|    Oct 19 Fri, 2018 3:36 am
FLASH NEWS

കുടിവെള്ള പൈപ്പ് പൊട്ടല്‍ : സര്‍ക്കാര്‍ ഇടപെടണമെന്ന് ജില്ലാ വികസന സമിതി

Published : 24th September 2017 | Posted By: fsq

 

കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള ജലവിതരണ പൈപ്പുകള്‍ വിവിധ സ്ഥലങ്ങളില്‍ പൊട്ടിയത് അറ്റകുറ്റ പണികള്‍ നടത്താന്‍ കരാറുകരെ ലഭ്യമല്ലാത്തതിനാലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടലിന് വേണ്ടി ജില്ലാ വികസന സമിതി. കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടിയത് കാരണം വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുകയാണ്. മലബാര്‍ മേഖലയില്‍ കരാറുകാര്‍ സമരത്തിലായതിനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കുന്നില്ല.  നൂറിലധികം ഇടങ്ങളില്‍ പൈപ്പുകള്‍  പൊട്ടി ജലം പാഴാവുന്നു.  റോഡുകളും തകരുന്ന സാഹചര്യമാണുള്ളത്. പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. വടകര ഭാഗത്ത് ദേശീയ പാതയില്‍ തകര്‍ന്ന ഭാഗങ്ങളിലെ അറ്റകുറ്റപണി ഈ മാസം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  ദേശീയ പാതാ വിഭാഗത്തിന് കൈമാറിയ ചോറോട് റെയില്‍വേ ഗേറ്റ് റോഡ്, മുക്കാളി, താഴെ മുക്കാളി റോഡ് എന്നിവയിലെ പാച്ച് വര്‍ക്കിന് അനുമതിയായതായും മഴ മാറുന്ന മുറയ്ക്ക് പ്രവൃത്തി ചെയ്യുന്നതാണെന്നും അധികൃതര്‍ ജില്ലാ വികസന സമിതി  യോഗത്തില്‍ അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞ മുക്കം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ സബ് ട്രഷറി ഓഫിസ്, കൃഷി ഭവന്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, എന്നിവയ്ക്ക് മുറികള്‍ അനുവദിച്ചിട്ടുണ്ട്. ഉപ വിദ്യാഭ്യാസ ഓഫിസ്, ഫുഡ് സേഫ്റ്റി ഓഫിസ്, എന്നിവയക്ക് കൂടി നടപടി സ്വീകരിക്കും. നാദാപുരം മിനിസിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനും ഉടന്‍ നടപടികളുണ്ടാവും. ഇവിടെ വൈദ്യൂതിയും വെള്ളവും ലഭ്യമാവാത്തതാണ് ഓഫിസുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ തടസ്സമാവുന്നത്. ഇതിനായുള്ള എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന്ന് സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. നിലവില്‍  ഹൈസ്‌കൂള്‍ വരെയാണ് സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് സംവിധാനമുള്ളത്. ഹയര്‍സെക്കന്‍ഡറി തലത്തില്‍ എത്തുന്ന വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായിക്കുന്നതിന് സൗകര്യമില്ല. നിലവില്‍ ജില്ലയില്‍ 82 ഹൈസ്‌കൂളുകളില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ജോലി ചെയ്തു വരുന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോരപ്പുഴ അഴിമുഖത്തെ മണല്‍ തിട്ട നീക്കം ചെയ്യുന്നതിനായുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നതായി എഡിഎം അറിയിച്ചു. നീക്കം ചെയ്യുന്ന മണല്‍ സമീപ പ്രദേശത്തെ ക്വാറികളിലേക്ക് നീക്കുവാനാണ് നടപടി സ്വീകരിക്കുന്നത്. കല്ലാനോട് ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള രണ്ട് ഏക്കര്‍ സ്ഥലം മല്‍സ്യം വളര്‍ത്തലിനായി ഫിഷറീസ് വകുപ്പിന് കൈമാറുന്നതിന് ആവശ്യപ്പെട്ടുകൊണ്ടുളള പ്രമേയം യോഗം അംഗീകരിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സി കെ നാണു, കെ ദാസന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല എന്നിവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss