|    Apr 22 Sun, 2018 6:36 am
FLASH NEWS
Home   >  Editpage  >  Article  >  

കുടില്‍ ജപ്തി ചെയ്ത് കിട്ടാക്കടം പിരിക്കല്‍

Published : 1st May 2016 | Posted By: SMR

slug-avkshngl-nishdnglഅംബിക

എറണാകുളത്ത് കഴിഞ്ഞ രണ്ടരവര്‍ഷമായി നടന്നുവരുന്ന സര്‍ഫാസി വിരുദ്ധ ജനകീയസമരം പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുന്നു. സമരത്തെ തുടര്‍ന്ന് വായ്പാ തട്ടിപ്പിന് ഇരയായവര്‍ക്കെതിരായ ജപ്തി നടപടികള്‍ തടഞ്ഞുകൊണ്ടും അവരുടെ കിടപ്പാടങ്ങളില്‍ തന്നെ തുടരാന്‍ അനുവദിച്ചുകൊണ്ടും മുഖ്യമന്ത്രി ഉത്തരവിറക്കിയിരുന്നു. ഉത്തരവു പിന്‍വലിച്ചെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് റിയല്‍ എസ്റ്റേറ്റുകാരന്‍ തനിക്കനുകൂലമായി വിധി സമ്പാദിക്കുകയും ഏപ്രില്‍ 6ന് ഒരു ദലിത് കുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണിത്.
കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ അനുമതിയില്ലാതെ തന്നെ ബാങ്കുകള്‍ക്കും ബ്ലേഡ് പണമിടപാട് സ്ഥാപനങ്ങള്‍ക്കും നേരിട്ട് കിടപ്പാടം ജപ്തി ചെയ്യാവുന്ന നിയമം 2002ലെ വാജ്‌പേയി സര്‍ക്കാരാണ് കൊണ്ടുവന്നത്. സെക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്റ്റ് അഥവാ സര്‍ഫാസി ആക്റ്റ് നിലവില്‍ വന്നതോടെ ദരിദ്ര കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങള്‍ ആശങ്കയിലാണ്. ബാങ്കുകളെയും മറ്റു പണമിടപാട് സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവര്‍, ഉള്ള കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാല്‍ ഈട് വസ്തു ബാങ്കിനോ ബ്ലേഡ് സ്ഥാപനത്തിനോ നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും നിയമം അധികാരം നല്‍കുന്നു. ഇതിന് കോടതി ഉത്തരവു വേണ്ട. വായ്പാ വസ്തുവില്‍ നോട്ടീസ് പതിച്ച് ബാങ്കിന് വസ്തു ഏറ്റെടുക്കാം. ഒരു ലക്ഷത്തില്‍ താഴെ വിലയുള്ള വസ്തു ഈടുനല്‍കാത്ത വായ്പയ്ക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്. മുമ്പു കോടതി മുഖേന മാത്രമേ ജപ്തിയും ഏറ്റെടുക്കലും സാധ്യമാവുമായിരുന്നുള്ളൂ എന്നത് സാധാരണക്കാര്‍ക്ക് ഒരുപരിധിവരെ ആശ്വാസമായിരുന്നു. ഈ നിയമം നിലവില്‍ വന്നതോടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പരമാധികാരം ധനകാര്യസ്ഥാപനത്തില്‍ നിക്ഷിപ്തമായി.
ബാങ്ക് മാനേജര്‍മാര്‍ക്ക് സൂക്ഷ്മ പരിശോധനയില്ലാതെ വന്‍ തുക വായ്പ നല്‍കാനും നിയമം അനുവദിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയോ മൂന്നു ഗഡു തിരിച്ചടവോ കുടിശ്ശികയാക്കുന്നവര്‍ക്കെതിരേ കാലാവധി പരിഗണിക്കാതെ കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് നടപടിയെടുക്കാനും സര്‍ഫാസി നിയമം ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. കൃഷിഭൂമിക്ക് ജപ്തി ബാധകമല്ലെന്നാണ് വ്യവസ്ഥയെങ്കിലും അതു പരിഗണിക്കാറില്ല. കൃഷിഭൂമി ജപ്തിചെയ്യരുതെന്നും കിടപ്പാടം ജപ്തിചെയ്യാം എന്നും പറയുന്നത് ഏതു നീതിബോധത്തിന്റെ പിന്‍ബലത്തിലെന്നതും വ്യക്തമല്ല. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളുടെ സമരത്തിനു മുമ്പില്‍, അത് കേന്ദ്ര നിയമമാണെന്നു പറഞ്ഞ് കൈയൊഴിയുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ ജനവിരുദ്ധ നിയമത്തിന്റെ നടത്തിപ്പുകാരാവുന്നത് ദരിദ്ര ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ അമര്‍ച്ചചെയ്യാനും ജനത്തിന് അവരുടെ കിടപ്പാടം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുകയാണു വേണ്ടത്.
കിട്ടാക്കടം പെരുകുന്നത് തിരിച്ചുപിടിക്കാനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍, കിട്ടാക്കടം പെരുകുന്നതിന്റെ കാരണക്കാര്‍ പട്ടിണിപ്പാവങ്ങളായ സാധാരണക്കാരല്ലെന്നത് ഭരണകൂടങ്ങള്‍ തിരിച്ചറിയണം. 2015 ആഗസ്തിലെ കണക്കുപ്രകാരം ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടിയാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പറേറ്റുകളുടേതാണ്. 24 പൊതുമേഖലാ ബാങ്കുകളില്‍ 406 അക്കൗണ്ടുകളിലെ കിട്ടാക്കടം 70,300 കോടിയാണ്. വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റേതു മാത്രം 2,673 കോടിയാണ്. ഇതൊന്നും തിരിച്ചുപിടിക്കാന്‍ ചങ്കൂറ്റമില്ലാത്ത സര്‍ക്കാരും അവരുടെ ബാങ്കുകളും ദലിത്-ദരിദ്ര കര്‍ഷകരടക്കമുള്ള സാധാരണക്കാരുടെ കിടപ്പാടവും കൃഷിയിടവും തട്ടിയെടുക്കുന്നത് ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്.
കേരളത്തില്‍ വായ്പാ തട്ടിപ്പു സംഘങ്ങളും ബ്ലേഡ് മാഫിയയും സജീവമാവുകയും സര്‍ഫാസി നിയമം ഉപയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് ഇരകള്‍ മറ്റൊരു രക്ഷയുമില്ലാതെ സമരത്തിലേക്കു നീങ്ങുന്നത്. കേരളത്തിലെ 90 ശതമാനം ജനങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വായ്പ എടുത്തവരാണ്. മിക്കപ്പോഴും കിടപ്പാടം തന്നെയായിരിക്കും ഈട് വസ്തു. അതുകൊണ്ടുതന്നെ കേരളമാകെ സര്‍ഫാസി നിയമത്തിനെതിരായി അണിനിരക്കുന്ന കാലം അതിവിദൂരത്തല്ല.
സര്‍ഫാസി നിയമം പിന്‍വലിക്കണമെന്നതാണ് സമരക്കാരുടെ ആത്യന്തിക മുദ്രാവാക്യം. തട്ടിപ്പിനിരയായവരെ കടബാധ്യതയില്‍നിന്ന് ഒഴിവാക്കി കിടപ്പാടവും പ്രമാണങ്ങളും തിരികെ നല്‍കുക, ലോണ്‍ മാഫിയക്ക് ശിക്ഷ ഉറപ്പാക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുക, വായ്പാ തട്ടിപ്പ് നടത്തിയ കേസുകളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക, പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കുക, തട്ടിപ്പുകള്‍ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കുക തുടങ്ങിയവയാണ് അവരുടെ ആവശ്യങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss