|    Oct 20 Fri, 2017 1:55 am

കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം

Published : 3rd August 2017 | Posted By: fsq

 

പാലാ: വീടിന്റെ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം. കരൂര്‍ പഞ്ചായത്തില്‍ ഇടനാട് സിപിഐ നേതാവും മുന്‍ പഞ്ചായത്തംഗവുമായ അജി വട്ടക്കുന്നേലിന്റെ വീട്ടിലെ കുടിവെള്ള ടാങ്കിലാണ് സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച അജിയും ഭാര്യ ശ്രീജയും കുട്ടികളും ശ്രീജയുടെ വീട്ടല്‍ പോയിരുന്നു. കുട്ടികള്‍ രാവിലെ പാലു കുടിക്കാന്‍ താമസിച്ചതിനാല്‍ രക്ഷപ്പെട്ടു. ചൊവാഴ്ച രാവിലെ വീട്ടില്‍ എത്തി കുട്ടികള്‍ക്ക് പാലു തിളപ്പിച്ച ശേഷം അരി വേവിക്കുന്നതിനായി വെള്ളമെടുത്തപ്പോഴാണ് വെള്ളത്തില്‍ എന്തോ ഗന്ധം ഉണ്ടെന്നു മനസ്സിലായത്. തുടര്‍ന്ന് അജി വീട്ടുമുറ്റത്തുള്ള ടാങ്കില്‍ പരിശോധിച്ചപ്പോഴാണ് വെള്ളത്തിന് നീലനിറം കാണുകയും ടാങ്കില്‍ നിറയെ പതയും കണ്ടെത്തിയത്.വെള്ളത്തില്‍ കീടനാശിനി പോലുള്ള വിഷത്തിന്റെ രൂക്ഷഗന്ധവും ഉണ്ടായിരുന്നു. ജലനിധിയുടെ കണക്ഷനില്‍ നിന്നു വെള്ളമെടുക്കുന്ന അജി മറ്റ് വീടുകളില്‍ അന്വേഷിച്ചപ്പോള്‍ അവിടുത്തെ വെള്ളത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല. ടാങ്കിലെ വെള്ളത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നു മനസ്സിലായതോടെ വിവരം പാലാ പോലിസില്‍ അറിയിച്ചു. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി വെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തി. രാവിലെ വിഷം കലര്‍ന്ന വെള്ളം ഉപയോഗിച്ച് പാല് തിളപ്പിച്ചെങ്കിലും 11, രണ്ട് വയസ്സുള്ള കുട്ടികള്‍ അതു കുടിയ്ക്കാന്‍ താമസിച്ചതിനാല്‍ അപകടം ഒഴിവായി. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീചമായ കുറ്റകൃത്യം നടത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് കെ ബി അജേഷും സെക്രട്ടറി കെ ബി സന്തോഷ് കുമാറും ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക