|    Oct 22 Sun, 2017 3:52 pm
FLASH NEWS

കുടിവെള്ള വിതരണം: പുതിയ നിര്‍ദേശം ഖജനാവിന് കൂടുതല്‍ ബാധ്യത

Published : 21st March 2017 | Posted By: fsq

 

എ ജയകുമാര്‍

ചെങ്ങന്നൂര്‍: വേനല്‍ക്കാലത്ത് സംസ്ഥാനത്താകെ വിതരണം ചെയ്യുന്ന കുടിവെള്ളം എത്തിക്ക ുന്ന വാഹനത്തിന് കിലോമീറ്റര്‍ ഇനത്തില്‍ കൂലി നല്‍കാന്‍ തീരുമാനിച്ചതോടെ ഖജനാവിന് കോടികളുടെ നഷ്ടത്തിന് സാധ്യതയെന്ന് ആക്ഷേപം. മുന്‍ വര്‍ഷങ്ങളില്‍ ഓരോ പ്രദേശത്തും കുടിവെള്ളം വിതരണം ചെയ്യുന്ന ട്രിപ്പുകള്‍ കണക്കാക്കിയാണ് വാഹനത്തിന് കൂലി നല്‍കിയിരുന്നത്.
എന്നാല്‍ ഇക്കൊല്ലം ഇതേ വാഹനങ്ങള്‍ ഓടുന്ന കിലോമീറ്റര്‍ കണക്കാക്കി തുക നല്‍കാനാണ് സര്‍ക്കാര്‍ റവന്യൂ വകുപ്പിന് ഉത്തരവ് കൊടുത്തിരിക്കുന്നത്. നിലവില്‍ നിശ്ചിയിച്ചിരിക്കുന്ന കുറഞ്ഞ കിലോമീറ്റര്‍ ചാര്‍ജ് 36 രൂപയാണെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍വര്‍ഷത്തില്‍ 1500 രൂപ മാത്രം ചിലവുണ്ടായിരുന്ന ഒരു ട്രിപ്പ് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ഓടുമ്പോള്‍ 2500 രൂപവീതം മുടക്കേണ്ടി വരുന്നതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്.
ചെങ്ങന്നൂരില്‍ ഇത്തരത്തില്‍ 104 കിയോസ്‌കുകളില്‍ കഴിഞ്ഞ വര്‍ഷം വെള്ളം നിറച്ചിരുന്നു. ഇക്കുറി 105 എണ്ണം കൂടി സ്ഥാപിച്ച് 9 പഞ്ചായത്തിലും ചെങ്ങന്നൂര്‍ നഗരസഭയിലും വെള്ളമെത്തിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏകദേശം 10 ലോറികളാണ് ഇതിനായി വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഒരു ട്രിപ്പിന് 800 മുതല്‍ 1500 രൂപ വരെ അധികമാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അച്ചന്‍കോവിലാറിന്റെ കൊല്ലകടവ് വാട്ടര്‍ടാങ്കില്‍നിന്നാണ് വെള്ളമെടുത്തിരുന്നത്. എന്നാല്‍ കൊല്ലകടവില്‍നിന്നെത്തിക്കുന്ന ജലം ഉപ്പുരസമുണ്ടെന്ന ആക്ഷേപം വ്യാപകമായതോടെ ഈ വര്‍ഷം ചെന്നിത്തലയില്‍നിന്നാണ് വെള്ളം എത്തിക്കുന്നത്. ഇതും ഓരോ ട്രിപ്പും കിലോമീറ്റര്‍ കൂടാന്‍ കാരണമാകും. കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള വാഹനങ്ങള്‍ കണ്ടെത്തിയത് ക്വട്ടേഷന്‍ വഴയാണെന്നും ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ രേഖപ്പെടുത്തിയ വാഹനങ്ങള്‍ ജോ. ആര്‍.ടി.ഒ., ബി.ഡി.ഒ., തഹസില്‍ദാര്‍ എന്നിവരുടെ സംഘം ആണ് തിരഞ്ഞെടുത്തതെന്നും കിലോമീറ്ററുകളില്‍ വെട്ടിപ്പ് നടത്താതിരിക്കാന്‍ വാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനമുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക