|    Nov 21 Wed, 2018 7:52 pm
FLASH NEWS

കുടിവെള്ള ക്ഷാമവും വൈദ്യുതി മുടക്കവും; ജനം ദുരിതത്തില്‍

Published : 1st February 2018 | Posted By: kasim kzm

ചങ്ങനാശ്ശേരി: താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. വൈദ്യുതി മുടക്കവും പതിവായതോടെ ജനം കടുത്ത ദുരിതത്തിലാണ്. എന്നാല്‍ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധയിടങ്ങളില്‍ സംഭവിക്കുന്ന പൈപ്പുപൊട്ടല്‍ കൂടിയായതോടെ ദുരിതം ഇരട്ടിയായി. ശുദ്ധ ജലക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ആദ്യ പടിയെന്ന നിലയില്‍ കുടിവെള്ളമെത്തിക്കാനുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. പഞ്ചായത്തുകള്‍ േതാറും 5000 ലിറ്റര്‍ കുടിവെള്ളം എത്തിക്കാനുള്ള ക്വട്ടേഷനുകളാണ് അന്നു ക്ഷണിച്ചിരുന്നത്. തുടര്‍ന്ന് കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശാനുസരണം കുടിവെള്ള വിതരണം നടത്താനും കഴിഞ്ഞിരുന്നു. അതോടൊപ്പം ഏതെല്ലാം പോയന്റുകളിലാണ് കുടിവെള്ള വിതരണം നടത്തേണ്ടതെന്ന് പഞ്ചായത്തുകള്‍ നേരത്തെ തന്നെ തീരുമാനിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിലും പരിസരങ്ങളിലും അനുഭവപ്പെട്ട കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ റവന്യൂ ടവറില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് അവലോകന യോഗം നടത്തുകയും താലൂക്കിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ വേനല്‍ച്ചൂട് ആരംഭിച്ചപ്പോള്‍ തന്നെ തീരുമാനവും എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപടികളൊന്നും നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. തിരുവല്ലാ കറ്റോട്ട് ശുദ്ധജല പദ്ധതിയില്‍ നിന്ന് ഇടയ്ക്കു മാത്രം എത്തുന്ന കുടിവെള്ളം മാത്രമാണ് നഗരത്തിലെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്രയം. എന്നാല്‍ ആറ്റില്‍ ജലനിരപ്പ് കൂടുതല്‍ താഴാന്‍ തുടങ്ങുന്നതോടെ  സാധാരണ നടത്തിവന്നിരുന്നതു പോലെയുള്ള പമ്പിങ് അവിടെ നടക്കാനും ഇടയില്ല. ഇപ്പോള്‍ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഈ പദ്ധതിയില്‍ നിന്നുള്ള ശുദ്ധജല വിതരണമാണ് ഏക ആശ്രയം.  എന്നാല്‍ വേണ്ടത്ര വെള്ളം ലഭിക്കാതെ വന്നതിനെ തുടര്‍ന്നു സമീപ പഞ്ചായത്തുകളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. ശാന്തി നഗര്‍, പാപ്പാന്‍ചിറ, മന്ദിരം കവല, കുറിച്ചി ഔട്ട് പോസ്റ്റ്, മലകുന്നം, ആനക്കുഴി,പുലിക്കുഴി, കേളന്‍ കവല, റെഡിമെയ്ഡ് കവല, എണ്ണക്കാച്ചിറ, ചാലച്ചിറ, വലിയകുളം, തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ചങ്ങനാശ്ശേരിയില്‍ പുതൂര്‍പ്പള്ളി, വാഴപ്പള്ളി, മധുമൂല, മാര്‍ക്കറ്റ്, നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറെ ക്ഷമം അനുഭവപ്പെടുന്നത്. വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ വക്കച്ചന്‍പടി,ആറ്റുവക്കേരി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം ആരംഭിച്ചിട്ടുണ്ട്. കടുത്ത വരള്‍ച കാരണം ഈ പ്രദേശങ്ങളിലെ കിണറുകളും മറ്റു ജലശ്രോതസ്സുകളും വറ്റിവരണ്ടു തുടങ്ങി. പൈപ്പുകളിലൂടെയുള്ള ശുദ്ധജലം യഥാസമയങ്ങളില്‍ എത്താറില്ലെന്നു നാട്ടുകാര്‍ പറയുന്നു. പായിപ്പാട് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായ പൂവം, നക്രാപുതുവല്‍ ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം വ്യാപകമായിട്ടുണ്ട്. ഇവിടെ വളരെ അകലെ നിന്നുപോലും വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. മാടപ്പള്ളി, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളുടെ പലഭാഗങ്ങളിലും പ്രത്യേകിച്ചു  കിഴക്കന്‍ മേഖലകളിലും  കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചങ്ങാശ്ശേരിയുടെ പടിഞ്ഞാറന്‍ പ്രദേശമായ വാലടി, ഈര, കൈനടി, പയറ്റുപാക്ക തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തുക കൊടുത്ത് നാട്ടുകാര്‍ കുടിവെള്ളം വാങ്ങിത്തുടങ്ങി. എന്നാല്‍ വെള്ളം ശുദ്ധമാണോ എന്ന്് നാട്ടുകാരില്‍ സംശയവും ഉയര്‍ന്നിട്ടുള്ളതിനാല്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഇവ വാങ്ങിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ നഗരത്തിലും സമീപങ്ങളിലേയും ജലസ്രോതസ്സുകള്‍ വറ്റിവരളാനും ആരംഭിച്ചിട്ടുണ്ട്. നിരവധി വഴിയോരക്കിണറുകള്‍ ഉണ്ടെങ്കിലും അവ ഉപയോഗപ്രദമാക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിസ്സംഗത പാലിക്കുകയാണ്. ഈ കിണറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ കുടിവെള്ളക്ഷാമത്തിനു താല്‍ക്കാലികമായെങ്കിലും പരിഹാരമുണ്ടാക്കാനാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss