|    Oct 23 Tue, 2018 6:16 am
FLASH NEWS

കുടിവെള്ളംമുട്ടി നാട്ടുകാര്‍ ; റോഡ് തോടാക്കി ജല അതോറിറ്റി

Published : 7th September 2017 | Posted By: fsq

 

കണ്ണൂര്‍: ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി നടുറോഡിലൂടെ വെള്ളം ഒഴുകുന്നത് രണ്ടു ദിവസം പിന്നിട്ടിട്ടും നടപടിയില്ലെന്നു നാട്ടുകാരുടെ പരാതി. റോഡ് കുടിവെള്ളം കൊണ്ടു തോടായി മാറിയിട്ടും വെള്ളം പമ്പുചെയ്യുന്നത് നിര്‍ത്തലാക്കാന്‍പോലും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. തായത്തെരുവില്‍ നിന്നു താവക്കരയിലേക്കുള്ള റോഡില്‍ കെപിഎസ്ടിഎ ഓഫിസിന് മുന്‍വശത്താണ് കുടിവെള്ളം റോഡിലൊഴുകുന്നത്. തിരുവോണ ദിവസം രാത്രി ഒഴുകാന്‍ തുടങ്ങിയതാണെന്നു പരിസരവാസികള്‍ പറഞ്ഞു. റോഡിന് അടിഭാഗത്തുള്ള പൈപ്പ്‌ലൈന്‍ പൊട്ടിയാണ് വെള്ളം പാഴാവുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ക്കു ഓണാവധിയായതിനാല്‍ പരാതി വിളിച്ചറിയിക്കാന്‍ ഫോണ്‍ എടുക്കാന്‍ പോലും ആളില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നഗര പരിസരങ്ങളിലെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണത്തിനുള്ള വെള്ളമാണ് പാഴായിപ്പോവുന്നത്. വൈദ്യുതി,  കുടിവെള്ളം, ഫയര്‍ സര്‍വീസ്, പോലിസ്, ആശുപത്രി പോലുള്ള അത്യാവശ്യ വിഭാഗങ്ങള്‍ എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് വ്യക്തമാവുന്നത്.അതേസമയം, നഗരത്തിലെ ചില ഭാഗങ്ങളില്‍ മാസങ്ങളായി മുടങ്ങിയ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ല. കെട്ടിടങ്ങളിലെ ഒന്നാംനിലയില്‍ പോലും വെള്ളമെത്തിക്കാന്‍ പമ്പിങ് ശക്തിയില്ലെന്നാണ് ജല അതോറിറ്റി അധികൃതരുടെ വാദം. അതിനിടെയാണ് വഴി നീളെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാവുന്നത്. തായത്തെരു റോഡിലും മറ്റിടങ്ങളിലും കുടിവെള്ളം പാഴാവുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss