|    Jan 23 Mon, 2017 8:00 am
FLASH NEWS

കുടിയേറ്റ കര്‍ഷകരെ ഒഴിപ്പിക്കരുത്: മാണി

Published : 13th October 2016 | Posted By: SMR

കോട്ടയം: ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലെ കുടിയേറ്റ മേഖലകളിലെ മലയോര കര്‍ഷര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്നത് ഉല്‍ക്കണ്ഠാജനകമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി എംഎല്‍എ.
1977 ജനുവരി ഒന്നുവരെയുള്ള കുടിയേറ്റ കര്‍ഷകര്‍ക്കു പട്ടയം കൊടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അര്‍ഥം അതിനുശേഷം കുടിയേറിയ കര്‍ഷകരെ ഒഴിപ്പിക്കണമെന്നല്ല. നാല്‍പതോളം വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്ന ഭൂമിയില്‍ നിന്നു കര്‍ഷകരെ വെറും കൈയോടെ ഇറക്കിവിടുന്നതു ക്രൂരതയാണ്. നൂറുകണക്കിനു കുടുംബങ്ങള്‍ അങ്ങനെ കുടിയിറക്കപ്പെട്ടാല്‍ അതു കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥിതിക്കു പോലും ദോഷം ചെയ്യും.
എഴുപത്തേഴു ജനുവരിക്കു ശേഷമുള്ള വനം കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധിയുടെ അന്തസ്സത്ത മാനിച്ചുകൊണ്ടുതന്നെ, കര്‍ഷകരക്ഷയ്ക്കായി സര്‍ക്കാര്‍ അപ്പീല്‍ കൊടുക്കുകയോ പുതിയ നിയമനിര്‍മാണം നടത്തുകയോ ചെയ്യണം. സ്വന്തം മണ്ണില്‍ വീടുവച്ചും കൃഷി ചെയ്തും ജീവിക്കുന്ന കൃഷിക്കാരെ ഭൂമികൈയേറ്റക്കാരോ സാമൂഹിക വിരുദ്ധരോ ആയി കാണുന്നതു ശരിയല്ല.
വനഭൂമി സംരക്ഷിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ജണ്ട കെട്ടി അതിര്‍ത്തി നിര്‍ണയിച്ചു കൈയേറ്റങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കണം. അതിന്റെ പേരില്‍ കൈവശ കൃഷിക്കാരെ ദ്രോഹിക്കുന്നതു ശരിയല്ല. അവര്‍ക്കും പട്ടയം നല്‍കി സംരക്ഷിക്കാനാണു നടപടി ഉണ്ടാവേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവുന്നതുവരെ ഇടുക്കി, വയനാട്, മലബാര്‍ ഭാഗങ്ങളിലുള്ള കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക