|    Jul 17 Tue, 2018 11:05 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കുടല്‍മാലകള്‍ ആര്‍ക്കു സ്വന്തം!

Published : 21st September 2017 | Posted By: fsq

 

അഡ്വ. സി എം എം ഷെരീഫ്

അറവുശാലകളില്‍ കശാപ്പു ചെയ്യപ്പെടുന്ന കന്നുകാലികളുടെ ഭക്ഷ്യയോഗ്യമായ മാംസഭാഗങ്ങള്‍ കച്ചവടത്തിനായി നീക്കിവച്ചശേഷം ബാക്കിയാവുന്ന കുടല്‍മാലകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഇനി നഗരസഭയ്ക്കു സ്വന്തം! സാധാരണഗതിയില്‍ ആഹാര ആവശ്യത്തിന് ഉപയോഗിക്കാത്ത പ്രസ്തുത ഭാഗങ്ങള്‍ അറവുമാലിന്യത്തിന്റെ ഗണത്തില്‍പ്പെടുത്തി നിബന്ധനകള്‍ക്കു വിധേയമായി ലേലം ചെയ്തു നല്‍കാന്‍ നഗരസഭകള്‍ക്കു കഴിയുംവിധമുള്ള വിധിയാണ് ഈ വിഷയം സംബന്ധിച്ച രണ്ട് റിട്ട അപ്പീല്‍ ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. നിലവിലുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ അനുസരിച്ച് അറവുമാലിന്യങ്ങള്‍ ലേലം ചെയ്തു നല്‍കിയ തിരുവല്ല മുനിസിപ്പാലിറ്റിയുടെ നടപടി ശരിവച്ച ഡിവിഷന്‍ ബെഞ്ച്, കശാപ്പുമാലിന്യ സംസ്‌കരണത്തിനു നഗരസഭയ്ക്ക് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാമെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. കശാപ്പിനുശേഷം അവശേഷിക്കുന്ന മൃഗമാലിന്യത്തിന്റെ ഉടമാവകാശത്തെക്കുറിച്ചു നഗരസഭയും മാംസവ്യാപാരികളും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണു കേസിനാസ്പദം. തിരുവല്ല നഗരസഭയിലെ വ്യാപാരികളായ റോയ് തോമസ്, അബ്ദുല്‍കരീം എന്നിവര്‍ സമാന വിഷയം സംബന്ധിച്ചു സമര്‍പ്പിച്ച റിട്ട് ഹരജികളില്‍, അറവുശാലകളില്‍ മൃഗങ്ങളെ അറുത്തതിനുശേഷം അവശിഷ്ടങ്ങളായ തുകല്‍, കൊമ്പ്, കുടല്‍ എന്നിവ സ്വന്തമാക്കാനുള്ള അവകാശം മാംസവ്യാപാരികളായ തങ്ങള്‍ക്ക് അനുവദിച്ചുനല്‍കുകയോ അല്ലാത്തപക്ഷം പകരം മതിയായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യേണ്ടതാണെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഹരജികള്‍ പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹരജിക്കാര്‍ക്ക് അനുകൂലമായി വിധിയെഴുതുകയും അറവുമാലിന്യം മറ്റൊരാള്‍ക്ക് ലേലം ചെയ്തു നല്‍കിയ നഗരസഭയുടെ നടപടി റദ്ദാക്കുകയുമുണ്ടായി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ വിധിക്കെതിരേ തിരുവല്ല നഗരസഭ ഫയല്‍ ചെയ്ത റിട്ട് അപ്പീല്‍ തീര്‍പ്പാക്കിയ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലാണ് ഈ വിഷയത്തിലുള്ള നഗരസഭകളുടെ അധികാരവും അവകാശവും സംബന്ധിച്ച കാര്യങ്ങള്‍ അടിവരയിട്ടു പറഞ്ഞത്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ അപ്പീല്‍ ഹരജി ഫയല്‍ ചെയ്ത മുനിസിപ്പാലിറ്റി, മാംസവ്യാപാരികള്‍ മൃഗങ്ങളെ അറവുശാലയില്‍ കൊണ്ടുവരുന്നത് അവയെ കശാപ്പിനു വിധേയമാക്കി മാംസം അവരുടെ ഇറച്ചിക്കടകളില്‍ വില്‍പന നടത്തുന്നതിനാണെന്നും അതിന് അവര്‍ക്കു ലൈസന്‍സ് നല്‍കിയിട്ടുള്ളതാണെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, മാംസത്തിനു പുറമെ കുടലും തോലും കൊമ്പും മാലിന്യങ്ങള്‍ അടക്കമുള്ള മറ്റു മൃഗാവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് കേരള മുനിസിപ്പാലിറ്റി നിയമം അനുസരിച്ചുള്ള ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അപ്രകാരം ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രമേ മേല്‍പറഞ്ഞ വസ്തുക്കള്‍ എടുത്തുകൊണ്ടുപോവാന്‍ അനുമതിയുള്ളൂവെന്നും പ്രസ്തുത അനുമതിയില്ലാതെ അറവുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് കുടലും മറ്റ് അവശിഷ്ടങ്ങളും സ്വന്തമാക്കാന്‍ യാതൊരു അവകാശവുമില്ലെന്നും ബോധിപ്പിക്കുകയുണ്ടായി. കൂടാതെ അറവുശാല വൃത്തിയാക്കുന്ന പ്രക്രിയയുടെ ഭാഗമായ അറവുമാലിന്യം നീക്കംചെയ്യല്‍ ഉള്‍പ്പെടെയുള്ള അവകാശം ഇതിനകം ലേലം ചെയ്ത് അതിനുള്ള ലൈസന്‍സ് നല്‍കിക്കഴിഞ്ഞുവെന്നും മാംസവ്യാപാരികള്‍ക്ക് ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുംവിധം മാലിന്യം നീക്കംചെയ്യാനുള്ള ലൈസന്‍സില്ലെന്നും അപ്പീല്‍ ഹരജിയില്‍ ബോധിപ്പിക്കുകയുണ്ടായി. മുനിസിപ്പാലിറ്റിയുടെ വാദങ്ങള്‍ ഖണ്ഡിച്ച ഹരജിക്കാര്‍, അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ എടുത്തുകൊണ്ടുപോവുന്നതിന് ലൈസന്‍സ് എടുക്കണമെന്ന കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ലൈസന്‍സ് എടുക്കുമായിരുന്നുവെന്നും വ്യക്തമാക്കുകയുണ്ടായി. ഇതിനും പുറമെ മുനിസിപ്പാലിറ്റി അറവുമാലിന്യം ലേലം ചെയ്തു നല്‍കിയ തുകയായ 14 ലക്ഷം രൂപ പ്രസ്തുത വസ്തുക്കളുടെ വാണിജ്യമൂല്യത്തിനു മതിയായ തെളിവാണെന്നും ലേലംകൊണ്ടവര്‍ക്ക് ഇത്തരം സംഗതികള്‍ കൈകാര്യം ചെയ്യാന്‍ ലൈസന്‍സ് ലഭ്യമായിട്ടില്ലെന്നും വാദിക്കുകയുണ്ടായി.മൃഗക്കശാപ്പിനോട് അനുബന്ധിച്ച റിട്ട് അപ്പീല്‍ ഹരജികളിലെ വസ്തുതകള്‍ പരിശോധിച്ച കോടതി, ഈ വിഷയം സംബന്ധിച്ച് ഇരുകക്ഷികളും നിരത്തിയ വാദങ്ങള്‍ വിലയിരുത്തുകയുണ്ടായി. അറവുമാലിന്യം നഗരസഭയുടെ മേല്‍നോട്ടത്തിലും ഉത്തരവാദിത്തത്തിലും നിര്‍മാര്‍ജനം ചെയ്യേണ്ടതിന്റെ ആവശ്യകത നഗരസഭ എടുത്തുപറയുകയുണ്ടായി. കശാപ്പിനുശേഷം അവശേഷിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ഭ്രാന്തിപ്പശുരോഗത്തിനു പോലും ഇടയാക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കശാപ്പിനുശേഷം ലഭിക്കുന്ന ഉപോല്‍പ്പന്നമായ കുടലിന്റെ വിപണനസാധ്യതകളെക്കുറിച്ചും അവ സമൂഹത്തിലുണ്ടാക്കാനിടയുള്ള അനന്തര ദുഷ്ഫലങ്ങളെക്കുറിച്ചും ഈ വസ്തുക്കളുടെ ഉടമാവകാശത്തെക്കുറിച്ചും കേസിന്റെ പരിഗണനാവേളയില്‍ കോടതി മുമ്പാകെ വാദങ്ങള്‍ ഉന്നയിക്കപ്പെടുകയുണ്ടായി. അപ്പീല്‍ ഹരജികളിലെ വിവിധ വാദമുഖങ്ങള്‍ പരിശോധിച്ച ഡിവിഷന്‍ ബെഞ്ച്, മൃഗക്കശാപ്പിനുശേഷം അവശേഷിക്കുന്ന മാംസഭാഗങ്ങളുടെ ഉപഭോഗസാധ്യത സൂക്ഷ്മമായി വിലയിരുത്തുകയും അറവുമാലിന്യത്തിന്റെ അനന്തര ദുഷ്ഫലങ്ങളെക്കുറിച്ച് ബന്ധപ്പെട്ട മുനിസിപ്പല്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകയുണ്ടായി. കശാപ്പിന്റെ ഭാഗമായി ലഭിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മാംസഭാഗങ്ങള്‍ പൊതുവെ ഉപഭോഗക്ഷമമല്ലാത്തതും അവ ഭക്ഷിക്കുന്നത് അപായകരവുമാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി ചൂണ്ടിക്കാട്ടി. മാംസവ്യാപാരത്തിനു ലൈസന്‍സ് നിര്‍ബന്ധമാക്കുക മാത്രമല്ല, അറവുമാലിന്യങ്ങളും കശാപ്പിനുശേഷമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത മാംസഭാഗങ്ങളും നീക്കം ചെയ്യാന്‍ ലേലംകൊണ്ടവരോ ഹരജിക്കാരോ അവ സാധാരണ മാംസവുമായി കൂട്ടിക്കലര്‍ത്തി വില്‍ക്കുന്നില്ലെന്ന് നിരീക്ഷിക്കേണ്ട ചുമതല മുനിസിപ്പാലിറ്റിയില്‍ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. മാംസവ്യാപാരികള്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ മാറ്റം വരുത്തിയ ഡിവിഷന്‍ ബെഞ്ച്, റിട്ട് ഹരജി ഫയല്‍ ചെയ്ത വ്യാപാരികള്‍ മൃഗാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ലൈസന്‍സിന് അപേക്ഷിക്കുന്നപക്ഷം പ്രസ്തുത അപേക്ഷകള്‍ നിയമം അനുശാസിക്കുംവിധം  പരിഗണിക്കാവുന്നതാണെന്ന് വ്യക്തമാക്കി. നല്ലതും ഭക്ഷ്യയോഗ്യമായതുമായ മാംസം ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഇപ്പോഴത്തെ കോടതിവിധി ഉപകരിക്കും. എന്നാല്‍ കേരളത്തിലെ നഗരസഭകളില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ അറവുശാലകളുടെ അഭാവത്തില്‍ അനധികൃത കശാപ്പുകള്‍ വ്യാപകമായ തോതില്‍ നടന്നുവരുന്നുണ്ടെന്ന കാര്യം ഒരു വസ്തുത മാത്രമാണ്.അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നു കൈമാറിക്കിട്ടിയ അധികാരവും ഫണ്ടും വിനിയോഗിച്ച് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അനധികൃത അറവും അതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. എന്നാല്‍, നഗരങ്ങളിലെ സ്ഥലപരിമിതിയും പരിസ്ഥിതി പ്രശ്‌നങ്ങളും പരിസരവാസികളുടെ പരാതികളും മറ്റു സ്ഥാപിത താല്‍പര്യങ്ങളും ഒരു പരിധിവരെ അറവുശാലകളും മാലിന്യനിര്‍മാര്‍ജന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതില്‍ നിന്ന് പ്രാദേശിക ഭരണകൂടങ്ങളെ പിന്നാക്കംവലിക്കുന്നുണ്ട്. ഇതിനു പരിഹാരമായി ഒന്നിലധികം തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം സംയുക്തമായി കേന്ദ്രീകൃത സ്വഭാവത്തില്‍ അറവുശാലകളും മാലിന്യനിര്‍മാര്‍ജന സംരംഭങ്ങളും സ്ഥാപിക്കുന്നത് പ്രയോജനകരമായേക്കാം. ജനങ്ങള്‍ക്കു കലര്‍പ്പില്ലാത്തതും മായംചേര്‍ക്കാത്തതും ഗുണമേന്മയുള്ളതുമായ മാംസാഹാരം ലഭ്യമാക്കാന്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും തൊഴില്‍പരമായ സംരക്ഷണവും നല്‍കേണ്ടത് അനിവാര്യമായ കാര്യമാണ്. മൃതപ്രായരും ജീവനൊടുങ്ങിയതുമായ മൃഗങ്ങളുടെ മാംസം മാര്‍ക്കറ്റിലെത്താന്‍ ഇതു കാരണമായേക്കാം. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള പരിശോധനകളും മാംസം വില്‍ക്കുന്ന ഇടങ്ങളിലും പാകം ചെയ്യുന്ന ഹോട്ടലുകളിലും മാളുകളെന്നോ സ്റ്റാര്‍ നിലവാരമെന്നോ ഉള്ള വിവേചനമില്ലാതെ കാലാകാലങ്ങളില്‍ റെയ്ഡുകള്‍ വ്യാപകമാക്കുന്നതും നല്ല മാംസം ഭക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കും. അല്ലാത്തപക്ഷം ജനങ്ങള്‍ ‘സുനാമി ഇറച്ചി’ തിന്നാന്‍ നിര്‍ബന്ധിതരാവും!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss