|    May 29 Mon, 2017 2:15 am
FLASH NEWS

കുടിവെള്ളത്തിനും ആരോഗ്യത്തിനും ഭീഷണിയെന്ന് ; ഹോളോബ്രിക്‌സ് കമ്പനിക്കെതിരേ സമരം

Published : 27th July 2016 | Posted By: SMR

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കട്ടക്കോട് വില്ലിടുംപാറ പുല്ലുവിളാകം നിവാസികള്‍ ഹോളോബ്രിക്‌സ് കമ്പനി തുടങ്ങുന്നതിനെതിരെ സമരത്തിനൊരുങ്ങുന്നു. ജനവാസകേന്ദ്രത്തിനു ഒത്തനടുവിലുള്ള പുരയിടത്തിലാണ് സ്വകാര്യ വ്യക്തി കമ്പനി തുടങ്ങുന്നത്. കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുള്ള പ്രദേശത്തു പല കുടുംബങ്ങള്‍ക്കും സ്വന്തമായി കിണറില്ല. ഉള്ളതിലാവട്ടെ ജലലഭ്യത കുറവുമാണ്. കമ്പനി തുടങ്ങിയാല്‍ ഇതിനാവശ്യമായ ജലം ലഭിക്കാന്‍ കുഴല്‍ക്കിണര്‍ കുഴിക്കേണ്ടിവരും. ഇതോടെ പരിസരത്തു ജലക്ഷാമം ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.
ആസ്ത്മാ രോഗികളും ഹൃേദ്രാഗികളും കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍െപ്പടെ നൂറോളം കുടുംബങ്ങളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. ഇതിനു സമീപത്താണ് ഇപ്പോള്‍ കമ്പനി തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. കമ്പനി വരുന്നത് തങ്ങളുടെ ആരോഗ്യത്തിനും കുടിവെള്ള ലഭ്യതയ്ക്കും ഭീഷണിയാണെന്ന് കാണിച്ചു പഞ്ചായത്ത് സെക്രട്ടറി, ആര്‍ഡിഒ, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തു കമ്പനി തുടങ്ങാന്‍ പാടില്ലെന്ന് ആര്‍ഡിഒ ഉത്തരവിറക്കി. മനുഷ്യാവകാശ കമ്മീഷനും ഇതേ ഉത്തരവിറക്കി.
എന്നാല്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് രണ്ടു തവണ നല്‍കിയ പരാതി അവഗണിച്ച് കമ്പനി തുടങ്ങുന്നതില്‍ തടസ്സമില്ലെന്നു കാണിച്ച് സ്വകാര്യ വ്യക്തിക്ക് അനുവാദം നല്‍കിയതായും ഇതില്‍ ദുരൂഹതയുള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം, നാട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുരയിടത്തിനു സമീപത്തെ പൊതുകിണര്‍, കമ്പനി തുടങ്ങാനിരിക്കുന്ന വ്യക്തി ഇതേ പുരയിടത്തോട് ചേര്‍ത്ത് കൈവശപ്പെടുത്തിയെന്ന് കാട്ടാക്കട പഞ്ചായത്ത് മുന്‍ സെക്രട്ടറിക്കു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
കുടിവെള്ള ദൗര്‍ലഭ്യം അനുഭവിക്കുന്ന നാട്ടുകാര്‍ക്ക് പ്രദേശവാസി വര്‍ഷങ്ങള്‍ക്കു മുമ്പ് വിട്ടുനല്‍കിയതാണ് ഈ കിണര്‍. ഇതാണ് ഇപ്പോള്‍ അനധികൃതമായി കൈവശപ്പെടുത്തുകയും കുടിവെള്ളം എടുക്കുന്നതില്‍ നിന്നു തടയുകയും ചെയ്തിരിക്കുന്നത്. എന്നാല്‍, കിണര്‍ പൊതുവകയാണെന്നതിന്റെ തെളിവ് നല്‍കിയാല്‍ സ്‌റ്റേ നല്‍കാമെന്ന് സെക്രട്ടറി പറഞ്ഞതായും ഇവര്‍ പറയുന്നു. ഇതു സംബന്ധിച്ച് തെളിവ് ഹാജരാക്കിയപ്പോള്‍ സെക്രട്ടറി സ്ഥലംമാറിപ്പോവുകയും ചെയ്തു.
പുതിയ സെക്രട്ടറിയെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അടിയന്തരമായി തങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും തങ്ങളുടെ ജലസ്രോതസ്സുകള്‍ക്കു കോട്ടം തട്ടുന്ന രീതിയില്‍ ആരംഭിക്കാനിരിക്കുന്ന കമ്പനിയെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നടപടി ഉണ്ടാവാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day