|    Apr 23 Mon, 2018 3:18 pm
FLASH NEWS

കുടിവെള്ള പ്രശ്‌നം: കലക്ടറുടെ അധ്യക്ഷതയില്‍ യോഗം മാര്‍ച്ച് 3ന്

Published : 28th February 2016 | Posted By: SMR

തിരുവനന്തപുരം: കുടിവെള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 3ന് രാവിലെ 11ന് കലക്ടറേറ്റില്‍ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍. എംപി, എംഎല്‍എ, കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയ ജനപ്രതിനിധികളോ പ്രതിനിധികളോ യോഗത്തില്‍ പങ്കെടുക്കും.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും മറ്റ് സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന യോഗത്തില്‍ ഏതൊക്കെ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാവുന്നില്ലെന്ന് ജനപ്രതിനിധികള്‍ അറിയിക്കണം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്ന് കലക്ടര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു.
വികസനസമിതിയില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ നടപ്പാക്കാനുള്ളവ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദേശിച്ചു. വിഴിഞ്ഞം പ്രദേശത്ത് അനുവദിച്ച പട്ടയങ്ങളുടെ വിതരണത്തിനുള്ള നടപടികള്‍ നടന്നുവരുന്നതായും അടുത്ത മാസം ആദ്യം നല്‍കുമെന്നും ജമീലാ പ്രകാശം എംഎല്‍എക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ബാലരാമപുരം മുതല്‍ തയ്ക്കാപ്പള്ളി വരെയുള്ള ജലവിതരണ പൈപ്പ് സ്ഥാപിക്കാന്‍ റോഡ് മുറിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അനധികൃതമായി പലയിടത്തും റോഡ് കട്ടിങ് നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് കെ മുരളീധരന്‍ എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുയര്‍ന്ന കവടിയാര്‍, കുറവന്‍കോണം, ജവഹര്‍നഗര്‍ മേഖലകളില്‍ കൂടുതല്‍ സമയം ജലം ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ജല അതോറിറ്റി അധികൃതര്‍ എംഎല്‍എയുടെ പ്രതിനിധിയെ അറിയിച്ചു. അരുവിക്കര ഡാമില്‍ നിന്ന് നഗരത്തിലേക്കുള്ള കുടിവെള്ള പമ്പിങ് തടസ്സപ്പെടാതിരിക്കാന്‍ വൈദ്യുതി തടസ്സം ഉണ്ടാവാെത ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
വെമ്പായം വില്ലേജില്‍ അനധികൃതമായി തുടരുന്ന മണ്ണിടിക്കലുകള്‍ തടയാന്‍ നടപടി വേണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയുടെ പ്രതിനിധി തേക്കട അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
മണ്ണിടിക്കലിന് നല്‍കിയ അസ്വാഭാവികതയുള്ള പെര്‍മിറ്റുകള്‍ പരിശോധിച്ച് വിശദീകരണം നല്‍കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പിനോട് ആവശ്യപ്പെടാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. എംപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള അസറ്റുകള്‍ ഏറ്റെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള യൂസര്‍ ഏജന്‍സികള്‍ തയ്യാറാവണമെന്ന് ഡോ. ശശി തരൂര്‍ എംപിയുടെ പ്രതിനിധി എ ഷിബു ആവശ്യപ്പെട്ടു. കള്ളിക്കാട് ദേശസാല്‍കൃത ബാങ്ക് സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ തുടര്‍നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പോത്തന്‍കോട്-കോലിയക്കോട് വളവില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്പീഡ് ബ്രേക്കര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്ന് ഡോ. എ സമ്പത്ത് എംപിയുടെ പ്രതിനിധി ജാഹിര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി. ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള പ്ലാന്‍ സ്‌പേസ് കേരള എന്ന വെബ്‌സൈറ്റില്‍ വിവിധ വകുപ്പുകള്‍ നേരിട്ട് എന്റര്‍ ചെയ്ത വിവരങ്ങളാണ് ഓണ്‍ലൈനായി വിലയിരുത്തിയത്.
നിരവധി വകുപ്പുകള്‍ ഇതിനകം 100 ശതമാനം പദ്ധതി പൂര്‍ത്തീകരണം നടത്തിയിട്ടുണ്ട്. പദ്ധതി നടത്തിപ്പില്‍ പിന്നോട്ടുള്ള വകുപ്പുകള്‍ പദ്ധതിപൂര്‍ത്തീകരണത്തിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കലക്ടര്‍ അറിയിച്ചു. പദ്ധതിവിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള വകുപ്പുകള്‍ ഇക്കാര്യം ചെയ്യണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
വികസനസമിതി യോഗത്തില്‍ ജമീലാ പ്രകാശം എംഎല്‍എ, ഡോ. ശശി തരൂര്‍ എംപിയുടെ പ്രതിനിധി എ ഷിബു, ഡോ. എ സമ്പത്ത് എംപിയുടെ പ്രതിനിധി ജാഹിര്‍ ഹുസൈന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയുടെ പ്രതിനിധി തേക്കട അനില്‍കുമാര്‍, കെ മുരളീധരന്‍ എംഎല്‍എയുടെ പ്രതിനിധി അഡ്വ. ജപപാലന്‍ ഒളിവര്‍, ബി സത്യന്‍ എംഎല്‍യുടെ പ്രതിനിധി എസ് ആര്‍ രാജീവ്, എഡിഎം ടി ആര്‍ ആസാദ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് കെ എസ് പ്രീത പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss