|    Sep 21 Fri, 2018 4:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കുഞ്ഞേ നീയറിയുമോ, എത്രനാള്‍ നിന്നെ തേടിയെന്ന്

Published : 5th January 2018 | Posted By: kasim kzm

കെ എ  സലിം

അതൊരു ജൂലൈ മാസത്തിലായിരുന്നുവെന്നു സലിം ശെയ്ഖ് പറയുന്നു. അവന്‍ മരിച്ചു പോയിരിക്കാമെന്നു ഞങ്ങള്‍ ഒരു വേള കരുതിയതാണ്. ഇനിയൊരു പ്രതീക്ഷയ്ക്കും വകയില്ലെന്നു കരുതിയ കാലം. മുസഫറാണെന്നു സംശയിക്കുന്ന ഒരു ബാലനെ സരാസ്പൂരില്‍ കണ്ടെത്തിയെന്നു സാമൂഹികപ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദ് വിളിച്ചു പറഞ്ഞു. ഗുജറാത്ത് കേസുകള്‍ പ്രത്യേക അന്വേഷണ സംഘം കോള്‍ഡ് സ്‌റ്റോറേജില്‍ നിന്നു പുറത്തെടുത്ത കാലമായിരുന്നു അത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കേസായിരുന്നു അതിലൊന്ന്. പ്രത്യേക അന്വേഷണ സംഘത്തോട് വിവേകിനെക്കുറിച്ചുള്ള തന്റെ സംശയം ടീസ്ത പറഞ്ഞു. വിവേകിന്റെയും സലിം ശെയ്ഖിന്റെയും ഡിഎന്‍എ പരിശോധനയില്‍ അതു മുസഫര്‍ തന്നെയെന്നു തെളിഞ്ഞു. ആദ്യ കാഴ്ചയില്‍ തന്നെ അതു മുസഫറാണെന്ന് ഉറപ്പായിരുന്നുവെന്നും സലിം ശെയ്ഖ് പറയുന്നു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസങ്ങളായിരുന്നു അത്. എന്നാല്‍ ഏറെ നീണ്ടില്ല. പോറ്റമ്മയെ വിട്ടുവരാന്‍ മുസഫറിനു താല്‍പര്യമില്ലായിരുന്നു. അവനെ വിട്ടുതരില്ലെന്നു മീന പട്‌നിയും അറിയിച്ചു. വിക്രം പട്‌നി അപ്പോഴേക്കും മരിച്ചുപോയിരുന്നു. മുസഫറിനെ കാണാതായപ്പോള്‍ അതുമായി ബന്ധപ്പെട്ട് അന്നുതന്നെ മേഖാനി നഗര്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നു സലിം ശെയ്ഖ് പറയുന്നു. മകനെ കണ്ടെത്തിയാല്‍ അവര്‍ അവനെ ഇവിടെ എത്തിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സൈബുന്നിസ മെട്രോപോളിറ്റന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ വിവേക് തന്റെ വളര്‍ത്തമ്മയെ വിട്ടുപോവാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. അതോടെ കോടതി കുട്ടിയുടെ അവകാശം മീനാ പട്‌നിക്കു തന്നെ നല്‍കി. ഇതിനെതിരേ സൈബുന്നിസ ഹൈക്കോടതിയെ സമീപിച്ചു. മുസഫറിനെ ആഴ്ചയിലൊരിക്കല്‍ സലിംശെയ്ഖിനും കുടുംബത്തിനുമൊപ്പം നില്‍ക്കാന്‍ അനുവദിക്കണമെന്ന വ്യവസ്ഥയോടെ കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ആദ്യമെല്ലാം കൃത്യമായ ഇടവേളകളില്‍ മുസഫര്‍ വീട്ടിലെത്തി. എന്നാല്‍, പിന്നീട് അതു വല്ലപ്പോഴുമായെന്നു സലിം ശെയ്ഖ് പറയുന്നു. പഠനത്തിന്റെയും പരീക്ഷയുടെയും മറ്റും തിരക്കാണെന്ന് പറഞ്ഞ് വരവു മാസത്തിലൊന്നായി. പിന്നീട് അതു പിന്നെയും നീണ്ടു. ഇപ്പോള്‍ ആറു മാസമെങ്കിലുമായി. അവനിപ്പോള്‍ പഴയയാളല്ല, ഇങ്ങോട്ടു വരാന്‍ അവന് ഒട്ടും താല്‍പര്യമില്ല. അനുജന്‍ ശെയ്ഖ് ഫജാന്‍ പറഞ്ഞു. തുടക്കത്തില്‍ ഇടയ്ക്കിടെ ഇവിടെ വരുമായിരുന്നു. യഥാര്‍ഥ മാതാപിതാക്കളുമായി സമരസപ്പെടാന്‍ മുസഫറിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നുവെന്നു സലിം ശെയ്ഖ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവന് 18 വയസ്സായി. അവനിപ്പോള്‍ കുഞ്ഞല്ല. തീരുമാനമെടുക്കാനുള്ള പ്രായമായി. തങ്ങള്‍ക്ക് അവനോടുള്ള സ്‌നേഹം തിരിച്ചറിയുന്ന അന്ന് അവന്‍ വീണ്ടും ഞങ്ങളെ കാണാനെത്തുമെന്നാണു കരുതുന്നത്- സലിം ശെയ്ഖ് പറയുന്നു. പട്‌നി ദമ്പതികള്‍ തന്റെ യഥാര്‍ഥ മാതാപിതാക്കളല്ലെന്ന് അറിഞ്ഞ ദിവസം കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു മുസഫര്‍. എല്ലാവരോടും അവന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. പട്‌നി കുടുംബത്തിലെ എല്ലാവര്‍ക്കും അവന്‍ അവരുടെ വളര്‍ത്തു മകന്‍ മാത്രമാണെന്ന് അറിയാമായിരുന്നു. ആരും അവനോട് അക്കാര്യം പറഞ്ഞില്ല. ആരും വിവേചനം കാട്ടിയതുമില്ല. തനിക്കു തന്റെ യഥാര്‍ഥ മാതാപിതാക്കളുടെ അടുക്കലേക്കു പോവണമെന്ന് ഒരിക്കല്‍ പോലും അവന്‍ പറഞ്ഞില്ല. എങ്കിലും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയുന്നതു തന്നെ സന്തോഷമാണെന്ന് സലിം ശെയ്ഖ് പറയുന്നു. ഒന്നു തിരിച്ചറിയാന്‍ പോലുമാവാതെ വെന്തൊടുങ്ങിപ്പോയ അഹ്മദാബാദിലെ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കിടയിലൊരുവനായി അവന്‍ മാറിയില്ല. പാതിവെന്ത വേദനയില്‍ അഭയാര്‍ഥി ക്യാംപിലുയര്‍ന്ന നിലവിളിയില്‍ അവന്റെ ശബ്ദവുമുണ്ടായിരുന്നില്ല. ഇനിയും കണ്ടെത്താത്ത കുഞ്ഞുങ്ങളുടെ പട്ടികയില്‍ അവന്റെ പേരുമുള്‍പ്പെട്ടില്ല. ഒരു നാള്‍ അവനറിയും ഞങ്ങള്‍ അവനെ ഓര്‍ത്ത് എത്രത്തോളം കണ്ണീരൊഴുക്കിയെന്ന്. എത്രനാള്‍ നെഞ്ചു പിളര്‍ക്കുന്ന വേദനയോടെ അവനെ തേടി നടന്നുവെന്ന്- സലിം ശെയ്ഖ് പറഞ്ഞു.

അഞ്ചാം ഭാഗം: പാതിവെന്ത വേദനയുടെ ഓര്‍മകളില്‍ ദിലാവറിന്റെ ജീവിതം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss