|    Apr 23 Mon, 2018 11:14 pm
FLASH NEWS
Home   >  Life  >  Family  >  

കുടുംബത്തണലില്‍ ഇത്തിരിനേരം

Published : 23rd August 2015 | Posted By: admin

 

മ്മത്തൊട്ടിലില്‍നിന്ന്, അല്ലെങ്കില്‍ അഴുക്കുചാലിലെ തുണിക്കെട്ടില്‍നിന്ന് എലിയും പൂച്ചയും കടിച്ചുബാക്കിയാക്കിയ ശരീരങ്ങളോടെ ജീവിതത്തിന്റെ വെളിമ്പറമ്പുകളിലേക്ക് വളര്‍ന്നുകയറിയവരായിരുന്നു അവര്‍. പക്ഷേ, അവര്‍ക്കും വീടെന്ന മോഹം ഉണ്ടായിരുന്നു. അച്ഛനും അമ്മയുമുള്ള കുടുംബത്തോടൊന്നിച്ച് ജീവിക്കാനുള്ള മോഹം അത്രമേല്‍ വലുതുമായിരുന്നു.ജീവിതത്തിന്റെ പുലര്‍ക്കാലത്ത് അവര്‍ക്ക് അമ്മയെ തിരയാന്‍ അറിയില്ലായിരുന്നു. നൊന്തുപെറ്റ അമ്മ അവര്‍ക്കുമുണ്ടെന്ന് ആരും അവരോടു പറഞ്ഞില്ല.സര്‍ക്കാരിന്റെ ശിശുപരിപാലന കേന്ദ്രത്തിലെ അമ്മമാരെ മാറിമാറി അമ്മേയെന്നു വിളിച്ചു. എല്ലാ കുട്ടികള്‍ക്കും ഇതുപോലത്തെ വീടും അമ്മയുമാണുള്ളതെന്ന് വിശ്വസിച്ചു. ചേര്‍ത്തുകിടത്തി അമ്മിഞ്ഞപ്പാലൂട്ടി ഉറക്കുന്ന അമ്മമാരുണ്ടെന്ന് അറിയാതെയായിരുന്നു അവരുടെ വളര്‍ച്ച.കൈ വളരുന്നതും പിച്ചവയ്ക്കുന്നതും കാണാനാരുമില്ലാതെ, വീഴ്ചകളില്‍ തലോടാന്‍ കൈകളേതുമില്ലാതെ വളര്‍ന്ന ജന്മങ്ങള്‍ക്ക് വീടെന്തെന്നും അറിയില്ലായിരുന്നു.

അമ്മയെന്തെന്നും അച്ഛനെങ്ങനെയാണെന്നും അവര്‍ കണ്ടിട്ടേയില്ലായിരുന്നു. വീടകങ്ങളിലെ വെളിച്ചവും സ്‌നേഹവും ഒരിക്കല്‍പോലും അനുഭവിച്ചിട്ടില്ലാത്ത കുഞ്ഞുമക്കളായിരുന്നു അവര്‍.അവര്‍ക്കും കുടുംബമുണ്ടായി. സ്വന്തമല്ലെങ്കിലും ഏതാനും ദിവസങ്ങള്‍ക്കു മാത്രമായി ഒരു കുടുംബം. അവിടത്തെ അമ്മയെ അമ്മേയെന്നു തന്നെ അവര്‍ വിളിച്ചു.

അപരിചിതമായ വീടകം സ്വന്തമല്ലെങ്കില്‍പ്പോലും സ്വന്തമായിത്തന്നെ കണ്ടു. ഒരു മാസത്തെ കുടുംബബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളതെന്ന് അറിഞ്ഞുകൊണ്ടു തന്നെ അവരെ ചേര്‍ത്തുനിര്‍ത്താന്‍ കുടുംബാംഗങ്ങള്‍ തയ്യാറായി.

അങ്ങനെ ഒരിക്കലും ലഭിക്കില്ലെന്നു കരുതിയ വീടകങ്ങളുടെ പടികയറി അനാഥമക്കളെത്തി. അവിടെ അവര്‍ വീടും കുടുംബവുമറിഞ്ഞു. അപരിചിതത്വം നിറഞ്ഞ മുറികള്‍ക്കകത്ത് മനസ്സമാധാനത്തോടെ അന്തിയുറങ്ങി. അവര്‍ക്ക് ഗൃഹാതുരത്വമുണ്ടായിരുന്നില്ല. സ്വന്തം വീട്ടിലെത്തി അമ്മയെ കാണാന്‍ അവര്‍ കൊതിച്ചതുമില്ല. അമ്മയും വീടുമില്ലാത്തവര്‍ ആരെ കാണാന്‍, എങ്ങോട്ടു പോവാന്‍!

വേനല്‍മധുരമായി സമ്മര്‍ട്രീറ്റ്

അനാഥത്വമാണ് ഏറ്റവും വലിയ ദുരന്തമെന്നു പറഞ്ഞത് അഗതികളുടെ അമ്മയായ മദര്‍ തെരേസയായിരുന്നു. ഭക്ഷണവും സംരക്ഷണവും മാത്രം കൊണ്ടു തീരുന്നതല്ല അനാഥമക്കളുടെ പ്രശ്‌നമെന്നു ലോകം തിരിച്ചറിഞ്ഞതു മുതലാണ് അനാഥര്‍ക്കു വേണ്ടിയുള്ള കൂടുതല്‍ കരുതലുമായി പല നിയമങ്ങളും നിര്‍മിക്കപ്പെട്ടത്.
അനാഥസംരക്ഷണരംഗത്ത് ലോകവ്യാപകമായി അവലംബിക്കുന്ന നാലു രീതികളില്‍ ദത്തെടുക്കലിനാണ് കൂടുതല്‍ പ്രാമുഖ്യം.

ഇതിന് കഴിയാത്ത സാഹചര്യത്തില്‍ സ്വീകരിക്കു   ന്ന രീതിയാണ് ഫോസ്റ്റര്‍കെയര്‍ അഥവാ പരിപാലന ശ്രദ്ധ. അനാഥരെ കുടുംബാന്തരീക്ഷത്തില്‍ താല്‍ക്കാലികമായി താമസിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. 15 വര്‍ഷം മുമ്പ് നിലവില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 42 പ്രകാരമുള്ള ഈ നിയമം ഇത്രയും കാലമായി ഇന്ത്യയിലൊരിടത്തും നടപ്പാക്കിയിരുന്നില്ല.

ദത്തെടുക്കലിന് ആരുമില്ലാത്ത അനാഥര്‍ വീടും കുടുംബവുമറിയാതെ അനാഥമന്ദിരങ്ങളില്‍ തന്നെ കഴിയേണ്ടി വന്നു എന്നതായിരുന്നു ഇതിന്റെ ദുരന്തഫലം. ഇതിനൊരു മാറ്റമായിരുന്നു കഴിഞ്ഞ ഏപ്രില്‍ 16ന് മലപ്പുറത്തുണ്ടായത്. ചില അനാഥരെങ്കിലും കുടുംബാന്തരീക്ഷത്തിലേക്ക് എത്താനുള്ള അവസരമുണ്ടായി. ‘വേനലവധി കുടുംബങ്ങള്‍ക്കൊപ്പം’ എന്ന സന്ദേശത്തോടെയുള്ള സമ്മര്‍ട്രീറ്റ് പദ്ധതിയിലൂടെ 21 അനാഥബാല്യങ്ങളെയാണ് മനസ്സില്‍നിന്നു നന്മ വറ്റാത്ത ചിലര്‍ കുടുംബാന്തരീക്ഷത്തിലേക്ക് വഴിനടത്തിയത്.

17 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ഇത്തരത്തില്‍ ആദ്യമായി വീടിന്റെ അന്തരീക്ഷത്തിലേക്കെത്തിയത്. ഇവരെല്ലാം കാലങ്ങളായി അനാഥമന്ദിരങ്ങളില്‍ കഴിയുന്നവരാണ്. 18 അച്ഛനമ്മമാരാണ് 21 മക്കളെ സ്വന്തം വീട്ടിലെ അംഗങ്ങളായി സ്വീകരിച്ച് കൂടെ താമസിപ്പിക്കാന്‍ തയ്യാറായത്. അവധിക്കാലത്തും സംരക്ഷണകേന്ദ്രങ്ങളില്‍ തനിച്ചുതാമസിക്കുന്ന കുഞ്ഞുങ്ങളെ കൂടെ താമസിപ്പിക്കാന്‍ തയ്യാറുള്ളവരെ തേടി സാമൂഹികക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു.

നാല്‍പ്പതോളം രക്ഷിതാക്കളാണ് 21 കുട്ടികള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. കുട്ടികളെ ലഭിക്കാത്തവര്‍ കുട്ടികള്‍ക്കു വേണ്ടി ഇപ്പോഴും ഓഫിസുമായി ബന്ധപ്പെടുന്നുണ്ടെന്നത് സമൂഹം ഈ പദ്ധതിയെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ്.

നഷ്ടമായ മകന്റെ വേദനയില്‍
അപകടത്തില്‍ മകന്‍ മരിച്ച വേദനയില്‍ മനസ്സുരുകി കഴിയുന്ന അച്ഛനും അമ്മയ്ക്കും ഈ സ്‌കൂളവധിക്കാലത്ത് രണ്ടു മക്കളെ ലഭിച്ചു. അച്ഛനും അമ്മയുമില്ലാതെ അനാഥമന്ദിരത്തില്‍ വളര്‍ന്ന സഹോദരങ്ങള്‍ക്കാണ് ഇവര്‍ വീടും കുടുംബവുമായത്. രണ്ടത്താണിയിലെ സുന്ദരന്റെ വീട്ടില്‍ ഇപ്പോള്‍ പുതുവസന്തമാണ്.

അഞ്ചും ഏഴും വയസ്സുള്ള കുരുന്നുകള്‍ അവിടെ ഓടിനടന്നു കളിക്കുന്നു, സ്വന്തം വീടുപോലെ. അവിടെ അവര്‍ക്ക് അച്ഛനും അമ്മയുമുണ്ട്. സ്വന്തമല്ലെങ്കിലും ഒരു വീടും. ജീവിതത്തിലാദ്യമായി താല്‍ക്കാലികമായെങ്കിലും ഒരു കുടുംബത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന ആ കുരുന്നുകള്‍ക്ക് വേനലവധി തികച്ചും ആസ്വാദ്യകരം തന്നെയാണ്.

മഞ്ചേരി നറുകരയിലെ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടെങ്കിലും ആരും കൂടെയില്ല. ഒരാള്‍ ജോലിയാവശ്യാര്‍ഥം വിദേശത്തും മറ്റൊരാള്‍ ഉപരിപഠനാവശ്യാര്‍ഥം ദൂരെയുള്ള  നഗരത്തിലുമായപ്പോള്‍ ദമ്പതികള്‍ തനിച്ചായി. സഹോദരിമാരായ രണ്ട് അനാഥരെയാണ് ഇവര്‍ സ്‌നേഹവും പരിചരണവും നല്‍കി കൂടെ താമസിപ്പിക്കുന്നത്.

സ്വന്തമായി മൂന്നു മക്കളുള്ള പ്രവാസിമലയാളി അനാഥയെ സംരക്ഷിക്കണമെന്ന താല്‍പ്പര്യം കൊണ്ടു മാത്രമാണ് ആരുമില്ലാതെ ഒരു പെണ്‍കുട്ടിക്ക് അഭയം നല്‍കുന്നത്. സ്വന്തം ബന്ധത്തില്‍പ്പെട്ട അനാഥരെ പോലും അനാഥമന്ദിരങ്ങളിലേക്കു തള്ളുന്ന കാലത്താണ് തന്റെ മക്കള്‍ക്കൊപ്പം ഒരു അനാഥയെയും വളര്‍ത്താന്‍ ഇദ്ദേഹം താല്‍പ്പര്യമെടുത്തത്.

ഇദ്ദേഹത്തിന്റെ വീട്ടിലെ അംഗമായി കഴിയുന്ന പന്ത്രണ്ടുകാരി ആ കുടുംബത്തിലെ അംഗമായതിന്റെ നിര്‍വൃതിയിലാണ്. ഇതുവരെ വേങ്ങരയിലെ അനാഥമന്ദിരത്തിലായിരുന്നു അവള്‍. ഇന്നിപ്പോള്‍ താല്‍ക്കാലികമായെങ്കിലും ഒരു കുടുംബം കൂടെയുണ്ട്.

മക്കളില്ലാത്ത ദമ്പതികള്‍ക്ക് കണ്ണിനു കുളിര്‍മയേകി കുഞ്ഞുമക്കള്‍ വീട്ടിലേക്കെത്തിയതും സമ്മര്‍ട്രീറ്റുവഴിയായിരുന്നു. അമ്മയും അച്ഛനുമില്ലാത്തവര്‍ മക്കളില്ലാത്തവര്‍ക്കു മുന്നിലെത്തിയതോടെ അവിടെ പുതിയൊരു കുടുംബം സൃഷ്ടിക്കപ്പെട്ടു. അപരിചിതരായിരുന്ന മാതാപിതാക്കളും മക്കളും കൂടിച്ചേര്‍ന്ന് പിരിയാനാവാത്ത വിധം രൂപപ്പെട്ട കുടുംബങ്ങള്‍ സമ്മര്‍ട്രീറ്റ് പദ്ധതിയുടെ മനോഹരസൃഷ്ടികളാണ്.

വേനലവധി കഴിയുന്നതോടെ മക്കളെ തിരിച്ചേല്‍പ്പിക്കേണ്ടിവരുമെന്ന വേദനയിലും ഇവര്‍ക്ക് ആശ്വാസമാകുന്നത് ദത്തെടുക്കാനുള്ള അവസരം ലഭിക്കുമെന്നതാണ്. സമ്മര്‍ട്രീറ്റിലൂടെ കുട്ടികളെ കൂടെ താമസിപ്പിക്കുന്ന മക്കളില്ലാത്ത ദമ്പതിമാര്‍ ഈ കുട്ടികളെ ദത്തെടുത്ത് ജീവിതകാലം മുഴുവന്‍ കൂടെ നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. കുട്ടികളുടെ സുരക്ഷ പരിഗണിച്ച ശേഷമാണ് തീരുമാനമെടുക്കുകയെങ്കിലും അതിനുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് മിക്ക കുടുംബങ്ങളും.

സമ്മര്‍ട്രീറ്റിനു ശേഷം
സമ്മര്‍ട്രീറ്റു വഴി ഏകദേശം ഒരു മാസത്തേക്കു മാത്രമാണ് കുട്ടികളെ വീടുകളിലേക്കയച്ചത്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതോടെ ഇവര്‍ വീണ്ടും അനാഥമന്ദിരത്തിലേക്കു തിരികെ വരും. പക്ഷേ, അതിനു ശേഷവും കുട്ടികളെ കൂടെ താമസിപ്പിക്കാന്‍ താല്‍പ്പര്യമെടുക്കുന്നവര്‍ക്ക് അവരെ ഫോസ്റ്റര്‍കെയര്‍ പദ്ധതിയിലൂടെ തുടര്‍ന്നും കൂടെ നിര്‍ത്താനുള്ള അവസരം നല്‍കാനാണ് തീരുമാനം. ദത്തെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനും അവസരം ലഭിക്കും. സമ്മര്‍ട്രീറ്റിലൂടെ ഒരു മാസത്തേക്കുള്ള സ്‌പെഷ്യല്‍ ഫോസ്റ്റര്‍കെയറാണ് നടപ്പാക്കിയതെങ്കില്‍ കൂടുതല്‍ കാലം ഒന്നിച്ചുനിര്‍ത്തുന്ന സംവിധാനമാണ് തുടര്‍ന്ന് ഏര്‍പ്പെടുത്തുക. അപേക്ഷ നല്‍കിയ കുടുംബത്തെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിനു ശേഷമാണ് സമ്മര്‍ട്രീറ്റിനായി കുട്ടികളെ നല്‍കിയത്. കുട്ടികളുടെ അഭിപ്രായവും ഇഷ്ടവും അറിഞ്ഞ ശേഷം മാത്രമായിരുന്നു കുടുംബങ്ങളിലേക്ക് അയച്ചത്.

കുടുംബത്തണലില്‍ ഇത്തിരി നേരം

വിശദമായ കൗണ്‍സലിങും കുട്ടികള്‍ക്കും കുടുംബത്തിനും നല്‍കിയിരുന്നു. സമ്മര്‍ട്രീറ്റിനു ശേഷവും കുട്ടികളെ കൂടുതല്‍ കാലം ഒന്നിച്ചു താമസിപ്പിക്കുന്നതിന് കോടതി മുഖേനയാണ് അനുമതി നല്‍കുക. കൂടാതെ, ജില്ലാ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരുടെ തുടര്‍ നിരീക്ഷണവുമുണ്ടാകും. ദത്തെടുക്കാനുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും ഫോസ്റ്റര്‍ കെയര്‍ വഴി കുട്ടികളെ കൂടെ താമസിപ്പിക്കാം.
    
കൂടെയുണ്ട് ഒരു കുടുംബം
അനാഥാലയങ്ങളാണ് അനാഥസംരക്ഷണത്തിലെ അവസാന ഇനമായിട്ടുള്ളത്. മറ്റൊരു വഴിയുമില്ലെങ്കില്‍ മാത്രമേ ഇതിനെക്കുറിച്ച് ചിന്തിക്കാവൂ. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അനാഥസംരക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ആദ്യമെത്താറുള്ളത് അനാഥമക്കളെ ഏതെങ്കിലും അനാഥാലയത്തിലോ സര്‍ക്കാര്‍ സംവിധാനത്തിലോ പാര്‍പ്പിക്കുക എന്ന തീരുമാനമാണ്.

സര്‍ക്കാരിനു കീഴിലെ അനാഥാലയങ്ങളില്‍ 18 വയസ്സുവരെയാണ് താമസിപ്പിക്കുക. പിന്നീട് ഇവരെ ആഫ്റ്റര്‍കെയര്‍ ഹോമിലേക്കു മാറ്റും. 21 വയസ്സു കഴിഞ്ഞാല്‍ അവിടെ നിന്നു പുറത്തുപോകേണ്ടിവരും.

ആരും കൂടെയില്ലാത്ത ഒറ്റപ്പെടലിന്റെ കാലത്തേക്ക് വീണ്ടുമെത്തുന്ന അവസ്ഥയാണ് ഇതോടെയുണ്ടാവുക. ജോലി നേടി, വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്ന ഭാഗ്യവാന്‍മാരൊഴികെയുള്ളവര്‍ തികഞ്ഞ ഒറ്റപ്പെടലിലാണ് പിന്നീടും കഴിയേണ്ടിവരുക. ഫോസ്റ്റര്‍ കെയറിലൂടെ ഒരു കുടുംബവുമായി ബന്ധപ്പെടുന്ന കുട്ടി എത്ര മുതിര്‍ന്നാല്‍ പോലും ആ കുടുംബവുമായുള്ള ബന്ധം തുടരും.

ഫോസ്റ്റര്‍ കെയര്‍ വഴി അംഗമാക്കപ്പെട്ട കുടുംബം ദത്തെടുത്തില്ലെങ്കില്‍ പോലും രണ്ടുകൂട്ടര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ തുടര്‍ന്നും ബന്ധം നിലനിര്‍ത്താനാവും. ജീവിതത്തിലെ നിര്‍ണായകസന്ദര്‍ഭങ്ങളിലെല്ലാം ആ കുടുംബം കൂടെയുണ്ടാവും. തന്നെ പരിഗണിക്കാനും ചിലരെങ്കിലും ഈ ലോകത്തുണ്ടെന്ന ഉറച്ച വിശ്വാസം അനാഥര്‍ക്ക് നല്‍കാം എന്നതു തന്നെയാണ് ഫോസ്റ്റര്‍ കെയറിന്റെയും സമ്മര്‍ട്രീറ്റിന്റെയും വിജയം.

തനിച്ചല്ല ഒരു കുടുംബം കൂടെയുണ്ടെന്ന വിശ്വാസം അനാഥര്‍ക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ ധര്‍മമാണ്. സര്‍ക്കാര്‍ സംവിധാനവും ഉദ്യോഗസ്ഥരും അതിലേക്ക് സമൂഹത്തെ വഴിനടത്തുന്നു എന്നതാണ് വര്‍ത്തമാനകാലത്തെ മനോഹര കാഴ്ച.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss