|    Apr 22 Sun, 2018 8:44 am
FLASH NEWS

കുഞ്ഞയ്യപ്പന്മാര്‍

Published : 14th February 2016 | Posted By: swapna en

ഹൃദയതേജസ്      ടി കെ ആറ്റക്കോയ
യഥാര്‍ഥ കഥാനായകന്‍ സാധാരണക്കാരനാണെന്ന് മാവോ ഒരിക്കല്‍ പറയുകയുണ്ടായി. ബ്രഹ്ത് സാധാരണ മനുഷ്യരെക്കുറിച്ച് അഭിപ്രായപ്പെട്ടതിങ്ങനെ:’വെള്ളപ്പൊക്കം വരുമ്പോള്‍ ആദ്യം കടപുഴകി വീഴുക പ്രതാപശാലികളായ വന്‍മരങ്ങളാണ്. പെട്ടെന്ന് നിലംപൊത്തിക്കിടന്ന് കളയുന്ന പുല്‍ച്ചെടികള്‍ പക്ഷേ വെള്ളമിറങ്ങുമ്പോള്‍ മെല്ലെ മെല്ലെ തലപൊക്കി വീണ്ടും കലാപത്തിന്റെ കൊടിയുയര്‍ത്തുന്നു. ഈ പുല്‍ക്കൊടികള്‍ സാധാരണ ജനങ്ങളുടെ പ്രതീകമാണ്.
ചരിത്രഗതിയെ മാറ്റുന്ന ചാലകശക്തിയായി ബ്രഹ്ത് സാധാരണക്കാരെയാണ് പരിഗണിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളിലും വികസനപ്രവര്‍ത്തനങ്ങളിലും വിപ്ലവപ്രവര്‍ത്തനങ്ങളിലും സാധാരണക്കാരുടെ പങ്കിനെക്കുറിച്ച് ഇറാനിയന്‍ പണ്ഡിതനായ അലി ശരീഅത്തിയും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജനക്കൂട്ടമെന്നോ ജനശക്തിയെന്നോ സമൂഹമെന്നോ പറയപ്പെടുന്നതിന്റെയെല്ലാം ശക്തിനിര്‍ണയിക്കുന്നത് അവയില്‍ അണിചേര്‍ന്നിട്ടുള്ള സാധാരണക്കാര്‍ തന്നെ. അവരിലൂടെയാണ് ലോകത്തിന്റെ മഹാകാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. ഭൂമിയുടെ ഉപ്പാവുന്നത് അവരാണ്.
സര്‍വ അധികാരങ്ങളും അവകാശങ്ങളും തങ്ങളുടേതാക്കുന്ന ഒരു ഉപരിവര്‍ഗം, ഉപരിവര്‍ഗത്തിന്റെ ദുഷ്‌ചെയ്തികളെ പിന്തുണയ്ക്കുന്ന പ്രമാണിവര്‍ഗം, നിഷ്‌കളങ്കരും നിസ്വാര്‍ഥമതികളും ത്യാഗസന്നദ്ധരുമായ സാധാരണ ജനം എന്നിങ്ങനെ സമൂഹത്തെ സാമൂഹികശാസ്ത്രജ്ഞര്‍ മൂന്നായി വിഭജിക്കുന്നു. സാധാരണ ജനം അടിസ്ഥാനവര്‍ഗമെന്നും വിളിക്കപ്പെടാറുണ്ട്. ഇവരാണ് സംഘങ്ങളെ ചുമലിലും നെഞ്ചിലും വഹിക്കുന്നവര്‍. സംഘടനകളെ കൊണ്ടുനടക്കുന്നവര്‍ അവരാണ്. ലക്ഷ്യങ്ങളില്‍ നിന്ന് പിഴച്ചുപോവുമ്പോഴും നേതൃതലങ്ങളില്‍ കടുത്ത പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴും നേതാക്കള്‍ അധികാരദുര്‍വിനിയോഗവും അഴിമതിയും നടത്തുമ്പോഴും സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും മഹാസമ്മേളനങ്ങളും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പ്രചാരണപരിപാടികളും യാത്രകളും സംഘടിപ്പിക്കാന്‍ കഴിയുന്നത് സാധാരണക്കാരായ താഴേക്കിടയിലുള്ള അവരുടെ അണികള്‍ കാരണമായാണ്.
എന്നാല്‍, ഈ അണികളോട് സംഘടനകള്‍ ചെയ്യുന്ന അപരാധം പൊറുക്കാന്‍ കഴിയാത്തതാണ്. അവരെ ബോധവല്‍ക്കരിക്കാനോ, അവരുടെ സാംസ്‌കാരികപുരോഗതി ഉറപ്പുവരുത്താനോ യാതൊരു ശ്രമവും ഉണ്ടാവുന്നില്ല. ഏത് അവഹേളനവും സഹിക്കാന്‍ കഴിയുന്ന, യാതൊരു അഭിമാനബോധവുമില്ലാത്ത ഒരു കൂട്ടര്‍ മാത്രമാണ് അധികസംഘടനകള്‍ക്കും ഇക്കൂട്ടര്‍. സിന്ദാബാദ് വിളിക്കാനും പോസ്റ്റര്‍ പതിക്കാനും തോരണമൊരുക്കാനുമായി ഒരു കൂട്ടര്‍. സംഘടനകളുടെ തീരുമാനങ്ങളില്‍ ഒരു പങ്കുമില്ലാത്തവര്‍.
ഈ വിഭാഗത്തിന്റെ പ്രതിനിധിയെ എം സുകുമാരന്‍ 1979ല്‍ എഴുതിയ ‘ശേഷക്രിയ’ എന്ന നോവലില്‍ എടുത്തുകാണിക്കുന്നുണ്ട്. ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനയുടെ പിരിച്ചുവിടല്‍നോട്ടീസ് കിട്ടിയപ്പോഴുള്ള കുഞ്ഞയ്യപ്പന്‍ എന്ന പാര്‍ട്ടിയംഗത്തിന്റെ പ്രതികരണം ഇതായിരുന്നു. ‘കുഞ്ഞയ്യപ്പന്‍ യാതൊരുവിധ വികാരവിക്ഷോഭങ്ങള്‍ക്കും അടിമപ്പെടാതെ നോട്ടീസ് മുഴുവന്‍ വായിച്ചുതീര്‍ത്തു. മുന്‍കാല അനുഭവങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമായി ഈ അനീതിയെ തികഞ്ഞ അച്ചടക്കത്തോടും പാര്‍ട്ടി ഭരണഘടനയനുസരിച്ചും നേരിട്ടാല്‍ തനിക്ക് നീതി ലഭിക്കുമെന്ന കാര്യത്തില്‍ അയാള്‍ക്ക് ലവലേശം സംശയമുണ്ടായിരുന്നില്ല. കുഞ്ഞയ്യപ്പന്‍ സ്വയം ഓര്‍മിച്ചു. ഒരു വിപ്ലവപ്പാര്‍ട്ടിയുടെ ആത്മാവാണ് അച്ചടക്കം. ഒരു പാര്‍ട്ടിയംഗം എന്ന നിലയില്‍ അച്ചടക്കം പാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ഒരു വ്യക്തിയും അനിവാര്യനല്ല പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം. ഇത്തരം തത്ത്വങ്ങളുടെ അര്‍ഥഗര്‍ഭലഹരിയില്‍ മുഖം മേലോട്ടുയര്‍ത്തി കണ്ണുകളടച്ച് കുഞ്ഞയ്യപ്പന്‍ അല്‍പനേരം മയങ്ങി’.
പാര്‍ട്ടിയൊരിക്കലും കുഞ്ഞയ്യപ്പനോട് നീതി കാണിച്ചില്ല. ‘സമത്വമെന്ന മിഥ്യയില്‍ ഒരുനാള്‍ നിങ്ങള്‍ സ്വയം ഹോമിക്കപ്പെടും എന്ന ഭാര്യ കുഞ്ഞോമനയുടെ വാക്കുകളെ ശരിവച്ചുകൊണ്ട് കുഞ്ഞയ്യപ്പന്‍ ആത്മഹത്യ ചെയ്തു. സാധാരണ അണികളോട് അനീതി ചെയ്യുന്ന സംഘടനകളുടെ തെറ്റായ നടപടികളെക്കുറിച്ച് നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നു. ഏതനീതിയും പ്രവര്‍ത്തിക്കാന്‍ ചങ്കൂറ്റമുള്ളവര്‍ നേതൃസ്ഥാനങ്ങളില്‍ വാണരുളുകയും ചെയ്യുന്നു. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss