|    Oct 17 Wed, 2018 8:27 pm
FLASH NEWS

കുടിവെള്ള പദ്ധതികളിലേക്കുള്ള പമ്പിങ് പ്രതിസന്ധിയില്‍

Published : 28th March 2018 | Posted By: kasim kzm

പത്തനാപുരം: കുടിവെള്ള പദ്ധതികളിലേക്കുള്ള പമ്പിങ് പ്രതിസന്ധിയിലായി. പത്തനാപുരം, പുനലൂര്‍ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും കല്ലടയാറ്റിലെ പിറവന്തൂര്‍ മുക്കടവ് പേപ്പര്‍മില്‍ തടയണയുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനോ ഉയരം വര്‍ധിപ്പിക്കുവാനോ നടപടികളില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് നാല് ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചത് ആശ്വാസമായി.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും 1 അടക്കമുള്ളവര്‍ വേനല്‍ കടുക്കുമ്പോള്‍ മാത്രമാണ്തടയണയെ കുറിച്ച്  ആലോചിക്കുനത് .അഞ്ച് വര്‍ഷം മുമ്പ് അറ്റകുറ്റപണികളും ഉയരം കൂട്ടുന്നതിനുമായി തയ്യാറാക്കി സമര്‍പ്പിച്ച 30 ലക്ഷത്തിന്റെ പദ്ധതി തുടര്‍ നടപടികളില്ലാതെ സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജിലാണ്. കാലേകൂട്ടി തുടര്‍ നടപടികളെടുത്തില്ലെങ്കില്‍ ജില്ലയുടെ  കിഴക്കന്‍ മേഖലയില്‍  വേനലില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാക്കും.
135 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ്‌കാര്‍ നിര്‍മ്മിച്ച തടയണയാണ് വേണ്ടത്ര അറ്റകുറ്റപണികളില്ലാതെ നശിക്കുന്നത്.   തെന്മല പരപ്പാര്‍ ഡാം കവിഞ്ഞൊഴുകിയ  1992ലെ വെള്ളപ്പൊക്കത്തിലാണ് തടയണയുടെ മുകള്‍ഭാഗത്തെ രണ്ട് വരി കല്ലുകള്‍ ഇളകി പോയത്. 25 വര്‍ഷം പിന്നിട്ടിട്ടും ജനപ്രതിനിധികളും ഭരണാധികാരികളും തടയണയുടെ ഉയരം കൂട്ടാന്‍ നടപടി എടുക്കുന്നില്ലെന്നാക്ഷേപമുണ്ട്. കുര്യോട്ടുമല, ജപ്പാന്‍, കുണ്ടറ, പുനലൂര്‍ തുടങ്ങിയ വന്‍കിട കുടിവെള്ള പദ്ധതികളുടേയും നിരവധി ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്കും ജലമെടുക്കുന്ന കല്ലടയാറ്റില്‍  ജലനിരപ്പ് താഴാതെ നിലനിര്‍ത്തുന്ന തടയണയാണ് നാശത്തിന്റെ വക്കിലായത്.ഇപ്പോള്‍ എല്ലാ വര്‍ഷവും വേനല്‍ കാല പദ്ധതിയില്‍ നാലും അഞ്ചും ലക്ഷം രൂപ മുടക്കി ഒന്നോ രണ്ടോ അടി ഉയരത്തില്‍ മണല്‍ചാക്ക് അടുക്കുന്ന തിരക്കഥ തയ്യാറാക്കുകയാണ് പതിവ്.  ഉദ്യോഗസ്ഥരുടെ നോമിനിയെ വച്ച് വേനല്‍ അവസാനിക്കുമ്പോഴേക്ക് ഇവിടെ നിന്നും തന്നെ മണല്‍ വാരി ചാക്കിലാക്കി പേരിന് നടപ്പിലാക്കും.
അടുത്ത മഴവെള്ളത്തില്‍ ഇത് ഒലിച്ചും പോകുമെന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥരുടെ തട്ടിപ്പ് വര്‍ഷാവര്‍ഷം തുടര്‍ക്കഥയായി  നടക്കുന്നു.ഇക്കുറി വേനല്‍ കടുത്തിട്ടും യോഗം കൂട്ടാനായിട്ടില്ല.
കുണ്ടറ കുടിവെള്ള പദ്ധതിയില്‍ നിന്നും  കൊട്ടാരക്കര താലുക്കിലേയും കുണ്ടറ മേഖലയിലെയും 15 ഓളം പഞ്ചായത്തുകളിലേക്കും ജപ്പാന്‍ പദ്ധതിയില്‍ നിന്ന് നാല്‍പതോളം പഞ്ചായത്തകള്‍ക്കാണ് കുടിവെള്ളം നല്‍കുന്നത്. വേനല്‍ വരുമ്പോള്‍ തടയണയിലെ ജലനിരപ്പ് താഴ്ന്ന് പമ്പിങ് നടക്കാതെ വന്നാല്‍ ഈ പഞ്ചായത്തുകളിലേയും പുനലൂരിലും കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണ്. കഴിഞ്ഞ വേനലില്‍ പുനലൂരില്‍ 165 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നതും പ്രഖ്യാപനമായി. അടുത്ത വേനല്‍ വന്നിട്ടും കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനത്തെപ്പറ്റി ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കും  അനക്കമില്ല. നിര്‍മിതി കേന്ദ്രത്തെ പദ്ധതി ഏല്‍പിച്ചതോടെയാണ്  എസ്റ്റിമേറ്റും പദ്ധതി തയ്യാറാക്കലും പ്രഖ്യാപനത്തില്‍ ഒതുങ്ങിയതെന്ന ആക്ഷേപമുണ്ട്..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss