|    Jan 21 Sun, 2018 11:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മമ്മൂട്ടിയുടെ ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതി

Published : 29th April 2016 | Posted By: SMR

കൊച്ചി: കടുത്ത വേനല്‍ച്ചൂടിനും രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും ആശ്വാസം പകരാനായി— ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിയുമായി ചലച്ചിത്രതാരം മമ്മൂട്ടി. സഹായവുമായി നാട് രംഗത്ത്. സന്നദ്ധപ്രവര്‍ത്തകരുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുടിവെള്ളവും ആശ്വാസ സംവിധാനങ്ങളും എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പനമ്പിള്ളി നഗറിലെ സ്വകാര്യ ഹോട്ടലില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത പദ്ധതി ആലോചനാ യോഗത്തിലാണ് പ്രമുഖരും വിദേശ മലയാളികളും സന്നദ്ധ സംഘടനകളും സഹായവുമായെത്തിയത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ എങ്ങനെ ഓരോരുത്തരും അവര്‍ക്കാവശ്യമായ ജലം സ്വന്തമാക്കാനാവും എന്നതിനെക്കുറിച്ചായിരുന്നു ഇന്നലെ നടന്ന മുഴുവന്‍ ചര്‍ച്ചകളും. സംഭാവനകള്‍ സേവനങ്ങളായി മാത്രമായിരിക്കും സ്വീകരിക്കുക. പണം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി അടുത്ത ദിവസംതന്നെ സഹായം വേണ്ടവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും. അവര്‍ സഹായം ലഭ്യമാക്കാനുള്ളവരെ ബന്ധപ്പെടുത്തി നല്‍കും.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു ആശ്വാസ പദ്ധതിയുമായി മുന്നിട്ടിറങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു. ഈ ജലക്ഷാമവും വരള്‍ച്ചയും പ്രകൃതിയുടെ ഒരു മുന്നറിയിപ്പാണ്. ഇതവഗണിക്കുന്നത് കൊടിയ ദുരന്തത്തിലേക്ക് നമ്മെ എത്തിക്കും. ഗതകാല കേരളത്തിന്റെ പച്ചപ്പുകള്‍ അതേപടി നമുക്ക് തിരിച്ചുപിടിക്കണം. ചരിത്രം നഷ്ടപ്പെട്ട പുതുതലമുറയെ അതെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം മരൂഭൂമിയായി മാറാന്‍ സമ്മതിക്കാതെ പ്രകൃതിയെ സംരക്ഷിക്കാനും ജലം സുലഭമായി മനുഷ്യന്റെ ആവശ്യത്തിന് ഉപയോഗിക്കാനാവുന്ന തരത്തില്‍ ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങള്‍ക്ക് അല്‍പംപോലും വൈകരുതെന്ന് യോഗത്തില്‍ സംസാരിച്ച പ്രഫ. എം കെ സാനു പറഞ്ഞു. താനുള്‍പ്പെടുന്ന മുതിര്‍ന്ന തലമുറ മമ്മുട്ടിയും സംഘവും ആവശ്യപ്പെടുന്ന സഹായം ചെയ്യാനൊരുക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലയിലേക്കാവശ്യമായ ചെറിയ ആര്‍ഒ പ്ലാന്റുകള്‍ (റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍- ഉപ്പുവെള്ളം ഉള്‍പ്പെടെയുള്ള ഉപയോഗ യോഗ്യമല്ലാത്ത വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍) എത്രയായാലും നല്‍കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവുമായ അലക്‌സ് വിളനിലം മമ്മൂട്ടിയെ അറിയിച്ചു. ശനിയാഴ്ച മുതല്‍ ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ കുടിവെള്ളവും ഭക്ഷണവും നല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന്— എറണാകുളം കരയോഗം സെക്രട്ടറി പി രാമചന്ദ്രന്‍ പറഞ്ഞു. ആലുവ കെഎംഇഎ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ മാഗസിന്‍ പ്രകാശനച്ചടങ്ങ് ഒഴിവാക്കി അതിനായി നീക്കിവച്ച തുകകൊണ്ട് പദ്ധതിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day