|    Dec 12 Tue, 2017 12:13 pm
FLASH NEWS

കുടില്‍ വ്യവസായങ്ങള്‍ വിസ്മൃതിയിലേക്ക്

Published : 9th November 2016 | Posted By: SMR

ഈരാറ്റുപേട്ട: കുടില്‍ വ്യവസായങ്ങള്‍ കാണാമറയത്തേയ്ക്ക്. ഒരു കാലത്ത് യന്ത്രങ്ങളുടെ സഹായങ്ങള്‍ ഇല്ലാതെ മനുഷ്യകരങ്ങളിലൂടെ വിരിഞ്ഞിരുന്ന ഉല്‍പ്പന്നങ്ങളുമാണ് യന്ത്രങ്ങളുടെ വരവോടെ അസ്തമിക്കുന്നത്. സംസ്ഥാനത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും പരമ്പരാഗത വ്യവസായ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജീവിതോപാധിയായിരുന്നു പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍. എന്നാല്‍ യന്ത്ര സഹായമില്ലാതെ അതി വിദഗ്ധമായി നിര്‍മിച്ചിരുന്നവ നാടുകളില്‍ നിന്നു നീങ്ങിയ സ്ഥിതിയാണിപ്പോള്‍. വിവിധതരം ഉല്‍പ്പന്നങ്ങള്‍ ഈ അടുത്തകാലം വരെ യന്ത്രങ്ങള്‍ ഇല്ലാതെ നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ ഇറങ്ങിയതും പ്ലാസ്റ്റിക്, അലൂമിനിയം, ഫൈബര്‍ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കിയതുമാണ് കൈതൊഴില്‍ മേഖലയെ തകര്‍ച്ചയില്‍ എത്തിച്ചത്. ഏറെ നഷ്ടങ്ങള്‍ സഹിച്ചും ഈ മേഖല മുന്നോട്ടു പോവാന്‍ ശ്രമിച്ചിരുന്നു. പുതിയ തലമുറ ഇവ ഏറ്റെടുക്കാതിരുന്നതും മേഖലയെ തളര്‍ത്താനിടയാക്കി. അടുത്ത കാലം വരെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല ഡിമാന്റായിരുന്നു. മരപ്പണിക്കാരുടെ കരവിരുതില്‍ വിരിയുന്ന ഒട്ടേറെ ഗൃഹോപകരങ്ങള്‍, മുമ്പ് അടുക്കളിലും സ്വീകരണ മുറികളിലും കാണാമായിരുന്നു. അളവു പാത്രങ്ങളായ നാഴി, ഇടങ്ങഴി, പറ എന്നിവയും ഇരിക്കാന്‍ ഉപയോഗിക്കുന്ന മരപ്പലക (കൊരണ്ടി). പലതരം കസേരകള്‍ ചട്ടുകം, പത്തിരി പരത്തുന്ന തടിപലക, തുടങ്ങിയ വീട്ടുപകരണങ്ങളും സ്റ്റീലിന്റെ വരവോട് പുറംതള്ളപ്പെട്ടു. പാദരക്ഷയായി മുമ്പ് ഉപയോഗിച്ചിരുന്നത് മെതിയടിയായിരുന്നു. എന്നാല്‍ ഇന്ന് ലതര്‍, റബര്‍, പ്ലാസ്റ്റിക് ചെരുപ്പുകളുടെ വരവോടെ ഇവ ഇല്ലാതായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക