|    May 23 Tue, 2017 6:36 am
FLASH NEWS

കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പ്യൂവര്‍ വാട്ടര്‍ ഒരുങ്ങി

Published : 23rd January 2016 | Posted By: SMR

കാസര്‍കോട്: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കാസര്‍കോട് നഗരസഭയില്‍ പ്യൂര്‍ വാട്ടര്‍ പദ്ധതി നടപ്പിലാക്കുന്നു. 20 രൂപയ്ക്ക് 20 ലിറ്റര്‍ വെള്ളമാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. നഗരസഭയിലെ എട്ടായിരത്തോളം കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ഭരണസമിതി കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതിയുടെ കീഴില്‍ നഗരവാസികളായവര്‍ക്ക് 20 ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം 20 രൂപയ്ക്ക് വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നല്‍കുവാനാണ് തീരുമാനം. ഈവര്‍ഷത്തെ പദ്ധതി ഫണ്ടില്‍ നിന്ന് 21 ലക്ഷം രൂപ നീക്കിവെക്കുകയും പദ്ധതിക്കു ഡിപിസി അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നോഡല്‍ ഏജന്‍സിയായ വനിതാ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ വിദ്യാനഗറിലുള്ള നഗരസഭ വ്യവസായ പാര്‍ക്കില്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിദിനം 48,000 ലിറ്റര്‍ കുടിവെള്ളം സംഭരിക്കാനുള്ള പ്ലാന്റാണ് വിദ്യാനഗറില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി ശുദ്ധീകരണം നടത്തിയ കുടിവെള്ളമാണ് വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നല്‍കുന്നത്.
നഗരവാസികള്‍ക്കും വ്യാപാരികള്‍ക്കും നഗരത്തില്‍ എത്തുന്നവര്‍ക്കും ശുദ്ധമായ കുടിവെള്ളം ചുരുങ്ങിയ നിരക്കി ല്‍ ലഭ്യമാകണമെന്ന സ്വപ്‌ന പദ്ധതിയാണിത്. നഗരസഭ കുടുംബശ്രീ സിഡിഎസിലെ അഞ്ചംഗ ഗ്രൂപ്പാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനായ് പ്രത്യേക വാഹനവും ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്.
2000ഓളം വീടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വെള്ളമെത്തിക്കുന്നത്. അടുത്ത ഘട്ടത്തില്‍ നഗരത്തിലെ ബസ്സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ഒരുരൂപയിട്ടാല്‍ ഒരുലിറ്റര്‍ ബോട്ടില്‍ വെള്ളം നല്‍കുന്ന പദ്ധതിയിക്കും തുടക്കം കുറിക്കുന്നുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ മാതൃകയില്‍ മലപ്പുറത്തും സ്ഥാപിച്ച പദ്ധതിയാണ് കാസര്‍കോട്ടും പൂര്‍ത്തിയായിരിക്കുന്നത്. വിപണിയില്‍ 20 ലിറ്റര്‍ കുടിവെള്ളത്തിന് 60 രൂപ വിലയുള്ളപ്പോഴാണിത്.
ദിവസവും രണ്ടായിരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നേരിട്ടെത്തിക്കാനാണ് തീരുമാനം. കുടുംബശ്രീക്കാണു പദ്ധതി ചുമതല. പ്രാരംഭഘട്ടത്തില്‍ 20 ലിറ്റര്‍ ക്യാന്‍ മാത്രമാണു വില്‍പന. അടുത്ത ഘട്ടത്തില്‍ ചെറിയ ബോട്ടിലുകളില്‍ വില്‍പന നടത്താനും ആലോചനയുണ്ട്.
എന്നാല്‍ 60 രൂപയ്ക്കു വിപണിയില്‍ ലഭിക്കുന്ന കുടിവെള്ളം 20 രൂപയ്ക്ക് നല്‍കുമ്പോള്‍ വിപണി മല്‍സരം ഒഴിവാക്കാന്‍ വീടുകള്‍ക്ക് മാത്രമായി തുടക്കത്തില്‍ വിതരണം പരിമിതപ്പെടുത്തും. വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടു വിതരണം ചെയ്യും.
പ്യൂര്‍ കാസര്‍കോട് എന്ന ബ്രാന്‍ഡിലാണ് കുടിവെള്ളം ബോട്ടില്‍ പുറത്തിറക്കുന്നത്. നഗരത്തിലെ കുടിവെള്ള ദൗര്‍ലഭ്യവും കിണര്‍ വെള്ളത്തില്‍ കോളിഫോം, ഫഌറൈഡ്, ക്ലോറൈഡ്, പിഎച്ച് അയണ്‍, നൈട്രേറ്റ് തുടങ്ങിയവയുടെ അധിക സാന്നിധ്യവും തെളിഞ്ഞതോടെയാണു നഗരസഭയും കുടുംബശ്രീയും ചേര്‍ന്ന് കുടിവെള്ള പദ്ധതിയെക്കുറിച്ച് ആലോചിച്ചത്. ദിനം പ്രതി 2000 ക്യാന്‍ നിറയ്ക്കാന്‍ കഴിയുന്ന രീതിയിലാണു പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 21 ലക്ഷം രൂപയാണ് പ്ലാന്റിനു ചെലവായത്.
നഗരസഭയും കുടുംബശ്രീയും വായ്പ എടുത്തുമാണ് പദ്ധതി നടപ്പാക്കിയത്. 13 ലക്ഷം രൂപയാണ് കുടുംബശ്രീ ഇതിനായ് വായ്പയെടുത്തത്. കുടിവെള്ളം ആവശ്യമുള്ളവര്‍ 735620 3588, 9895717540 നമ്പറില്‍ ബന്ധപ്പെടണം.
വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ്മാന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, മെംബര്‍ സെക്രട്ടറി കെ പി രാജഗോപാലന്‍, വനിത വികസന കോര്‍പറേഷന് വേണ്ടി പ്ലാന്റ് നിര്‍മിച്ച ധരണ എന്റര്‍പ്രൈസസ് എംഡി എബി തോമസ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day