|    Dec 14 Thu, 2017 6:54 pm
FLASH NEWS

കുടിവെള്ള പദ്ധതിയുടെയും ക്ഷേത്രത്തിന്റെയും സമീപം അറവുമാലിന്യം തള്ളി

Published : 30th September 2016 | Posted By: Abbasali tf

ചെര്‍പ്പുളശ്ശേരി: കുലുക്കല്ലൂര്‍ പുറമത്ര ആനക്കല്‍ ക്ഷേത്രത്തിന്റെയും കുടിവെള്ളപദ്ധതിയുടെയും  സമീപം 8 ലോഡ് അറവുമാലിന്യം തള്ളിയതില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍. ബുധനാഴ്ച രാത്രിയില്‍  കുലുക്കല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് എന്ന് പറഞ്ഞുകൊണ്ട് മാലിന്യം തള്ളിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഈ വ്യക്തി ഇത് നിഷേധിച്ചിരിക്കയാണ്. ഒരു മാസത്തിലേറെ പഴക്കമുള്ള അറവു മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ഈ പ്രദേശത്ത് തള്ളിയിരിക്കുന്നത്. മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള കാരാറുകാരാണ് ഇത് തള്ളിയെന്നാണ് സംശയിക്കുന്നത്. രണ്ടുദിവസം മുമ്പ് ഈ പ്രദേശത്ത് കുഴിയെടുക്കുന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് റോഡ് പണിക്കുള്ള മണ്ണെടുക്കുകയാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. ഇന്നലെ മാലിന്യം ഈ സ്ഥലത്ത് കുഴിച്ചുമൂടാനായി ജെ സി ബി വന്നതിനെത്തുടര്‍ന്ന് തടഞ്ഞുവെക്കുകയും ചെര്‍പ്പുളശ്ശേരി സി ഐ ദീപക് കുമാറും എസ് ഐ പി എം ലിബിയും സ്ഥലത്തെത്തി ജെ സി ബി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മാലിന്യം ഇപ്പോഴും ഇവിടെ കൂടിക്കിടക്കുകയാണ്. ഇന്നലെ  വൈകീട്ട് 5 വരെയും മാലിന്യം നീക്കം ചെയ്യാന്‍ തീരുമാനത്തില്‍ എത്താത്തതിനെതുടര്‍ന്ന് നാട്ടുകാര്‍ ചെര്‍പ്പുളശ്ശേരി-പട്ടാമ്പി റോഡ് ഉപരോധിക്കാന്‍ തടിച്ചുകൂടുകയും പിന്നീട് സി ഐ യുമായി നടത്തിയ ചര്‍ച്ചയില്‍ മാലിന്യം ഉടന്‍ നീക്കം ചെയ്യാനുള്ള ശ്രമം നടത്താമെന്ന ഉറപ്പിന്മേല്‍ ഉപരോധം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍  ഇന്നലെ വൈകുന്നേരം വരെയും മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. മാലിന്യം സ്ഥലത്ത് കൂടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക