|    May 25 Thu, 2017 10:33 am
FLASH NEWS

കുഞ്ഞിന്റെ പിതൃത്വം: പീഡനത്തിനിരയായ യുവതി പരാതിയുമായി കലക്ടര്‍ക്ക് മുന്നില്‍

Published : 6th October 2016 | Posted By: Abbasali tf

പൊന്നാനി: പിതൃത്വം തെളിയിക്കാന്‍ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ ബധിരയും മൂകയുമായ ദലിത് യുവതി നിറകണ്ണുകളോടെ കൈക്കുഞ്ഞുമായി കലക്ടറുടെ മുന്നില്‍. പൊന്നാനിയില്‍ പ്രശ്‌ന പരിഹാര അദാലത്തിലാണ് കൈക്കുഞ്ഞുമായി യുവതി ജില്ലാ കലക്ടര്‍ എ ഷൈന മോള്‍ക്ക് മുന്നിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് കടവനാട് സ്വദേശിയായ കരിയന്തിരുത്തി കോമളയുടെ മകള്‍ ലൈംഗിക പീഡനത്തിനിരയായത്. ഇതിനെതുടര്‍ന്ന് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അമ്മയ്‌ക്കൊപ്പം തനിച്ച് താമസിക്കുന്ന യുവതിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവാതെ വന്നതോടെയാണ് ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ പിഞ്ചുകുഞ്ഞിനൊപ്പം അമ്മയും മകളുമെത്തിയത്. സംഭവത്തില്‍ പോലിസിലും മന്യഷ്യാവകാശ കമ്മീഷനിലും ഇവര്‍ നേരത്തേ പരാതിപ്പെട്ടിരുന്നുവെങ്കിലും യഥാര്‍ഥ പ്രതിയെ ഇനിയും പിടികൂടിയിരുന്നില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ യഥാര്‍ഥ പ്രതി ആരാണെന്ന് തെളിയിക്കാനായിട്ടില്ല. ഇതോടെ സംശയമുള്ള രണ്ടു പേര്‍ക്കെതിരെയാണ് പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയിക്കുന്നവരുടെ രക്ത സാംപിളുകള്‍ 2015 സപ്തംബറില്‍ ഡിഎന്‍എ  ടെസ്റ്റിന് അയച്ചിരുന്നു. അഞ്ച് മാസം മുമ്പ് കുട്ടിയുടെ രക്ത സാംപിളും ഡിഎന്‍എ ടെസ്റ്റിന് അയച്ചു. ഇതിന്റെ പരിശോധനാ ഫലങ്ങള്‍ ഇനിയും ലഭ്യമാവാത്തതിനാലാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെ പിടികൂടാന്‍ കഴിയാത്തത്. മകള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ യുവതിയുടെ അമ്മ കലക്ടര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. പരാതിയുടെ അടിസ്ഥാത്തില്‍ പൊന്നാനി സിഐയെ നേരില്‍ വിളിച്ച് കലക്ടര്‍ വിശദീകരണം തേടി. ഒരു മാസത്തിനകം ഡിഎന്‍എ ടെസ്റ്റിന്റെ ഫലത്തെക്കുറിച്ച് കലകര്‍ക്ക് റിപോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടു. കൂടാതെ ഈ നിര്‍ധന കുടുംബത്തിന് ധനസഹായം നല്‍കാനും സ്വയം തൊഴില്‍ തുടങ്ങാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനും ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫിസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day