|    Jan 19 Thu, 2017 2:17 pm
FLASH NEWS

കുടിശ്ശിക 15 കോടി കവിഞ്ഞു; സര്‍ക്കാര്‍ കാരുണ്യം കാത്ത് ജില്ലാ ആശുപത്രി മാതൃകാ കാത്ത് ലാബ്

Published : 30th September 2016 | Posted By: Abbasali tf

പാലക്കാട്: ജില്ലയിലെ സാധാരണക്കാരുടെ മെഡിക്കല്‍ കോളജായ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ മാതൃകാ പദ്ധതിയിലുള്‍പ്പെട്ട കാത്ത് ലാബിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. നിര്‍ദ്ദനര്‍ക്കുള്ള വിവിധ പദ്ധതികളുടെ  കുടിശികയെ തുടര്‍ന്നാണ് ലാബിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. ഇത്  ദിനം പ്രതി ഇവിടെയെത്തുന്ന നൂറു കണക്കിന് രോഗികളെ ദുരിതത്തിലാക്കുകയാണ്. കൂടുതലായും കാരുണ്യ, ആര്‍എസ്ബിവൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് കാത്ത് ലാബില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭൂരിഭാഗം രോഗികള്‍ക്കും മെച്ചപ്പെട്ട ഹൃദയ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്. 2014 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ഇതുവരെയായി 3400 ചികില്‍സകള്‍ കാത്ത് ലാബ് വഴി ലഭ്യമാക്കിക്കഴിഞ്ഞു. കാരുണ്യ, ആര്‍എസ്ബിവൈ ചികില്‍സാ പദ്ധതി വഴിയുള്ള കുടിശിക 15കോടി കവിഞ്ഞതോടെ ഭൂരിഭാഗം കമ്പനികളും ഉപകരണവിതരണം നിര്‍ത്തി വെച്ച അവസ്ഥയിലാണ്. പേസ് മേക്കര്‍, ബലൂണ്‍, സ്‌പെഷ്യല്‍ വയറുകള്‍ ഉള്‍പ്പെടെ ഹൃദയസംബന്ധ ചികില്‍സക്കാവശ്യമായ ഉപകരണങ്ങള്‍ ടെന്‍ഡര്‍ വഴിയാണ് കാത്ത് ലാബിലേക്ക് ലഭ്യമാക്കുന്നത്. കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തിയതു ലാബിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെ വിഷയം ജില്ലാ പഞ്ചായത്ത് മുഖേന സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്.  കാരുണ്യ പദ്ധതി വഴി ഇതുവരെ മൂന്നരക്കോടിയും ആര്‍എസ്ബിവൈയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടിയുമാണ് ആകെ ലഭിച്ചിട്ടുള്ളത്. ഹൃദയ സംബന്ധമായ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് കാരുണ്യ ചികില്‍സ പദ്ധതി വഴി നല്‍കുന്നത്. ജില്ലാ കലക്ടര്‍, ഡിഎംഒ, ജില്ലാ ലോട്ടറി ഓഫിസര്‍, വിദഗ്ധ ഡോക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണ് അര്‍ഹരായ രോഗികളെ തിരഞ്ഞെടുക്കുക. ഈ പട്ടിക സംസ്ഥാന തല കമ്മിറ്റി അംഗീകരിക്കുന്നതോടെ ഒരു രോഗിക്ക് പരമാവധി രണ്ടു ലക്ഷം രൂപവരെ ചികില്‍സാ സഹായമായി ലഭിക്കും.ലോട്ടറി വില്‍ക്കുന്നുണ്ടെങ്കിലും കാത്ത് ലാബിലേക്കുള്ള കുടിശിക ഉയരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കാത്ത് ലാബ് മാതൃകയാക്കിയാണ് സംസ്ഥാനത്തെ എല്ലാ ജനറല്‍ ആശുപത്രികളിലും ഇത്തരം ലാബുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. കുടിശ്ശിക സംഖ്യ ലഭിക്കുന്നതിനനുസരിച്ച് ഉപകരണ വിതരണം പുനരാരംഭിക്കാമെന്നാണ് പല കമ്പനികളും അറിയിച്ചിട്ടുള്ളത്. ടെന്‍ഡര്‍ പട്ടികയിലുള്ള മറ്റു ചില കമ്പനികളുടെ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോഴത്തെ ചികില്‍സ. കുടിശിക ഉയരുന്നതോടെ ഇവരും വിതരണം നിര്‍ത്തും.  ഉപകരണങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപവരെ വിലയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക