|    Jun 24 Sun, 2018 4:35 pm
FLASH NEWS

കുടുംബശ്രീ ‘ഊരില്‍ ഒരു ദിനം’;മുരിക്കിലാടിയില്‍ വന്‍ പങ്കാളിത്തം

Published : 22nd January 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ മുരിക്കിലാടി കോളനിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ‘ഊരില്‍ ഒരു ദിനം’ വിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 14 വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും കോളനിവാസികളും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ കറപ്പന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള കോളനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ച് ‘ഊരില്‍ ഒരു ദിനം’ പരിപാടി നടത്തിയത്. കോളനിയില്‍ സൗകര്യപ്രദമായ രീതിയില്‍ തുടര്‍ സാക്ഷരതാകേന്ദ്രം ആരംഭിക്കുന്നതിന് സാക്ഷരതാ മിഷന്‍ നടപടിയെടുക്കും. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, പോലിസ്, പട്ടികവര്‍ഗ വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കുന്നതിനു ധാരണയായി. കോളനിയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പരിപാടി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും. വൈദ്യുതി ലഭിക്കാത്ത വീടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഇനിയും തൊഴില്‍ കാര്‍ഡ് ലഭിക്കാത്തവരുടെ വിശദാംശങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ എത്തിക്കുന്നതിനും തൊഴില്‍കാര്‍ഡ് നല്‍കുന്നതിനും നടപടിയെടുക്കുമെന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അറിയിച്ചു. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിശ്ചിത അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിന്മേല്‍ കര്‍ശന നടപടിയെടുക്കുമെന്നു സിവില്‍ സപ്ലൈസ് അധികൃതര്‍ ഉറപ്പുനല്‍കി. റേഷന്‍ സാധനങ്ങള്‍ക്ക് ബില്ല് നല്‍കുന്നതിന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കും. കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങള്‍ കോളനിവാസികള്‍ക്ക് സമയബന്ധിതമായി വിതരണം ചെയ്യുമെന്നും കാര്‍ഷിക വികസന സമിതികളില്‍ അംഗത്വം നല്‍കുമെന്നും കൃഷി ഓഫിസര്‍ അറിയിച്ചു. മുരിക്കിലാടി കോളനിയില്‍ വ്യാപകമായുള്ള മദ്യ ഉപയോഗവും പുറത്തുനിന്നുള്ളവര്‍ മദ്യം വിതരണം ചെയ്യുന്നതും തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകിരിക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. പട്ടികവര്‍ഗ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും. ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സേവനം കോളനികളില്‍ മുഴുവന്‍ സമയവും ലഭ്യമാക്കും. ഡെപ്യൂട്ടി കലക്ടര്‍ പി സോമനാഥന്‍ ഊരുല്‍സവത്തിന് നേതൃത്വം നല്‍കി. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരള ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജഗോപാലന്‍, അഡീഷനല്‍ തഹസില്‍ദാര്‍ പി അബൂബക്കര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി ടി ബേബി, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നാരായണന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രമണിദാസ് സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, സുല്‍ത്താന്‍ ബത്തേരി എസ്‌ഐ ബിജു ആന്റണി, റേഷനിങ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, കെഎസ്ഇബി അസിസ്റ്റലന്റ് എന്‍ജിനീയര്‍ പത്രോസ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss