്തില്‍ ഫെബ്രുവരിയില്‍ തുടക്കം കുറിച്ച ഒന്നാംഘട്ടപദ്ധതിയുടെ വിജയമാണ് രണ്ടാം ഘട്ടപദ്ധതിക്ക് പ്രചോദനമായത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതിനാവശ്യമായ സഹായങ്ങള്‍ പഞ്ചായത്തിന് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ പച്ചക്കറി വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. രണ്ട്ഘട്ടങ്ങളിലായി നാലു ലക്ഷം രൂപയുടെ വിത്തുകളാണ് ഏഴംകുളം പഞ്ചായത്തിന് സൗജന്യമായി നല്‍കിയത്. വി.എഫ്.പി.സി.കെയുടെ  പാലക്കാട് ആലത്തൂരിലെ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍നിന്നാണ് ഇവിടേക്ക് ആവശ്യമായ പച്ചക്കറി വിത്തുകള്‍കൊണ്ടുവന്നത്. പയര്‍, പാവല്‍, പടവലം, ചീര, വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, കുമ്പളം ഇനങ്ങളാണ് കൃഷിചെയ്യുന്നത്. ആദ്യഘട്ടപദ്ധതിയില്‍ കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് കൃഷിഭൂമി ഒരുക്കല്‍ പ്രവര്‍ത്തിചെയ്തതെങ്കില്‍ രണ്ടാംഘട്ട പദ്ധതി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ചാണ് നടപ്പിലാക്കിയത്. ഒന്നാംഘട്ടപദ്ധതിയില്‍  നിരവധി വെല്ലുവിളികളാണ് കുടുംബശ്രീ അംഗങ്ങള്‍ നേരിട്ടത്. ജലസേചനം ആയിരുന്നു ഇവയില്‍ പ്രധാനം. കിണറുകളും, ചാലുകളും നിര്‍മ്മിച്ചാണ് ഈ വെല്ലുവിളികളെ ഇവര്‍ തരണം ചെയ്തത്. രണ്ടേക്കര്‍ വരെയുള്ള ഭൂമികളാണ് ഭൂഉടമകള്‍ കുടുംബശ്രീ അയല്‍കൂട്ടത്തിന് കൃഷിക്കായി പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അംഗങ്ങളുടെ  നേതൃത്വത്തില്‍ ക്ഷീരകര്‍ഷകരുടെ യോഗങ്ങള്‍ ചേര്‍ന്ന് ജൈവവളം കൃഷിയ്ക്ക് ലഭ്യമാക്കി. പഞ്ചായത്തിലെ 258 കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ 120 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ ഇതിനോടകം കൃഷി ചെയ്തു വരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന വികസന സെമിനാറിന്റെ തീരുമാനപ്രകാരണാണ് കുടുംബശ്രീ കൃഷി ആരംഭിച്ചത്. വിഎഫ്പിസികെ യുടെയും ഏഴംകുളം കൃഷിഭവനിലെ ഉദ്യോഗസ്ഥരും പദ്ധതിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്തിനെ പച്ചക്കറി സ്വയം പര്യാപ്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ആവശ്യമായ വിപണിയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് നല്‍കി. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള  ഇക്കോഷോപ്പിന്റെ പ്രവര്‍ത്തനവും ഇതിനോടകം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക