|    Mar 20 Tue, 2018 10:00 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കുഞ്ഞേ… മുലപ്പാല്‍ കുടിക്കരുത്

Published : 8th November 2016 | Posted By: SMR

slug-vettum-thiruthumകോഴിക്കോട് ജില്ലയിലെ മുക്കം അടക്കമുള്ള സമീപഗ്രാമങ്ങള്‍ ഇന്ത്യയില്‍ തന്നെ വിളികേട്ട ചത്വരങ്ങളില്‍ ചിലതാണ്. മലനിരകളും കളകളം പാടുന്ന പുഴകളും നാടന്‍ വെണ്ട, വഴുതിന വിളയും ഐശ്വര്യം വഴിയുന്ന തോട്ടങ്ങളും എന്നുവേണ്ട; ഗ്രാമീണസുന്ദരി എന്ന് പൊറ്റെക്കാടിനെ പോലുള്ള മഹാപ്രതിഭകള്‍ വാഴ്ത്തിയ ദേശങ്ങളാണത്. ഇണപിരിഞ്ഞ പക്ഷിയുടെ ദുഃഖം പേറുന്ന കാഞ്ചനമാലയിലൂടെ മുക്കത്തിന് കൗമാരഹൃദയങ്ങളില്‍ ഇന്നുള്ള സ്ഥാനവും അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. ഒരു കൈക്കുമ്പിള്‍ മണ്ണുകൊണ്ട് കുടിലൊന്ന് മെനയാമെന്നും അവിടെയെത്തുന്ന അതിഥിക്ക് തുമ്പപ്പൂവുകൊണ്ട് വിരുന്നൊരുക്കാന്‍ തൂശനില നിവര്‍ത്താമെന്നും കാറ്റിന്റെ കനിവുകള്‍ക്കായി കാവല്‍നില്‍ക്കുകയും അതിലൂടെ പെറുക്കിക്കൂട്ടാവുന്ന മാങ്കനികള്‍ ബാല്യകാലസഖികള്‍ക്കൊപ്പം ഈമ്പിനുണയാമെന്നും ഇവിടങ്ങളിലെ ഗ്രാമീണതയ്ക്ക് പണ്ടു മാത്രമല്ല, ഇന്നും പറയാം.
പക്ഷേ, എന്തുചെയ്യാം. വിശ്വാസികളെ പറ്റിക്കുന്ന ജിന്നുകളും മന്ത്രവാദികളും ജാതി-മത ഭേദമില്ലാതെ പരിസരങ്ങളില്‍ കൊടികുത്തിവാഴുകയാണ്. ആശയസംവാദത്തിലൂടെ രൂപപ്പെടുന്ന ചിന്താവിപ്ലവങ്ങള്‍ക്ക് നവോത്ഥാനപ്രസ്ഥാനങ്ങള്‍ നട്ടുനനച്ച് വളര്‍ത്തിയെടുത്ത ശാഖകളും അവരുടെ കൊടിതോരണങ്ങളും പെണ്‍പള്ളിക്കൂടങ്ങളും ഈ ചത്വരങ്ങളില്‍ വേണ്ടത്ര. ഓരോ കമ്പിത്തൂണിനടിയിലുമുണ്ട് വിപ്ലവകാരികള്‍. സിനിമയിലും നാടകത്തിലും ചിത്രകലയിലുമൊക്കെ മുക്കവും ചുറ്റുപാടുമുള്ള ഗ്രാമങ്ങളും ചെലുത്തിയ സ്വാധീനങ്ങള്‍ എണ്ണിയാലും പറഞ്ഞാലും തീരില്ല. പണ്ടൊക്കെ വിദേശികള്‍ മുക്കത്തിറങ്ങി സഞ്ചരിക്കുന്നതു തന്നെ വാണിഭക്കാരുടെ നാമപ്പലകകള്‍ വായിക്കാനായിരുന്നു. ഹോട്ടല്‍, ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി, സ്‌റ്റേഷനറി എന്നൊന്നും മുക്കത്തെ നാമപ്പലകകള്‍ നമ്മോടു പറയില്ല. ഇല, കറി, മത്തി എന്നൊക്കെയാണ് ഭക്ഷണശാലകള്‍ക്കു പേര്. മുറം, കയര്‍, ചിരവ എന്നാവും സ്റ്റേഷനറിക്കടകള്‍ക്കു നാമം. കലവറ, പൊന്ന് എന്നിങ്ങനെ സ്വര്‍ണാഭരണ ശാലകള്‍. എന്തിനും ഏതിനുമുണ്ട് മുക്കത്തും പരിസരഗ്രാമങ്ങളിലും വൈവിധ്യ കാഴ്ചകള്‍, കേള്‍വികള്‍.
നൊന്തുപെറ്റ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ വ്യാജസിദ്ധന്റെ ഇണ്ടാസ് കൂടിയേ തീരൂ എന്നു വിശ്വസിക്കുന്ന ബുദ്ധിശൂന്യന്മാരും ഇങ്ങനെയൊക്കെ പ്രശംസിക്കപ്പെടുന്ന ഗ്രാമങ്ങളിലുണ്ടെന്നത് ഇപ്പോള്‍ വെളിവായ സത്യമല്ല. തിരഞ്ഞെടുപ്പുകാലത്ത് നവോത്ഥാനപ്രസ്ഥാനങ്ങളുടെ ആശാന്മാര്‍ ഇപ്പോള്‍ അഴിയെണ്ണുന്ന സിദ്ധന്റെ വരാന്തയില്‍ നേരവും കാലവും നോക്കി കാത്തുനിന്ന് മന്ത്രിച്ചൂതിയ വെള്ളം കുടിക്കുകയും ബാക്കിവന്ന ഈര്‍പ്പം തലയില്‍ തലോടുകയും ചെയ്യുന്ന കാഴ്ച സാധാരണമായിരുന്നു. കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച വിഷയത്തില്‍ ഒരു സിദ്ധവൃത്തികേട് മാത്രമേ ഇപ്പോള്‍ അഴിയെണ്ണുന്നുള്ളൂ.
കോഴിക്കോട് ജില്ലാ കലക്ടറായ പ്രശാന്തിന്റെ ഒരൊറ്റ നിശ്ചയദാര്‍ഢ്യത്തിലാണ് മുക്കത്തെ ആശുപത്രി അധികൃതര്‍ മുലപ്പാല്‍ നിഷേധ സംഭവത്തില്‍ പരാതി നല്‍കിയതും രണ്ട് മണ്ടശിരോമണികള്‍ പോലിസ് പിടിയിലായതും. വികെഎന്‍ പണ്ട് ഇത്തരക്കാരെ പരാമര്‍ശിച്ചാണ് ശിരോമണി പരീക്ഷ എഴുതിയ കൂട്ടര്‍ എന്നു പരിഹസിച്ചത്.
നവോത്ഥാനപ്രസ്ഥാനങ്ങളുടെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഓരോ വിഭാഗത്തിനും പ്രസിദ്ധീകരണങ്ങള്‍ ഉള്ളതിനാല്‍ ഫോട്ടോ ഫീച്ചറടക്കം വന്‍ മേളകള്‍ തന്നെ വരുന്ന ആഴ്ചകളില്‍ ഉണ്ടാവാം. നല്ലത്. പക്ഷേ, കോഴിക്കോട് ജില്ലയില്‍ മാത്രമല്ല, കേരളത്തിലെമ്പാടും ജാതിമതഭേദമെന്യേ സിദ്ധന്മാരും വ്യാജ ചികില്‍സകരും മന്ത്രവാദികളും ഓരോ ചത്വരത്തിലുമുണ്ട്. ദൈവവിശ്വാസികള്‍ ആവശ്യത്തിലേറെ ഉണ്ടെങ്കിലും നാസ്തികന്മാര്‍ ഭരണനേതൃത്വത്തിലുള്ള സംസ്ഥാനത്ത് പിടിച്ചുപറി, കൊള്ള, ബാലികാപീഡനങ്ങള്‍ തൊഴിലാക്കിയ സിദ്ധവേഷക്കാരെ ജാമ്യം നല്‍കാതെ തുറുങ്കിലടയ്ക്കാന്‍ ആര്‍ക്കുണ്ട് ഇച്ഛാശക്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss