|    Mar 24 Fri, 2017 12:02 am
FLASH NEWS

കുടുംബശ്രീയെ ജനകീയമാക്കിയ പി പി മുഹമ്മദ് സ്ഥാനമൊഴിഞ്ഞു

Published : 1st June 2016 | Posted By: SMR

കല്‍പ്പറ്റ: നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീയെ ജനകീയമാക്കി ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി പി മുഹമ്മദ് സ്ഥാനമൊഴിഞ്ഞു. കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്ക് പുറമെ ജില്ലയില്‍ പുതുതായി 17 പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. 11 പദ്ധതികള്‍ സമ്പൂര്‍ണമാക്കുകയും ചെയ്തു. കാര്‍ഷിക മേഖലയില്‍ 4,202 ജെഎല്‍ജി ഗ്രൂപ്പുകളിലായി 20,010 പേര്‍ക്കും ചെറുകിട സംരംഭത്തിലൂടെ 3,330 പേര്‍ക്കും മൃഗസംരംക്ഷണ മേഖലയിലെ സമഗ്ര പദ്ധതിയിലൂടെ 1,870 പേര്‍ക്കും ഉപജീവനം ഉറപ്പാക്കി.
പരിശീലനവും തൊഴിലും പദ്ധതിയിലൂടെ 961 പേര്‍ക്ക് പരിശീലനവും 301 പേര്‍ക്ക് ജോലിയും നല്‍കാന്‍ സാധിച്ചു. അതില്‍ 107 പേര്‍ എസ്ടി വിഭാഗത്തില്‍പ്പെട്ടവരാണ്. ഗോത്രശ്രീ, അക്ഷര രക്ഷാ ലൈബ്രറി, വിദ്യാശ്രീ തുടര്‍പഠനം, ലിങ്കേജ് മേള, ഇ-ട്രാന്‍സ്ഫറിങ്, കൈവിളക്ക് വായനശാല, വിആര്‍സി (വില്ലേജ് റിസോഴ്‌സ് സെന്റര്‍), വണ്‍ ഫാമിലി വണ്‍ ബാങ്ക് അക്കൗണ്ട്, ഊരുല്‍സവം, കമ്മ്യൂണിറ്റി റിപോര്‍ട്ടര്‍, നാട്ടുവെട്ടം വാര്‍ത്താ പത്രിക, വീട്ടുമുറ്റത്തൊരു ബാങ്ക്, വനിതാ ഫുട്‌ബോള്‍ ടീം, സിഡിഎസ് അദാലത്ത്, വനിതാ കായികമേള, ന്യൂട്രിമിക്‌സ് ഇന്‍ഷുറന്‍സ്, ആടുചന്ത തുടങ്ങിയ പദ്ധതികള്‍ക്കാണ് ജില്ലയില്‍ തുടക്കമിട്ടത്.
ബാങ്ക് ലിങ്കേജ്, അഗതി-ആശ്രയ പദ്ധതി, എസ്ടി അയല്‍ക്കൂട്ടം, ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍, സിഡിഎസ് അദാലത്ത്, സമഗ്ര മൃഗസംരക്ഷണം, കാന്റീന്‍ കാറ്ററിങ് യൂനിറ്റുകള്‍, ഇ-ട്രാന്‍സ്ഫറിങ്, ഉല്‍സവ-ആഘോഷച്ചന്തകള്‍, ആടുഗ്രാമം-ക്ഷീരസാഗരം, ഗോത്ര ഊരുകളില്‍ സൂക്ഷ്മ തല ആസൂത്രണം തുടങ്ങിയ പദ്ധതികള്‍ ജില്ലയില്‍ സമ്പൂര്‍ണമാക്കി. കുടുംബശ്രീ അംഗങ്ങളുടെ നിക്ഷേപം (ത്രിഫ്റ്റ്) 63 കോടിയില്‍ നിന്ന് 138 കോടിയായും അയല്‍ക്കൂട്ടങ്ങളുടെ എണ്ണം 6,631ല്‍ നിന്ന് 10,351 ആയും ഉയര്‍ന്നു. ഗോത്രശ്രീ പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ ഊരുകളിലും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാനും അഗതി-ആശ്രയ പദ്ധതി 26 സിഡിഎസുകളിലും മൂന്നെണ്ണം വീതം തയ്യാറാക്കി സമര്‍പ്പിക്കാനും സമഗ്ര പദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കാനും കഴിഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് സംയോജിത പദ്ധതികള്‍ നടപ്പാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.
ഹിമാചല്‍പ്രദേശ് ഗ്രാമ വികസന മന്ത്രി ഡോ. അനില്‍ ശര്‍മ, കര്‍ണാടകയില്‍ നിന്നുള്ള ഡിലിമിറ്റേഷന്‍ കമ്മിറ്റി അടക്കം മൂന്നു സംഘങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളും കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ജില്ലയിലെത്തി.
ദുബൈ, അബൂദബി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കുടുംബശ്രീ ഭക്ഷ്യമേളകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. നാഗാലാന്റ്, മുംബൈ, ഡല്‍ഹി മേളകളില്‍ ജില്ലയിലെ ഉല്‍പന്നങ്ങള്‍ വിപണനം നടത്താന്‍ സ്റ്റാളൊരുക്കി. തിരുനന്തപുരത്ത് നടന്ന ദേശീയ കായികമേള, മാനന്തവാടിയില്‍ സംഘടിപ്പിച്ച ഗോത്രായനം, അഗ്രിഫെസ്റ്റ്, വള്ളിയൂര്‍ക്കാവ് ക്ഷേത്രോല്‍സവം, അമ്പലവയലില്‍ നടന്ന പൂപ്പൊലി, കല്‍പ്പറ്റയിലെ ഫഌവര്‍ ഷോ തുടങ്ങിയവയില്‍ കാന്റീന്‍ കാറ്ററിങ് വിപണനം സംഘടിപ്പിച്ചു. ദിവസച്ചന്ത, ആഴ്ചച്ചന്ത, മാസച്ചന്ത, ഉല്‍സവച്ചന്ത, പ്രത്യേക പ്രദര്‍ശന മേളകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു.
മികച്ച സംഘാടനം, വിറ്റുവരവ് എന്നിവയ്ക്കുള്ള പ്രത്യേക പുരസ്‌കാരം, എറണാകുളത്ത് സംഘടിപ്പിച്ച വസന്തോല്‍സവം, കുടുംബശ്രീ ത്രിതല സംഘടനാ തിരഞ്ഞെടുപ്പ് കാര്യക്ഷമമായി പൂര്‍ത്തിയാക്കിയതിന് മികവിനുള്ള പുരസ്‌കാരം, മികച്ച ബാങ്ക് ലിങ്കേജ് നടത്തിയതിന് സംസ്ഥാന തലത്തില്‍ കനറാ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വയനാടിന് ലഭിച്ചു. മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂള്‍ അധ്യാപകനായ പി പി മുഹമ്മദ് 2012 ഏപ്രില്‍ ഒന്നിനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്ററായി ചുമതലയേറ്റത്.

(Visited 61 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക