|    Apr 23 Mon, 2018 1:47 am
FLASH NEWS

കുടിവെള്ള ടാങ്ക് ദുരന്തം: ജില്ലയൊട്ടാകെ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ജില്ലാപഞ്ചായത്ത്

Published : 29th June 2016 | Posted By: SMR

കൊല്ലം: പുത്തൂര്‍ കൈതക്കോട് കുടിവെള്ള ടാങ്ക് വീട്ടിനു മുകളിലേക്ക് മറിഞ്ഞ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയൊട്ടാകെ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. കൈതക്കോട് അപകടമുണ്ടായ കുടിവെള്ളസംഭരണിയും ഇരുമ്പുചട്ടക്കൂടും സ്ഥാപിച്ചിരുന്നത് ഭൂഗര്‍ഭജലവകുപ്പും റവന്യൂവകുപ്പും സംയുക്തമായാണ്. സമാനരീതിയിലുള്ള ഏഴ് കുടിവെള്ളസംഭരണികള്‍ സമീപപ്രദേശങ്ങളില്‍ തന്നെയുണ്ടെന്ന് പൊതുചര്‍ച്ചയ്ക്ക് മറുപടി പറയവെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ലാപഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ പരിശോധനയ്ക്കായി വിജിലന്‍സ് സെല്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ സ്‌കൂളുകളുടെ അവസ്ഥയെക്കുറിച്ച് തദ്ദേശ ഭരണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതായും അപകടാവസ്ഥയിലുള്ള 13 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായും ജഗദമ്മ ടീച്ചര്‍ അറിയിച്ചു. 47 കെട്ടിടങ്ങള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നും റിപോര്‍ട്ടുണ്ട്. അപകടാവസ്ഥയിലുള്ള 13 കെട്ടിടങ്ങള്‍ അടിയന്തിരമായി പൊളിച്ചു മാറ്റും.
ഇവയ്ക്ക് പകരമായി കെട്ടിടം പടുത്തുയര്‍ത്താന്‍ ജില്ലാ പഞ്ചായത്തിനു മാത്രമായി കഴിയില്ല. പകരം സംവിധാനങ്ങള്‍ സ്‌കൂള്‍ അധികൃതരും അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതിയും ജനപ്രതിനിധികളുമൊക്കെ സംയുക്തമായി ആലോചിച്ച് തീരുമാനിക്കണം. വാസയോഗ്യമല്ലാത്ത കെട്ടിടങ്ങളില്‍ അധ്യയനം നടത്താന്‍ പാടില്ലെന്നു തന്നെയാണ് തീരുമാനമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
കൈതക്കോട് ജലസംഭരണി വീണ് കുട്ടി മരിച്ച സംഭവം ശ്രദ്ധയില്‍ കൊണ്ടുവന്നത് സിപിഎം അംഗം അഡ്വ. എസ് പുഷ്പാനന്ദനാണ്. അരയടിപോലും താഴ്ചയിലല്ല ഇരുമ്പ് ചട്ടക്കൂട് സ്ഥാപിച്ചിരുന്നതെന്ന് അംഗം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ ജില്ലാപഞ്ചായത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പരിശോധിക്കുന്നതിന് അഞ്ചുപേര്‍ അടങ്ങുന്ന വിജിലന്‍സ് സെല്‍ രൂപീകരിക്കണമെന്നും അംഗം ആവശ്യപ്പെട്ടു. ഇതില്‍ രണ്ടുപേര്‍ വിദഗ്ദ്ധരായിരിക്കണമെന്നും അഡ്വ. പുഷ്പാനന്ദന്‍ നിര്‍ദ്ദേശിച്ചു.
അദ്ധ്യയനം ആരംഭിച്ചിട്ടും സ്‌കൂളുകളുടെ സ്ഥിതി വളരെ ശോചനീയമാണെന്ന് കുലശേഖരപുരം ഡിവിഷന്‍ അംഗം സിപിഎമ്മിലെ സി രാധാമണി ചൂണ്ടിക്കാട്ടി.
ചെറിയഴീക്കല്‍, അഴീക്കല്‍, കുഴിത്തുറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി ശോചനീയമാണ്. സ്‌കൂള്‍ അറ്റകുറ്റപ്പണിക്കായി ലഭിക്കുന്ന 15 ലക്ഷം രൂപ അപര്യാപ്തമാണെന്നും അംഗം പറഞ്ഞു. എസ്എസ്എ ഫണ്ടുമായി ബന്ധപ്പെട്ട പദ്ധതികളില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലാത്ത അവസ്ഥയാണെന്ന് സിപിഐ അംഗം അഡ്വ. എസ് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും പദ്ധതിയുടെ അവസാനഘട്ടം നടക്കാതെ പോകുന്ന അവസ്ഥയാണുള്ളത്. പദ്ധതികളില്‍ സുതാര്യത ഉറപ്പാക്കണമെന്നും അംഗം ആവശ്യപ്പെട്ടു.
സ്‌കൂളുകളുടെ ആവശ്യം മനസ്സിലാക്കാതെയാണ് ബഞ്ചുകളും ഡസ്‌കുകളും നല്‍കുന്നതെന്ന് ഇത്തിക്കര ഡിവിഷനിലെ സിപിഐ അംഗം എന്‍ രവീന്ദ്രന്‍ പരാതിപ്പെട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ഇരുന്നുകൊണ്ട് സ്‌കൂളിന്റെ ആവശ്യകത മനസ്സിലാകുന്ന ഏര്‍പ്പാടാണ് നിലവിലുള്ളതെന്നും അംഗം പറഞ്ഞു. അധ്യാപകരുടെ ഒഴിന് നികത്താന്‍ ജില്ലാപഞ്ചായത്ത് മുന്‍കൈ എടുക്കണമെന്ന് സിപിഎം അംഗം കെ സി ബിനു ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ ദയനീയാവസ്ഥ ചവറ ഡിവിഷനിലെ ആര്‍എസ്പി അംഗം ശോഭയും വിവരിച്ചു. ശങ്കരമംഗലം ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് ചുറ്റുമതിലില്ല. നൂറ് കണക്കിന് നായ്ക്കള്‍ സ്‌കൂള്‍ അങ്കണത്തില്‍ താവളമടിച്ചിരിക്കുകയാണ്. ക്ലാസ് റൂമില്‍ രാവിലെ കാണപ്പെടുന്ന സാധനങ്ങളെക്കുറിച്ച് വിവരിക്കാനാവില്ലെന്നും അംഗം പറഞ്ഞു.
ജനറല്‍ ഫണ്ടില്‍ നിന്നും തുകയെടുത്ത് സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാമെന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ നിര്‍ദ്ദേശിച്ചു. കുട്ടികളുടെ അംഗബലം അനുസരിച്ചാണ് സ്‌കൂളുകളില്‍ ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള ഫാമുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് സിപിഎമ്മിലെ എസ് ഫത്തഹുദ്ദീന്‍ നിര്‍ദ്ദേശിച്ചു. ജില്ലാപഞ്ചായത്ത് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെക്കുറിച്ചും അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തി. അടുത്ത ജില്ലാ പഞ്ചായത്ത് യോഗം മുതല്‍ ഉദ്യോഗസ്ഥന്മാരുടെ ഹാജര്‍നില പരിശോധിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി. യുഡിഎഫ് അംഗങ്ങളെ അവഗണിക്കുന്നുവെന്ന അംഗങ്ങളുടെ പരാതിയേയും ജഗദമ്മ ടീച്ചര്‍ ഖണ്ഡിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, സെക്രട്ടറി കെ അനില്‍കുമാര്‍, സ്ഥിരംസമിതി അധ്യക്ഷ ഇഎസ് രമാദേവി, അംഗങ്ങളായ രശ്മി, സരോജിനി ബാബു, ഷേര്‍ളി സത്യദേവന്‍, ടി ഗിരിജാകുമാരി എന്നിവരും പൊതു ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss