|    Oct 21 Sun, 2018 3:29 am
FLASH NEWS

കുടുംബശ്രീ അഗതിരഹിത കേരളം സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കം

Published : 27th October 2017 | Posted By: fsq

 

കല്‍പ്പറ്റ: നിരാലംബരും നിരാശ്രയരുമായ അഗതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിയുടെ സര്‍വേയ്ക്ക്് ജില്ലയില്‍ തുടക്കമായി. പ്രത്യേകം പരിശീലനം ലഭിച്ച 130 ആര്‍പിമാരാണ് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീയുടെ ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് ആശ്രയ പദ്ധതി. 2003ല്‍ ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ ആശ്രയ ഒന്നാംഘട്ടം, രണ്ടാംഘട്ടം, എസ്ടി സ്‌പെഷ്യല്‍ പ്രൊജക്റ്റ് എന്നിവയില്‍ ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും പദ്ധതികള്‍ നടന്നുവരുന്നു. എന്നാല്‍, പദ്ധതി ഗുണഭോക്താക്കളായി നിലവിലുള്ള ആളുകള്‍ക്കു പുറമെ പുതുതായി കണ്ടെത്തുന്ന അഗതികളെ കൂടി ചേര്‍ത്തുള്ള പദ്ധതിയാണ് അഗതിരഹിത കേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരെയും പുതുതായി കണ്ടെത്തുന്നവരെയും ഉള്‍പ്പെടുത്തി ഒറ്റ പദ്ധതിയായിട്ടാവും ഇനിമുതല്‍ നടപ്പാവുക. പ്രസ്തുത പദ്ധതി പ്രവര്‍ത്തനം 2018 ജനുവരി ഒന്നിന് കേരളത്തില്‍ നടപ്പാക്കും. പൂര്‍ണമായി ആന്‍ഡ്രോയിഡ് സംവിധാനമുപയോഗിച്ച് നടപ്പാക്കുന്ന സര്‍വേയ്ക്കായി ആര്‍പിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ജിയോടാഗിങ് ഉപയോഗിച്ച് അഗതികളെ കണ്ടെത്തുന്നതിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും പ്രത്യേക സംവിധാനമുണ്ട്. 9 ക്ലേശഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ഫോര്‍മാറ്റില്‍ സര്‍വേയര്‍മാര്‍ രേഖപ്പെടുത്തലുകള്‍ നടത്തുകയും അവയില്‍ നിന്നു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലിസ്റ്റ് തയ്യാറാക്കുകയുമാണ് ചെയ്യുക. നിലവില്‍ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവരെയും സിഡിഎസ് വഴി കണ്ടെത്തിയിട്ടുള്ള പുതിയ അംഗങ്ങളെയുമാണ് ആര്‍പിമാര്‍ സര്‍വേ ചെയ്യുന്നത്. സിഡിഎസിന് ലഭിക്കുന്ന സര്‍വേ ചെയ്ത ഗുണഭോക്താക്കളുടെ ലിസ്റ്റിന്റെ കരട് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് സമര്‍പ്പിക്കും. കരട് പട്ടിക പഞ്ചായത്ത് തലത്തില്‍ സിഡിഎസ് പ്രസിദ്ധീകരിക്കും. കരട് പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും പരാതികളും രേഖാമൂലം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സ്വീകരിക്കും. കൈപ്പറ്റിയ അപേക്ഷകള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറും. സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ അപ്പീല്‍ പരിശോധിച്ച് ലിസ്റ്റ് പൂര്‍ത്തിയാക്കും. അന്തിമ പട്ടികയുടെ അംഗീകാരത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അഗതി ഗ്രാമസഭ ചേര്‍ന്ന് വിലയിരുത്തി പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് അന്തിമ പട്ടിക അംഗീകരിക്കും. മെഡിക്കല്‍ ക്യാംപുകള്‍ നടത്തി അഗതികളുടെ ആരോഗ്യവിവര ശേഖരണം നടത്തും. അതിനു ശേഷം പ്രൊജക്റ്റ് തയ്യാറാക്കി പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് പദ്ധതിക്ക് അംഗീകാരം നല്‍കി ജില്ലാ മിഷന് സമര്‍പ്പിക്കും. സാങ്കേതിക പരിശോധനയ്ക്കു ശേഷം പദ്ധതികള്‍ ജില്ലാ മിഷന്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കും. സര്‍വേ ഗുണപ്രദമായി നടപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, മെംബര്‍മാര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത, നഗരസഭാ വൈസ് ചെയര്‍മാന്‍ പി പി ആലി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി ഹമീദ്, കണ്‍സിലര്‍ വി ഹാരിസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിനീത, എഡിഎംസിമാരായ കെ ടി മുരളി, കെ എ ഹാരിസ്, മെംബര്‍ സെക്രട്ടറി ഷാരിഷ്, പ്രോഗ്രാം മാനേജര്‍മാരായ ബിജോയ്, നിഷ, ജയേഷ്, അഭി സി ശേഖര്‍, അജയ് ദാസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss