|    Nov 21 Wed, 2018 12:53 pm
FLASH NEWS
Home   >  Environment   >  

കുടിയിറക്കല്‍ ഭീഷണിയില്‍ ഒരു ‘അമ്മക്കിളിക്കൂട്’

Published : 26th September 2017 | Posted By: mi.ptk

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കുന്ന കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയിത്തിലെ ഉപയോഗശൂന്യമായ സ്പീക്കറില്‍ കൂടുകൂട്ടിയിരിക്കുന്ന കുരുവികള്‍. ഫോട്ടോ: ഷിയാമി തൊടുപുഴ

മിഥുന ടി കെ

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളുടെ ആവേശവും ആരവവും ഏറ്റുവാങ്ങാനൊരുങ്ങിനില്‍ക്കുന്ന കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കുടിയറക്കല്‍ ഭീഷണിയിലായി ഒരു കുരുവി കുടുംബം. സ്റ്റേഡിയത്തിലെ ഉപയോഗ ശൂന്യമായികിടക്കുന്ന സ്പീക്കറില്‍ കൂടുകൂട്ടിയ അമ്മക്കിളിയും കുഞ്ഞിക്കിളികളുമാണ് ലോകകപ്പ് വന്നതോടെ ആശങ്കയിലായത്. സുരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും ഒഴിപ്പിച്ച അധികൃതര്‍ കിളികള്‍ കൂടുകൂട്ടിയ  സ്പീക്കറും നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
വംശനാശ ഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികളെ  സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കിക്കുന്നതിനായി ഒരു ദിവസം തന്നെ ഇവര്‍ക്കായി നീക്കിവക്കുകയും ഇവരെ സംരക്ഷിക്കാനായി കൂടൊരുക്കി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനുമിടയിലാണ് ഇതൊന്നും കണക്കിലെടുക്കാതെ കിളിക്കൂട് നീക്കം ചെയ്യാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.കുറച്ചുകാലം മുന്‍പ് വരെ സ്ഥിരം കാഴ്ചയായിരുന്ന അങ്ങാടിക്കുരുവികള്‍ പതുക്കെ നമ്മുടെ പരിസരത്തുനിന്ന് മായ്ഞ്ഞുതുടങ്ങി.ധാന്യങ്ങളും ചെറുപ്രാണികളുമാണ് അങ്ങാടിക്കുരുവികളുടെ പ്രധാന ഭക്ഷണം. ധാന്യങ്ങളില്‍ അമിതമായി കീടനാശിനി ഉപയോഗിക്കാന്‍ തുടങ്ങിയതും പുല്‍മേടുകള്‍ അപ്രത്യക്ഷമായതും അങ്ങാടിക്കുരുവികളുടെ കാര്യം അവതാളത്തിലാക്കി. ഇതോടെ ചന്തകളിലും റോഡരികിലും സ്ഥിരമായി വന്നുകൊണ്ടിരുന്ന അങ്ങാടിക്കുരുവികല്‍ പതുക്കെ പറന്നകലാന്‍ തുടങ്ങി.
പരിസ്ഥിതിയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന കിളികളാണ് അങ്ങാടിക്കുരുവികള്‍. ഇവ പ്രദേശത്തുനിന്ന് അപ്രത്യക്ഷമാകുന്നെങ്കില്‍ പരിസ്ഥിതി അത്ര ആരോഗ്യകരമായ അവസ്ഥയിലല്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്. മരങ്ങള്‍ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതും അങ്ങാടിക്കുരുവികള്‍ കൂടുകൂട്ടിയിരുന്ന പഴയ രീതിയിലുള്ള കെട്ടിടങ്ങള്‍
നാമാവശേഷമായതും ഇവയുടെ നാശത്തിന് കാരണമായ ഘടങ്ങളാണ്. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മൂലം മുട്ടകള്‍ നശിക്കുന്നതു ഇവയുടെ പ്രജനന നിരക്ക് കുറയാന്‍ കാണമാകുന്നുണ്ടെന്നുംപഠനങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങാടിക്കുരുവികള്‍ വര്‍ഷത്തില്‍ മൂന്നോ നാലോ തവണ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും. നാലുമുതല്‍ അഞ്ച് വരെ മുട്ടകള്‍ ഒറ്റത്തവണയിടും. എന്നാല്‍ മുട്ടവിരിഞ്ഞാല്‍ പൂര്‍ണവളര്‍ച്ചെയെത്തുന്നത് ഒന്നോ രണ്ടോ എണ്ണം മാത്രമായിരിക്കും.
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അങ്ങാടിക്കുരുവികളെ സംരക്ഷിക്കാനായി 2010 മാര്‍ച്ച് 20നാണ് ഒരുദിവസം ഇവര്‍ക്കായി മാറ്റിവച്ചത്.അങ്ങാടിക്കുരുവികളുടെ പ്രധാന്യവും അവ നേരിടുന്ന പ്രതിസന്ധികളും മനസ്സിലാക്കി പരിസ്ഥിതി സ്‌നേഹികള്‍ ജില്ലകളില്‍ ഇവയ്ക്കായി കൃത്രിമ കൂട് ഒരുക്കുകയും ധാന്യങ്ങളടങ്ങിയ ആഹാരം ലഭ്യമാക്കുകയും ചെയ്തുവരുന്നുണ്ട്. എന്നാല്‍ ഈ വസ്തുതകളെല്ലാം നിലനില്‍ക്കെ നടക്കാന്‍ പോകുന്ന കായിക മാമാങ്കത്തിന്റെ സുരക്ഷയുടെ പേരില്‍ ഇതെല്ലാം സൗകര്യപൂര്‍വ്വം മറക്കുകയാണ് അധികൃതര്‍. ലോകകപ്പ് മത്സരത്തിന്റെ പേരില്‍ കിളിക്കൂട് നീക്കം ചെയ്യുമോ എന്ന ആശങ്കയിലാണ് പരിസ്ഥിതി സ്‌നേഹികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss