|    Nov 21 Wed, 2018 7:07 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കുടകിലെ മൂന്നു നഗരസഭകളിലും ബിജെപിക്ക് ഭരണം നഷ്ടമായി

Published : 1st November 2018 | Posted By: kasim kzm

സാദിഖ് ഉളിയില്‍

മടിക്കേരി: കുടക് ജില്ലയിലെ മൂന്നു നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം. വീരാജ്‌പേട്ട, കുശാല്‍ നഗര്‍, സോമവാര്‍പേട്ട നഗരസഭകളില്‍ ബിജെപിയുടെ അപ്രമാദിത്വം അവസാനിച്ചു. കുശാല്‍ നഗറിലും സോമവാര്‍പേട്ടയിലും ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായപ്പോള്‍ വീരാജ്‌പേട്ടയില്‍ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമായി. മൂന്നിടങ്ങളിലും ബിജെപി ആയിരുന്നു ഭരണത്തില്‍ ഉണ്ടായിരുന്നത്.
18 അംഗ വീരാജ്‌പേട്ട നഗരസഭയില്‍ 8 സീറ്റ് നേടി ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസ് ആറിലും സഖ്യകക്ഷിയായ ജനതാദള്‍ ഒരു സീറ്റിലും വിജയിച്ചു. മൂന്നു സീറ്റില്‍ സ്വതന്ത്രര്‍ വിജയികളായി. ഇതില്‍ മൂന്നു പേരും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. ബിജെപിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്രയായി ജനവിധി തേടിയ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സന്‍ ദേശമ്മയ്ക്ക് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ആറാം വാര്‍ഡില്‍ നിന്ന് വിജയിച്ച സിപിഐ സ്വതന്ത്ര സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തോടൊപ്പം ചേരും. വിജയിച്ച മൂന്നാമത്തെ സ്വതന്ത്രന്‍ കോണ്‍ഗ്രസ് വിമതനാണ്. ഇവരുടെ പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. നഗരസഭയില്‍ എംഎല്‍എക്കും എംപിക്കും വോട്ടവകാശം ഉള്ളതിനാല്‍ വീരാജ്‌പേട്ട എംഎല്‍എയും കുടക് എംപിയും ബിജെപി പ്രതിനിധികളാണ്. ഇവര്‍ ബിജെപിക്ക് ഒപ്പം കൂടിയാലും ഇരുപക്ഷത്തും 10 വീതം അംഗങ്ങളാവും. ഇതോടെ സ്വതന്ത്രനെ കൂടെ നിര്‍ത്താനുള്ള ശ്രമം ഇരുപക്ഷവും തുടങ്ങി.
മൂന്നു മലയാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയ വീരാജ്‌പേട്ട ടൗണ്‍ വാര്‍ഡായ ഗൗരിക്കരയില്‍ കോണ്‍ഗ്രസിലെ സി കെ പൃഥ്വിനാഥ് 199 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ഇ സി ജീവനെയാണ് പരാജയപ്പെടുത്തിയത്. 16 അംഗ കുശാല്‍ നഗര്‍ നഗരസഭയിലും ബിജെപിക്ക് കാലിടറി. ബിജെപി ആറു സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ തനിച്ച് മല്‍സരിച്ച കോണ്‍ഗ്രസ് ആറു സീറ്റ് നേടി കരുത്തു കാട്ടി. ജനതാദള്‍ നാലു സീറ്റുമായി നിര്‍ണായക ശക്തിയായി. ഇവിടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം ഭരിക്കും.
സോമവാര്‍പേട്ടയിലാണ് ബിജെപിക്ക് കനത്ത പരാജയം നേരിട്ടത്. 22 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം അധികാരത്തിലെത്തി. 11 അംഗ നഗരസഭാ കൗണ്‍സിലില്‍ ബിജെപി മൂന്നു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നാലു സീറ്റ് നേടി. ജനതാദള്‍ മൂന്ന് സീറ്റ് നേടിയപ്പോള്‍ സ്വതന്ത്രന്‍ ഒരു സീറ്റില്‍ വിജയിച്ചു. ആറു മാസം മുമ്പ് നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കുടക് ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപി മികച്ച വിജയം നേടിയിരുന്നു.
കേരളത്തിലെ പോലെത്തന്നെ ശബരിമല വിഷയം ഏറ്റെടുത്ത് കുടകിലെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ നേതാക്കളെ അണിനിരത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വോട്ടാക്കി മാറ്റാനുള്ള തന്ത്രവും ജനവിധിയില്‍ പാളി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss