|    Dec 12 Tue, 2017 7:50 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കുഞ്ഞു ജീവനായി സുമനസ്സുകള്‍ കൈകോര്‍ത്തു തിരുവനന്തപുരത്തുനിന്ന് ആംബുലന്‍സ് കൊച്ചിയിലെത്തിയത് 2.55 മണിക്കൂറില്‍

Published : 1st December 2017 | Posted By: kasim kzm

കൊച്ചി: കുരുന്നു ജീവനു വേണ്ടി ഒരുപാടുപേര്‍ വീണ്ടും മനസ്സും കരങ്ങളും കോര്‍ത്തു. ഗുരുതര ഹൃദ്രോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത് 2.55 മണിക്കൂര്‍ കൊണ്ട്. കുഞ്ഞിനെ വഹിച്ച ആംബുലന്‍സിനു വേഗത്തിലും സുരക്ഷിതമായും യാത്രയൊരുക്കാന്‍ പോലിസിനൊപ്പം 60ഓളം ആംബുലന്‍സുകളും തിരുവനന്തപുരം-എറണാകുളം പാതയില്‍ വിവിധ ഘട്ടങ്ങളില്‍ അകമ്പടിയായി. തമിഴ്‌നാട് ശിവഗംഗ സ്വദേശികളായ തങ്കരാജിന്റെയും ശിവകാമിയുടെയും ആ ണ്‍കുഞ്ഞിനെ തിരുവനന്തപുരം അവിട്ടം തിരുനാള്‍ ആശുപത്രിയില്‍ നിന്നാണ് ലിസി ആശുപത്രിയിലെത്തിച്ചത്. ഹൃദയത്തിലെ പ്രധാന അറകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും വാല്‍വിനു ചോര്‍ച്ചയുമായിരുന്നു കുഞ്ഞിന്. ജന്മനാ അസുഖബാധിതനായ കുഞ്ഞിന് ഹൃദയപരാജയം സംഭവിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ശേഷമാണ് ശസ്ത്രക്രിയക്കായി വെന്റിലേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്കു കൊണ്ടുവന്നത്. കൊല്ലം സ്വദേശി വിജയകുമാറായിരുന്നു ഡ്രൈവര്‍. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കുഞ്ഞുമായി യാത്രതിരിച്ച ആംബുലന്‍സ് 3.25നു ലിസിയിലെത്തി. മുന്‍കരുതല്‍ എന്ന നിലയില്‍ തീവ്രപരിചരണ സംവിധാനങ്ങളുള്ള മറ്റൊരു ആംബുലന്‍സ് മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം കുഞ്ഞിനെ വെന്റിലേറ്ററിലേക്കു മാറ്റി. ഇന്നു രാവിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തും. കഴിഞ്ഞയാഴ്ച താനൂര്‍ സ്വദേശിയുടെ 30 ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയക്കായി കോഴിക്കോട്ട് നിന്നു മൂന്നുമണിക്കൂര്‍ കൊണ്ട് ലിസി ആശുപത്രിയിലെത്തിച്ചിരുന്നു. ശസ്ത്രക്രിയക്കു ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ഈ കുഞ്ഞിനെ നാളെ മുറിയിലേക്കു മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക