|    Jan 25 Wed, 2017 5:06 am
FLASH NEWS

കുടിയേറ്റമില്ല, ഇനി കുടിയിറക്കം

Published : 23rd August 2016 | Posted By: SMR

ടി കെ ഹാരിസ്

സൗദി ഓജര്‍ എന്ന നിര്‍മാണ കമ്പനിയില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് പതിനായിരത്തോളം ഇന്ത്യക്കാരായ തൊഴിലാളികള്‍ വഴിയാധാരമായ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആറു മാസത്തിലധികമായി ഇവര്‍ ശമ്പളവും ഭക്ഷണവും ലഭിക്കാതെ ലേബര്‍ ക്യാംപുകളില്‍ നരകയാതന അനുഭവിച്ചുവരുകയായിരുന്നു. എന്നാല്‍, ഈ വിവരം ഇന്ത്യാ ഗവണ്‍മെന്റ് അറിയുന്നത് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ്. അതും തൊഴിലാളികളിലൊരാള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയച്ചപ്പോള്‍.
ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ മാസങ്ങളായി ഭക്ഷണവും കുടിവെള്ളവും മറ്റും കിട്ടാതെ പട്ടിണി കിടക്കുകയായിരുന്നോ? അങ്ങനെയാണ് നമ്മുടെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. അതു ശരിയാണെങ്കില്‍ അവിടത്തെ ഇന്ത്യന്‍ സമൂഹവും ഇന്ത്യന്‍ എംബസിയും വെറും കാഴ്ചക്കാരായി മാറിനില്‍ക്കുകയായിരുന്നോ? ഒരു വിദേശരാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും ആവശ്യമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുകയെന്നത് ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റുകളുടെയും ഉത്തരവാദിത്തമല്ലേ? സുഷമ സ്വരാജിനു ലഭിച്ച ട്വിറ്റര്‍ സന്ദേശത്തോടെ അതുവരെ ഉറങ്ങുകയായിരുന്ന കേന്ദ്ര ഗവണ്‍മെന്റും കേരള ഗവണ്‍മെന്റും പെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റ് പരിഭ്രാന്തി പരത്തുകയായിരുന്നില്ലേ?
സൗദിയിലെ ഇന്ത്യന്‍ എംബസി തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ സഹായത്തിനായി തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യം ന്യായമായും ഉയര്‍ന്നുവരാം. ഉത്തരവാദപ്പെട്ട ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ഉള്ളപ്പോള്‍ ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിക്കാന്‍ ഒരു തൊഴിലാളി വേണ്ടിവന്നു! ഇക്കാര്യത്തില്‍ എംബസിക്ക് മാപ്പര്‍ഹിക്കാത്ത വീഴ്ച പറ്റി എന്നു സമ്മതിക്കേണ്ടിവരും.
ഇന്ത്യന്‍ സമൂഹത്തിലെ ഉന്നതരുമായാണ് എംബസി ഉദ്യോഗസ്ഥര്‍ക്കു ചങ്ങാത്തം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവരെ അലട്ടാറില്ല. അതേസമയം, സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിനും അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇന്ത്യന്‍ സമൂഹം തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നെങ്കില്‍ എന്തുകൊണ്ട് മറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ വന്നു? അവര്‍ പട്ടിണി കിടക്കുകയായിരുന്നുവെന്നല്ലേ സര്‍ക്കാരും മാധ്യമങ്ങളും ഒരുപോലെ പ്രചരിപ്പിച്ചിരുന്നത്?
സ്വദേശിവല്‍ക്കരണം മൂലം ജോലി നഷ്ടപ്പെടുന്നതും കുത്തുപാളയെടുത്ത കമ്പനി പൂട്ടിപ്പോകുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നതും രണ്ടും രണ്ടായി കാണണം. കമ്പനി തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെവരുന്ന അവസരത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ മുമ്പില്‍ മൂന്നു മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്: സൗദിയില്‍ തന്നെ മറ്റൊരു ജോലി ശരിയാക്കി അതിലേക്ക് മാറുക, രാജ്യം വിട്ട് പിന്നീട് തിരിച്ചുവരുക, അതുമല്ലെങ്കില്‍ എന്നന്നേക്കുമായി രാജ്യം വിടുക. ഇവയില്‍ ഏതു സ്വീകരിക്കുന്നതിനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, സ്വദേശിവല്‍ക്കരണം മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്ക് തിരിച്ചുവരാന്‍ കഴിയാത്തവിധം രാജ്യം വിടുക മാത്രമേ നിവൃത്തിയുള്ളൂ.
ഇപ്പോള്‍ പതിനായിരത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത് സ്വദേശിവല്‍ക്കരണത്തിന്റെ ഫലമായല്ല. എന്നാല്‍, നമ്മുടെ മാധ്യമങ്ങളും സര്‍ക്കാരും മറ്റും സ്വദേശിവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചുവരുന്നവരുടെ ഗണത്തിലാണ് ഇവരെയും ഉള്‍പ്പെടുത്തിയത്. മാസങ്ങളായി വേതനം നല്‍കാന്‍ കഴിയാതെ പാപ്പരായ സൗദി ഓജര്‍ എന്ന നിര്‍മാണ കമ്പനിയിലെ ജീവനക്കാരാണ് ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍. ഈ കമ്പനിയില്‍ ആകെ 58,000 ജോലിക്കാരാണുള്ളത്. അതില്‍ 4000 പേരാണ് ഇന്ത്യക്കാര്‍. ഈ കമ്പനിയുടെ റിയാദ്, ജിദ്ദ, മക്ക, മദീന, ജിസാന്‍, ഹെയ്ല്‍, കിഴക്കന്‍ പ്രവിശ്യ എന്നീ ശാഖകളിലായാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജോലി നഷ്ടപ്പെട്ടവരില്‍ സൗദി പൗരന്‍മാര്‍ 23 ശതമാനം വരും.
തൊഴില്‍ കരാര്‍ കമ്പനി ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ പലര്‍ക്കും കഴിഞ്ഞ ഒമ്പതു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവരെല്ലാം കടക്കാരായി മാറിയതു കാരണം അവരുടെ കുടുംബത്തിന് എന്തെങ്കിലും അയച്ചുകൊടുത്തിട്ടും മാസങ്ങളായി. ലബ്‌നാനിലെ മുന്‍ പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയാണ് ഈ കമ്പനിയുടെ ഉടമ. കടവും മറ്റു സാമ്പത്തിക ബാധ്യതകളും അടക്കം ഈ കമ്പനി ഏറ്റെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് കമ്പനി കൈമാറുന്നതിനെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ ആലോചനകള്‍ നടന്നിരുന്നുവെന്നു സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തയുണ്ടായിരുന്നു. ഇതിനായി സൗദി അധികൃതര്‍ ഹരീരിയുമായി ചര്‍ച്ചകള്‍ നടത്തിയതായി ചില ലബ്‌നീസ് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഏകദേശം 30 ലക്ഷം ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ ഉള്ളതായി കണക്കാക്കപ്പെടുന്നത്. പതിനായിരത്തോളം തൊഴിലാളികള്‍ക്കാണ് ചില കമ്പനികള്‍ പൂട്ടിപ്പോയതു കാരണം തൊഴില്‍ നഷ്ടപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യമല്ല. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഇന്ത്യന്‍ സമൂഹത്തിന്റെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെയും അവസരോചിതമായ ഇടപെടലുകള്‍ കൊണ്ട് പ്രശ്‌നം അധികം നീണ്ടുപോകാതെയും വഷളാകാതെയും പരിഹൃതമാകാറുണ്ട്. ഇപ്പോള്‍ ഉണ്ടായ പ്രശ്‌നവും അത്തരത്തില്‍പ്പെട്ട ഒന്നാണ്.
ഈ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെയും അതിന്റെ വിദേശകാര്യ വകുപ്പിന്റെയും പ്രത്യേകിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും ഇടപെടലുകളെ കുറച്ചുകാണാതെത്തന്നെ പറയട്ടെ, ഇപ്പോഴുണ്ടായ തൊഴില്‍പ്രശ്‌നവും സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ കാര്യക്ഷമമായ ഇടപെടലുകള്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കേണ്ട ഒന്നായിരുന്നു. ഇപ്പോള്‍ ഇത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ സൗദിയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ ലേ ഓഫ് ചെയ്യപ്പെടുന്നതും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതും ഒരു പുതിയ പ്രതിഭാസമൊന്നുമല്ല എന്നര്‍ഥം.
അമിതവും വഴിതെറ്റിക്കുന്നതുമായ മാധ്യമപ്രചാരണത്തിനു പിന്നാലെ പോകുന്നവര്‍ക്ക് ഇപ്പറയുന്നത് ലാഘവത്തോടെ ആണെന്ന തോന്നലുണ്ടാകാം. എന്നാല്‍, യാഥാര്‍ഥ്യബോധത്തോടെ പ്രശ്‌നത്തെ സമീപിക്കുന്നവര്‍ക്ക് ഇങ്ങനെ മാത്രമേ ചിന്തിക്കാന്‍ കഴിയൂ. ഒരു ചാനല്‍ ചര്‍ച്ചയില്‍ പി വി അബ്ദുല്‍ വഹാബ് എംപി ഈ പ്രശ്‌നത്തോടനുബന്ധിച്ചുണ്ടായ ഊതിവീര്‍പ്പിച്ച മാധ്യമ ഹൈപിനെ തുറന്നുകാട്ടുകയുണ്ടായി. ചാനല്‍ അവതാരകന് അത് തീരെ രസിച്ചില്ല. അദ്ദേഹത്തിന്റെ വാദമുഖങ്ങളുടെ കുമിളകള്‍ക്ക് അത്രയേ ആയുസ്സുണ്ടായുള്ളൂ.
യുഎഇയിലെ എംഗാര്‍ഡ് ഇലക്ട്രോ മെക്കാനിക്കല്‍ ആന്റ് ജനറല്‍ കോണ്‍ട്രാക്റ്റിങ് കമ്പനി പാപ്പരാവുകയും തൊഴിലാളികള്‍ക്ക് എട്ടു മാസമായി വേതനം നല്‍കുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യക്കാരും ബംഗ്ലാദേശികളുമായ നൂറിലധികം തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വിദൂരസ്ഥലത്തുള്ള ക്യാംപില്‍ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു. അവരില്‍ കുറേ പേരെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഇടപെട്ട് അവരവരുടെ നാടുകളിലേക്ക് അയച്ചു. അവശേഷിച്ച 72 ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി കമ്പനിയുമായും ഗവണ്‍മെന്റുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പരാതി പരിഹരിക്കുന്നതില്‍ ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്തുവരുന്നുണ്ട്. ഓരോ കമ്പനിയും തുടങ്ങുമ്പോള്‍ കെട്ടിവയ്ക്കുന്ന ബാങ്ക് ഗ്യാരന്റി ഈ ആവശ്യത്തിനു വേണ്ടി ഗവണ്‍മെന്റ് ഉപയോഗിക്കുന്നുമുണ്ട്.                      ി

(അവസാനിക്കുന്നില്ല.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക