|    Aug 18 Sat, 2018 10:45 am
Home   >  Todays Paper  >  page 9  >  

കുഞ്ഞ് കരഞ്ഞു; ബ്രിട്ടിഷ് എയര്‍വേയ്‌സില്‍ നിന്നിറക്കിവിട്ടു

Published : 10th August 2018 | Posted By: kasim kzm

ലണ്ടന്‍: ഇന്ത്യയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും കുടുംബത്തെയും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. എയര്‍വേയ്‌സ് ജീവനക്കാര്‍ വംശീയവിവേചനം നടത്തിയതായും മോശമായി പെരുമാറിയതായും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് ഉദ്യോഗസ്ഥന്‍ അയച്ച രണ്ടു പേജുള്ള പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 23നാണു സംഭവം.
ലണ്ടനില്‍ നിന്നു ബെര്‍ലിനിലേക്കുള്ള യാത്രയിലാണ് ഇന്ത്യയിലെ റോഡ് ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ മൂന്നു വയസ്സുള്ള മകന്‍ കരഞ്ഞെന്ന കാരണത്താല്‍ ഇറക്കിവിട്ടത്. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ അനുനയിപ്പിക്കാന്‍ ബിസ്‌ക്കറ്റ് നല്‍കിയെന്ന കാരണത്താല്‍ വിമാനത്തില്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു ഇന്ത്യന്‍ കുടുംബത്തെയും ഇറക്കിവിട്ടതായി കേന്ദ്രമന്ത്രിക്ക് ആഗസ്ത് മൂന്നിന് അയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കരഞ്ഞുകൊണ്ടിരുന്ന മകനെ ആശ്വസിപ്പിക്കാന്‍ തന്റെ ഭാര്യ ശ്രമിക്കുന്നതിനിടെ വിമാന ജീവനക്കാരന്‍ തങ്ങളോടു ദേഷ്യപ്പെട്ടെന്നും ഇതുകണ്ട് പേടിച്ച കുട്ടി വീണ്ടും ഉച്ചത്തില്‍ കരയുകയായിരുന്നെന്നും പറയുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം തിരിച്ച് റണ്‍വേയില്‍ ഇറക്കി. ഇവിടെ വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുടെ ബോര്‍ഡിങ് പാസുകള്‍ വാങ്ങിവച്ചു. വിമാനത്താവള അധികൃതര്‍ തങ്ങളെ ഇറക്കിവിട്ടതിന്റെ വിശദീകരണം നല്‍കാനും ഇറക്കിവിട്ട വിമാന ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനും തയ്യാറായില്ല. തങ്ങള്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തിയില്ല. സ്വന്തം ചെലവിലാണ് അന്ന് അവിടെ താമസിച്ചത്. ബെര്‍ലിനിലേക്കു പോവാന്‍ മറ്റൊരു ഇന്ത്യന്‍ കുടുംബമാണ് ടിക്കറ്റ് എടുത്തു തന്നത്.
പരാതി തങ്ങള്‍ ഗൗരവമായി തന്നെയാണ് എടുക്കുന്നതെന്നു ബ്രിട്ടീഷ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു. ഏതുതരത്തിലുള്ള വിവേചനവും പ്രോല്‍സാഹിപ്പിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പരാതിക്കാരനുമായി ബന്ധപ്പെടുമെന്നും വക്താവ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss