|    Jan 19 Thu, 2017 5:42 am
FLASH NEWS

കുടിവെള്ളത്തിന് വൈഫൈ പകരമാവില്ലെന്ന് ജന’പക്ഷം’ ചിഹ്നം കോണിയെങ്കില്‍ ജയം ഉറപ്പെന്ന് ലീഗ്

Published : 12th May 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

വേങ്ങര: മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് 2006ലെ കുറ്റിപ്പുറത്തെ ചരിത്രപരാജയത്തിന് ശേഷം അനായാസ വിജയം നല്‍കിയ ലീഗ് കോട്ടയാണ് വേങ്ങര. നേരത്തേ മലപ്പുറം മണ്ഡലത്തിന്റെ ഭാഗമായിരുന്ന വേങ്ങര, 2008ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് നിലവില്‍ വന്നത്. ആറു പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭാഗിക തകര്‍ച്ച നേരിട്ട യുഡിഎഫ് എ ആര്‍ നഗര്‍, ഊരകം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. വേങ്ങര പഞ്ചായത്തില്‍ ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ചേര്‍ന്ന മുന്നണിയാണ് ഭരിക്കുന്നത്. 20 അംഗ കണ്ണമംഗലത്ത് സ്വതന്ത്രന്റെ പിന്തുണയോടെയാണ് ലീഗ് ഭരണം. 19 വാര്‍ഡുകളുള്ള പറപ്പൂരില്‍ ലീഗിന് അഞ്ചംഗങ്ങള്‍ മാത്രമേയുള്ളു. 2006 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് മുഖ്യ എതിരാളിയായ സിപിഎമ്മിനുള്ളത്.

വേങ്ങരയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും തലവേദന സൃഷ്ടിക്കുന്നു. എന്നാല്‍, കുടിവെള്ളം കുഞ്ഞാലിക്കുട്ടിയുടെ വഴിമുടക്കില്ലെന്നാണ് ലീഗിന്റെ വിശ്വാസം. ചിഹ്നം കോണിയും പാര്‍ട്ടി ലീഗുമാണെങ്കില്‍ ആരെയും വിജയിപ്പിക്കുന്ന വോട്ടര്‍മാരാണ് തങ്ങള്‍ക്കുള്ളതെന്ന് ലീഗ് അണികളും നേതാക്കളും പറയുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ മണ്ഡലത്തിന് അനുവദിച്ച സര്‍ക്കാര്‍ കോളജ് മുസ്‌ലിം ലീഗിലെ ഒരു വിഭാഗം രൂപീകരിച്ച ട്രസ്റ്റിന് എയ്ഡഡ് കോളജായി മാറ്റി നല്‍കിയതും പ്രചാരണ വിഷയമാണ്. മണ്ഡലത്തില്‍ ഹൈടെക് ബസ്‌സ്റ്റോപ്പുകള്‍ നിര്‍മിച്ചുവെന്നും അവിടെ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയെന്നുമാണ് ലീഗിന്റെ അവകാശ വാദം. ഈ വൈഫൈ ഒരാഴ്ച മാത്രമെ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, കുടിവെള്ളത്തിനു പകരം വൈഫൈ കൊണ്ട് ദാഹം മാറില്ലെന്നാണ് സാധാരണക്കാരുടെ പക്ഷം. മണ്ഡലം പരിധിയില്‍ പത്താം ക്ലാസ് വിജയിച്ച പകുതിയില്‍ അധികം വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന് സൗകര്യമില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.
മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ പോരും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് -ഇടതുപക്ഷ സഖ്യവും പരമാവധി ഉപയോഗപ്പെടുത്താനാണ് സിപിഎം സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ നീക്കം. സ്ഥലം എംഎല്‍എ വ്യവസായ മന്ത്രിയായിട്ടും മണ്ഡലത്തില്‍ ഒരു വ്യവസായം പോലും കൊണ്ടുവരാന്‍ സാധിക്കാത്തതും എംഎല്‍എയുടെ കഴിവുകേടായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും സിപിഎമ്മിനായിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ രംഗത്തിറക്കിയ ഐഎന്‍എല്ലിലെ കെപി ഇസ്മായിലിനു വേണ്ടി ശക്തമായി പ്രചാരണം നടത്താനോ വോട്ടുപിടിക്കാനോ സിപിഎം സജീവമായില്ലെന്ന് ഐഎന്‍എല്‍ അണികള്‍ക്ക് പരിഭവമുണ്ട്. ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ഇതുവരെ സിപിഎമ്മിനൊപ്പം പ്രചാരണത്തില്‍ സജീവമല്ല. മണ്ഡലത്തിലെ അറിയപ്പെടുന്ന ഐഎന്‍എല്‍ നേതാക്കള്‍ കോഴിക്കോട് സൗത്തില്‍ പ്രചാരണത്തിലാണ്.
മണ്ഡലം ജനറല്‍ സെക്രട്ടറിയും മുന്‍ പറപ്പൂര്‍ പഞ്ചായത്തംഗവുമായ കല്ലന്‍ അബൂബക്കര്‍ മാസ്റ്ററെയാണ് എസ്ഡിപിഐ -എസ്പി സഖ്യം രംഗത്തിറക്കിയിരിക്കുന്നത്. പ്രദേശത്തെ വികസന മുരടിപ്പുകള്‍ അക്കമിട്ട് നിരത്തി ചിട്ടയായ പ്രചാരണമാണ് നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തായിരുന്നു. പറപ്പൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മറ്റു പഞ്ചായത്തുകളിലും ഗണ്യമായി വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ എസ്ഡിപിഐക്കായി.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പദ്ധതിയില്ല, തറക്കല്ലിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കല്ലക്കയം തടയണ നിര്‍മിച്ചില്ല. വേങ്ങര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വേണ്ടത്ര ജീവനക്കാരില്ല, പറപ്പൂര്‍ ആയുര്‍വേദ ആശുപത്രിക്ക് 55 ലക്ഷം രൂപയുടെ കെട്ടിടമെന്ന പ്രഖ്യാപനം നടപ്പാക്കിയില്ല. വേങ്ങരയില്‍ ഇഎസ്‌ഐ ആശുപത്രി വാഗ്ദാനം പാലിച്ചില്ല. ഊരകത്ത് ഐടിഐ സ്ഥാപിച്ചുവെന്ന് തെറ്റായി പ്രചരിപ്പിക്കുന്നു. പ്രഫഷനല്‍ കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഫഌക്‌സ് ബോര്‍ഡില്‍ ഒതുങ്ങി- എസ്ഡിപിഐ നേതാക്കള്‍ ആരോപിക്കുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,237 വോട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടിക്ക് 63,138 വോട്ടും ഇടതു സ്വതന്ത്രന്‍ കെപി ഇസ്മായിലി(ഐഎന്‍എല്‍)ന് 24,901 വോട്ടും ലഭിച്ചു. എന്നാല്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിലെ ഇ അഹ്മദിന് വേങ്ങര മണ്ഡലത്തില്‍നിന്ന് വോട്ട് ഗണ്യമായി കുറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ സൈനബ(സിപിഎം) 17,691 വോട്ടുകള്‍ നേടിയപ്പോള്‍ എസ്ഡിപിഐയിലെ നാസറുദ്ദീന്‍ എളമരം 9000ല്‍ അധികം വോട്ടുകള്‍ നേടി. പി ടി ആലി ഹാജി(ബിജെപി) സുരേന്ദ്രന്‍ കരിപ്പുഴ(വെല്‍ഫെയര്‍ പാര്‍ട്ടി) സുബൈര്‍ സ്വബാഹി(പിഡിപി) എന്നിവരും മണ്ഡലത്തില്‍ ജനവിധി തേടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക