|    Aug 18 Fri, 2017 4:56 am
FLASH NEWS

കുടുംബശ്രീ ഓണം വിപണന മേള പൂപ്പൊലി തുടങ്ങി

Published : 11th August 2017 | Posted By: fsq

 

കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷന്‍ മഹിളാ കിസാന്‍ സുശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഓണം വിപണന മേള പൂപ്പൊലി-17 ആരംഭിച്ചു. ജില്ലയിലെ 42 സിഡിഎസുകളില്‍ വിപുലമായ രീതിയിലാണ് മേള സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ കെ പി രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് മുതല്‍ ആരംഭിച്ച ചന്തകള്‍ സപ്തംബര്‍ നാല് വരെ 120 കേന്ദ്രങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ആറ് ബ്ലോക്കുകളില്‍ തിരഞ്ഞെടുക്കപ്പെട്ട 18 സിഡിഎസുകള്‍ക്ക് 75,000 രൂപ വീതം സ്ഥിരം വിപണന മേള ഒരുക്കാന്‍ ധനസഹായം നല്‍കിയിട്ടുണ്ട്. ഈമാസം മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന 12 ഓണചന്തകള്‍ ഓരോ സിഡിഎസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കും. വിഷമില്ലാതെ ഓണം ഉണ്ണാന്‍ കുടുംബശ്രീ ഒരുക്കുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. 6323 ജെഎല്‍ജികളും ജില്ലയില്‍ വിവിധ സംരംഭക യൂനിറ്റുകളും പൊലിവ് പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത അയല്‍കൂട്ടങ്ങളും വിപണന മേളകളില്‍ പങ്കാളികളാകും. നാടന്‍ കുത്തരി, നാടന്‍ പച്ചക്കറികള്‍, കശുവണ്ടി, കറിപൗഡറുകള്‍, തേന്‍, ഹോംഷോപ്പ് ഉല്‍പന്നങ്ങള്‍ എന്നിവ വിപണന മേളയില്‍ ലഭ്യമാകും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പള്ളിക്കര, പടന്ന, പനത്തടി, പൈവളിഗെ, തൃക്കരിപ്പൂര്‍, അജാനൂര്‍, മടിക്കൈ, മധൂര്‍, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളില്‍ മാസചന്തകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പള്ളിക്കര, പടന്ന എന്നിവിടങ്ങളില്‍ ചന്തകള്‍ ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട്ടും നീലേശ്വരത്തും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈമാസം 23 മുതല്‍ ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ സിഡിഎസ്സുകളിലും ഓണപൂക്കള മല്‍സരം, പായസമല്‍സരം, കമ്പവലി, തിരുവാതിര തുടങ്ങിയ മല്‍സരങ്ങളും സംഘടിപ്പിക്കും. പ്ലാസ്റ്റിക് മുക്തമാക്കാന്‍ കുടുംബശ്രീ ഒരുക്കിയ കവറുകളിലാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്നും ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജസീംഷക്കീല്‍, സജിത്ത്, എം കൃപ്‌ന സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക