|    Aug 17 Thu, 2017 12:46 am
FLASH NEWS
Home   >  National   >  

കുടകില്‍ ടിപ്പു ജയന്തി ആഘോഷം സമാധാനപരം

Published : 11th November 2016 | Posted By: G.A.G

ഇരിട്ടി: കനത്ത സുരക്ഷയ്ക്കിടെ കുടക് ജില്ലയില്‍ കര്‍ണാടക സാംസ്‌കാരിക വകുപ്പിനു കീഴില്‍ നടന്ന ടിപ്പു ജയന്തി ആഘോഷം സമാധാനപരം. അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലാ ആസ്ഥാനമായ മടിക്കേരിയിലും വിരാജ്‌പേട്ട, സോമവാര്‍പേട്ട താലൂക്ക് കേന്ദ്രങ്ങളിലുമായിരുന്നു ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം. മടിക്കേരിയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. റിച്ചാര്‍ഡ് വിന്‍സെന്റ് ഡിസൂസയും വിരാജ്‌പേട്ടയില്‍ തഹസില്‍ദാര്‍ മഹാദേവ് സ്വാമിയും സോമവാര്‍പേട്ടയില്‍ തഹസില്‍ദാര്‍ കൃഷ്ണയും ഉദ്ഘാടനം ചെയ്തു. ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളില്‍ നടന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു പ്രവേശനം. മടിക്കേരിയില്‍ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന സമയം കരിങ്കൊടിയുമായി പ്രകടനമായെത്തിയ ബിജെപി എംഎല്‍എമാരായ കെ ജി ബൊപ്പയ്യ, അപ്പാച്ചു രഞ്ജന്‍ എന്നിവര്‍ അടക്കമുള്ള ജനപ്രതിനിധികളെയും 200ഓളം സംഘപരിവാര പ്രവര്‍ത്തകരെയും പോലിസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് ഏറെനേരം വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ പ്രതിഷേധകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതേസമയം, ടിപ്പു സുല്‍ത്താന്‍ ജയന്തി വിരോധി പോരാട്ടസമിതി ജില്ലയില്‍ ആഹ്വാനം ചെയ്ത കരിദിനവും കനത്ത സുരക്ഷാ ക്രമീകരണങ്ങളും കുടകില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. മടിക്കേരി, കുശാല്‍ നഗര്‍, സോമവാര്‍പേട്ട, ഗോണിക്കുപ്പ, വിരാജ്‌പേട്ട, നാപ്പൂക്കുലു, സിദ്ധാപുരം, മൂര്‍നാട് എന്നിവിടങ്ങളിലെ ഭൂരിഭാഗം പട്ടണങ്ങളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നെങ്കിലും ഹാജര്‍നില വളരെ കുറവായിരുന്നു. കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണ മേഖലാ  ഐജി വി കെ സിങ് കുടകില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക