|    Jan 21 Sat, 2017 9:51 am
FLASH NEWS

കുഞ്ഞാമിന കൊല്ലപ്പെട്ടിട്ട് ഒരുമാസം; അന്വേഷണസംഘം ഇരുട്ടില്‍തപ്പുന്നു

Published : 1st June 2016 | Posted By: SMR

ഇരിക്കൂര്‍: സിദ്ദിഖ് നഗറിലെ റുബീന മന്‍സിലില്‍ മെരടന്‍ കുഞ്ഞാമിന മൃഗീയമായി കൊലചെയ്യപ്പെട്ട് ഒരു മാസം തികയുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നു. അന്വേഷണ ചുമതല ഇരിട്ടി ഡിവൈഎസ്പി പി സുരേന്ദ്രന്‍, മട്ടന്നൂര്‍ സിഐ ഷാജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ വി മഹേഷ് നേതൃത്വത്തിലുള്ള സംഘത്തിനാണ്. ജില്ലാ പോലിസ് മേധാവിയുടെ സംഘത്തിലെ ഏതാനും പേരും സംഘത്തിലുണ്ട്.
സിദ്ദിഖ് നഗറിലെ സ്വന്തം വീടിനോടു ചേര്‍ന്നതും ഇതര സംസ്ഥാന കുടുംബം താമസിക്കുന്നതുമായ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കുഞ്ഞാമിനയെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വായില്‍ തുണി നിറച്ച് പ്ലാസ്റ്റര്‍ കൊണ്ട് വായ ഒട്ടിച്ച ശേഷം കസേരയില്‍ ഇരു കൈകളും കാലുകളും ബന്ധിക്കുകയും ചെയ്തു. 19 മുറിവുകളാണ് കുഞ്ഞാമിനയുടെ ശരീരത്തിലുണ്ടായിരുന്നത്. അനങ്ങാനോ ബഹളം വയ്ക്കാനോ കഴിയാത്ത വിധം മൃഗീയമായാണ് 65കാരിയായ കുഞ്ഞാമിനെയെ കൊലപ്പെടുത്തിയത്.
എല്ലാവരെയും മനസ്സറിഞ്ഞ് സഹായിക്കുകയും മനസ്സുതുറന്ന് സംസാരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നു കുഞ്ഞാമിന. സ്വന്തം ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനായി എത്തിയ കുടുംബത്തിന്റെ നാടോ വീടോ വിലാസമോ രേഖകളോ ഒന്നും തന്നെ ആവശ്യപ്പെടാതെ വാടക മാത്രം നിശ്ചയിച്ചാണ് മുറി വാടകയ്ക്ക് നല്‍കിയിരുന്നത്. പുതിയ താമസക്കാരോട് കുഞ്ഞാമിന എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നെങ്കിലും താമസക്കാരുടെ ഒരു രഹസ്യവും ഇവര്‍ കൈ മാറിയില്ലായിരുന്നു. പ്രതികളെ തേടി പോലിസ് വിവിധ സംസ്ഥാനങ്ങളില്‍ പോയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പ്രതികളെന്നു സംശയിക്കുന്നവര്‍ അന്നേദിവസം മുറി ഒഴിവാക്കി രാവിലെ മട്ടന്നൂര്‍ വഴിയാണു പോയത്. ഇവരുടെ ചിത്രം സിസിടിവി കാമറയില്‍ നിന്നും ഇരിക്കൂറിലെ മെട്രോ സൂപര്‍മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചിരുന്നു. ഇവയ്ക്കു പുറമെ, ചില ഹൈന്ദവ ദേവാലയങ്ങളില്‍ നിന്നുള്ള ഏറെ വ്യക്തമായ ഫോട്ടോകളും പോലിസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അമ്മയും മകളും മകനുമായാണ് ഇവര്‍ ഇരിക്കൂറില്‍ താമസിച്ചിരുന്നത്. ഇവിടെ പേരും ജീവിതരീതിയും മുസ്‌ലിംകളുടേതായിരുന്നു. സ്ത്രീകള്‍ ഹിജാബും മകന്‍ പാന്റ്‌സും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.
മകന്‍ ഇരിക്കൂറിലെ ഒട്ടുമിക്ക പള്ളികളിലും പ്രാര്‍ഥനകളില്‍ പങ്കെടുത്തിരുന്നെങ്കിലും മറ്റി—ടങ്ങളില്‍ ഹൈന്ദവ വേഷത്തിലായിരുന്നു. ഇത്തരത്തിലുള്ള പടങ്ങളും ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിലും മധുര, ചെന്നെ, മംഗലാപുരം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളിളിലും പോയെങ്കിലും യാതൊരു തെളിവുകളും ലഭിച്ചില്ല.
ഇതിനിടെ, രണ്ടാഴ്ചയോളം നിയമസഭ തിരഞ്ഞെടുപ്പിന്റെ തിരക്കായതിനാല്‍ അന്വേഷണം പൂര്‍ണമായും നിലച്ചു. കൊലപാതകം നടന്ന് ഒരു മാസമായിട്ടും പ്രതികളെ കുറിച്ചു യാതൊരു വിവരവും ലഭ്യമാവാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക