|    Jan 23 Mon, 2017 4:02 am
FLASH NEWS

കുടിവെള്ളത്തിന് വേണ്ടിയുള്ള യുദ്ധം

Published : 23rd March 2016 | Posted By: SMR

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കുടിവെള്ളത്തിനു വേണ്ടിയുള്ള സംഘര്‍ഷങ്ങള്‍ പതിവായതോടെ കരുതല്‍ നടപടിയായി ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണത്രേ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂകമ്പബാധയുണ്ടായ ഈ പ്രദേശം കടുത്ത കുടിവെള്ളക്ഷാമമുള്ള മേഖലയാണ്. പൊതുകിണറുകള്‍ക്കും കുളങ്ങള്‍ക്കും ചുറ്റും അഞ്ചിലധികം ആളുകള്‍ കൂട്ടം ചേര്‍ന്നു നില്‍ക്കരുതെന്നാണു കല്‍പന. ഭാവിയില്‍ ലോകത്ത് ഏറ്റുമുട്ടലുകള്‍ നടക്കുക കുടിവെള്ളത്തിന്റെ പേരിലായിരിക്കും എന്ന സാമൂഹിക ശാസ്ത്രജ്ഞരുടെ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമായി.
കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത മലയാളികള്‍ ഒരുപക്ഷേ, ലാഘവത്തോടെ വായിച്ചു തള്ളുന്നുണ്ടാവും. എന്നാല്‍ പുഴകളുടെയും കുളങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നാടായ കേരളവും അതിരൂക്ഷമായ ജലക്ഷാമത്തെ നേരിടുകയാണെന്നതാണു വസ്തുത. ഏതു നിമിഷവും ലാത്തൂര്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെട്ടേക്കാം. വേനല്‍ മഴയുടെ കുറവുമൂലം ജലാശയങ്ങള്‍ വറ്റിവരളുന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം കുടിവെള്ളക്ഷാമം രൂക്ഷമായതിനു കാരണം എന്നാണ് ഔദ്യോഗിക ഭാഷ്യം. അതോടൊപ്പം വറ്റാതെ അവശേഷിക്കുന്ന പുഴകളും കുളങ്ങളുമെല്ലാം മലിനമായതുമൂലം വെള്ളം ഉപയോഗയോഗ്യമായ അവസ്ഥയിലുമല്ല. എന്തുകൊണ്ടു വേനല്‍മഴ കുറഞ്ഞു? വികസനത്തിന്റെ പേരില്‍ നാട്ടിലുടനീളം നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നുകള്‍ ഇടിക്കുന്നതും കുളങ്ങള്‍ നികത്തുന്നതും മറ്റും മൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനമാണ് വേനല്‍മഴ കുറയാന്‍ കാരണം. പരിസ്ഥിതി നശീകരണം മൂലം ജലസ്രോതസ്സുകള്‍ മുഴുവനും വറ്റിവരണ്ടു. ഇതേക്കുറിച്ചൊന്നും ഗൗരവപൂര്‍വം ആലോചിക്കാന്‍ നേരമില്ല എന്നതാണ് അതിശീഘ്രം ബഹുദൂരം വികസന പാതയിലൂടെ സഞ്ചരിക്കാന്‍ വെമ്പുന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ സവിശേഷത. വെള്ളമില്ലെങ്കിലെന്താണ്, കുപ്പിവെള്ളം വാങ്ങി ആവശ്യങ്ങള്‍ നിവൃത്തിച്ചുകൂടേ എന്നാവാം ഭരണവര്‍ഗത്തിന്റെ ഉള്ളിലിരിപ്പ്. മനുഷ്യരുടെ അടിസ്ഥാനാവശ്യമായ കുടിവെള്ളം പോലും ജനങ്ങള്‍ക്ക് ലഭ്യമാവാത്ത അവസ്ഥയില്‍ ഇന്ത്യയുടെ തിളക്കം, കേരളത്തിന്റെ വികസനം എന്നൊക്കെ പറയുന്നതിന് എന്താണര്‍ഥം?
വെള്ളത്തിന്റെ ഉപയോഗത്തില്‍ നാം കാണിക്കുന്ന ധാരാളിത്തവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ജീവിതശൈലിയിലുണ്ടായ മാറ്റം മൂലം വീടുകള്‍ നനച്ചു തുടച്ചു കമനീയമാക്കാനും പൂന്തോട്ടങ്ങള്‍ വച്ചു പിടിപ്പിക്കാനുമൊക്കെ എത്രമാത്രം വെള്ളമാണു ചെലവഴിക്കുന്നത്! ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെ ദുരുപയോഗം ചെയ്യുകയാണ്. രമ്യഹര്‍മ്യങ്ങളിലെ ബാത്ത് ടബ്ബുകളിലും കക്കൂസുകളിലും ജലധാരകളിലുമൊക്കെ ധാരാളിത്തത്തോടെ വെള്ളമുപയോഗിക്കുമ്പോള്‍, ഗ്രാമമേഖലകളിലെ പാവപ്പെട്ടവരിലേക്കു ജലവിതരണ പദ്ധതികളിലെ വെള്ളമെത്തുന്നില്ല. വികസനം പൊതുസമൂഹത്തിന്റെ മേല്‍ ഉണ്ടാക്കുന്ന ഗുരുതരമായ ഇത്തരം പ്രത്യാഘാതങ്ങളെക്കുറിച്ച് എപ്പോഴാണ് നാം ഗൗരവപൂര്‍വം ആലോചിക്കുക?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 124 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക