|    Jan 24 Tue, 2017 4:40 am

കുടിവെള്ള പദ്ധതി: ഒന്നര മണിക്കൂറില്‍ രണ്ട് ഉദ്ഘാടനങ്ങള്‍

Published : 11th July 2016 | Posted By: SMR

കെ വിജയന്‍മേനോന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 23-ാം വാര്‍ഡില്‍ നെന്മിനി മിച്ചഭൂമി കോളനിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം, വാര്‍ഡ് കൗണ്‍സിലറോട് ആലോചിക്കാതെ തീരുമാനിച്ച നഗരസഭ അധികൃതരുടെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരുടേയും, നാട്ടുക്കാരുടേയും നേതൃത്വത്തില്‍ ജനകീയ ഉദ്ഘാടനം നടത്തി.
നെന്‍മിനി മിച്ചഭൂമി കോളനിയിലെ കുടിവെള്ള പദ്ധതിക്ക് രാഷ്ട്രീയ കക്ഷികളുടെ ചേരിതിരിഞ്ഞുള്ള ഉദ്ഘാടന മല്‍സരം ഗുരുവായൂരില്‍ വേറിട്ടൊരു സംഭവമായി മാറി. ഒന്നര മണിക്കൂറിന്റെ വിത്യാസത്തിലാണ് നെന്‍മിനി മിച്ചഭൂമി കോളനിയില്‍ രണ്ട് ഉദ്ഘാടനങ്ങള്‍ അരങ്ങേറിയത്. ജനപ്രതിനിധികളുടെ ചേരിതിരിഞ്ഞുള്ള ഈ ഉദ്ഘാടനമല്‍സരം കോളനിക്കാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇന്നലെ രാവിലെ 9-നാണ് ആദ്യത്തെ ഉദ്ഘാടനം നടന്നത്. അതില്‍ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരും, കോളനിവാസികളില്‍ ഭൂരിഭാഗംപേരും പങ്കെടുത്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍ വെള്ളത്തിന്റെ വാള്‍വ് തുറന്ന് പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് ആന്റെ തോമസ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ പ്രിയ രാജേന്ദ്രന്‍, ജോയ് ചെറിയാന്‍, ബഷീര്‍ പൂക്കോട്, വര്‍ഗ്ഗീസ് ചീരന്‍, പികെരാജന്‍, ലത പ്രേമന്‍, എടിഹംസ, ശ്രീദേവി ബാലന്‍, റഷീദ് കുന്നിക്കല്‍, സുഷ ബാബു എന്നിവരും, കോളനി നിവാസികളുള്‍പ്പടെ നൂറ് കണക്കിന് നാട്ടുക്കാരും ചടങ്ങില്‍ സംബന്ധിച്ചു. നഗരസഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ കെപിഎ റഷീദാണ് ആദ്യ ഉദ്ഘാടനത്തിന് പ്രധാനമായും ചുക്കാന്‍ പിടിച്ചത്.
ചടങ്ങിനുശേഷം അവര്‍ കുടിവെള്ള പൈപ്പുകള്‍ തുറന്നിടുകയും ചെയ്തിരുന്നു. ഒരേപരിപാടി തന്നെ പത്തരക്ക് വീണ്ടും കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യപരിപാടിയില്‍ കോളനി നിവാസികള്‍ ഒന്നടങ്കം പങ്കെടുത്തപ്പോള്‍, രണ്ടാമത് എം എല്‍എ നടത്തിയ ഉദ്ഘാടനത്തിന് പുറമേനിന്നുമെത്തിയ സിപിഎം പ്രവര്‍ത്തകരാണ് കൂടുതലും പങ്കെടുത്തത്.
എം എല്‍എ ഉദ്ഘാടനം നടത്തിയ പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ പ്രഫ. പി. കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ പി വിനോദ് , സുരേഷ് വാര്യര്‍, എം രതി, ടി ടി ശിവദാസ്, ടി എസ് ഷെനില്‍, കെഎസ് ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്നാല്‍ വാര്‍ഡംഗം പ്രിയ രാജേന്ദ്രനോട് അന്വേഷിക്കാതെ ഉദ്ഘാടകനെ നിശ്ചയിച്ചുവെന്നു പറഞ്ഞാണ് ഒന്നര മണിക്കൂര്‍മുമ്പ് നഗരസഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ കെപിഎ റഷീദിന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം നടന്നത്.
മാത്രമല്ല ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്ര. പികെ ശാന്തകുമാരി, സിപിഎമ്മിന്റെ ചട്ടകമായി മാറിയെന്നും യുഡിഎഫ് ആരോപിച്ചു. സംഘര്‍ഷമുണ്ടാകുമെന്നു കരുതി നെന്‍മിനി മിച്ചഭൂമി കോളനിയിലും, പരിസരത്തും വന്‍പോലിസ് സംഘമാണ് നിലയുറപ്പിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക